പെൻഷൻപ്രായം വർദ്ധിപ്പിക്കൽ :  യുവജനങ്ങളോടുള്ള അനീതി

Share:
-പ്രശാന്ത് ചിറക്കര  

  കർമ്മശേഷിയും ആധുനിക വിദ്യാഭ്യാസവും പുതിയ ചിന്താശൈലിയുമുള്ള യുവാക്കളുടെ കഴിവുകൾ രാഷ്ട്രത്തിനുവേണ്ടി പരമാവധി ഉപയോഗിക്കാൻ സർക്കാർ സന്നദ്ധമാകണമെന്നുള്ളത് സാമാന്യനീതി മാത്രമാണ്. ഉത്തരവാദിത്തമുള്ള ഒരു സർക്കാരിന് ചെയ്യാൻ കഴിയുന്നത്, വൃദ്ധന്മാരെ വിശ്രമിക്കാനനുവദിക്കുക എന്നതാണ്.

  മൺമറഞ്ഞ സാഹിത്യകാരൻ മലയാറ്റൂർ രാമകൃഷ്ണൻ സർക്കാർ ജീവനക്കാരുടെ പെൻഷൻപ്രായം വർദ്ധിപ്പിക്കുന്നതിനെ എതിർത്തുകൊണ്ട് ഒരിക്കൽ ‘കരിയർ മാഗസി’നിൽ  എഴുതുകയുണ്ടായി. അമ്പതു വയസ്സ് കഴിഞ്ഞ സർക്കാർ ജീവനക്കാരെ ഒരു ‘റാൻഡം മെഡിക്കൽ പരിശോധനയ്ക്ക്’ വിധേയമാക്കിയാൽ അവരിൽ ഭുരിഭാഗവും ശാരീരികമായും മാനസികമായും കർമ്മ ശേഷി നശിച്ചവരായി കാണാൻ കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി.  മലയാറ്റൂർ എഴുത്തുകാരൻ മാത്രമായിരുന്നില്ല.  സ്വമേധയാ സർവീസിൽ നിന്നും രാജിവെച്ചുപോന്ന ഉന്നത ഐ.എ.എസ്. ഉദ്യോഗസ്ഥനും കൂടിയായിരുന്നു.

സംസ്ഥാന സർക്കാർ ജീവനക്കാരുടെ സർവീസ് സംഘടനകൾ ഉന്നയിച്ചുപോരുന്ന ഒരാവശ്യമാണ് ജീവനക്കാരുടെ പെൻഷൻ പ്രായം വർധിപ്പിക്കുക എന്നത്.   ഇത് സാധിച്ചെടുക്കുന്നതിന് ഏറ്റവും അനുകൂലമായ സമയമാണിതെന്നു മനസ്സിലാക്കി അവർ പഴയ ആവശ്യം വീണ്ടും ശക്തിയായി ഉന്നയിക്കുകയും കാപട്യത്തിൻറെ  മറയിട്ട വാദമുഖങ്ങൾ ഉയർത്തുകയും ചെയ്യുന്നുണ്ട്.  ഈ വാദമുഖങ്ങൾ വെളിപ്പെടുത്തുന്നത് ഈ സംഘടനകളുടെ സാമൂഹ്യപ്രതിബദ്ധതയില്ലായ്മയും ഇരുണ്ട സ്വാര്ഥതയുമാണ്.

സാമ്പത്തിക പ്രതിസന്ധി

സംസ്ഥാനത്തെ സാമ്പത്തികസ്ഥിതി അതീവ ഗുരുതരമാണെന്ന് ധനമന്ത്രി പറയുന്നു.  ഈ പ്രതിസന്ധിയിൽ നിന്നും കരകയറാനുള്ള വഴിയാണത്രെ പെൻഷൻപ്രായം വർധിപ്പിക്കുക എന്നത്.  പെൻഷൻപ്രായം 60 ആക്കുക എന്നതാണ് സർവീസ് സംഘടനകളുടെ ആവശ്യം.  കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഈ വിഷയം ഉന്നയിക്കാതിരുന്ന സർവീസ് സംഘടനകളും ഭരണമാറ്റത്തിനു ശേഷം ഈ ആവശ്യം സാധിച്ചുകിട്ടാനുള്ള പരിപാടികളുമായി രംഗത്തുവന്നു കഴിഞ്ഞു.  ചുരുക്കത്തിൽ ജീവനക്കാരുടെ സംഘടനകൾക്കെല്ലാം തന്നെ ഈ വിഷയത്തിൽ ഏകസ്വരമത്രെ.

     പെൻഷൻപ്രായം ഒരു വർഷത്തേക്ക് വർദ്ധിപ്പിക്കുന്നതിലൂടെ സർക്കാരിന് 400 കോടി രൂപയുടെ പെൻഷൻ ബാദ്ധ്യതകൾ ഒരു വർഷത്തേക്ക് മാറ്റി വയ്ക്കാം എന്നതാണ് ഇതിൽ നിന്നുണ്ടാകുന്ന ‘ലാഭം’.  ഇപ്പോൾ നൂറിൽപ്പരം പി.എസ്.സി. ലിസ്റ്റുകളുടെ കാലാവധി കഴിയാറായിക്കിടക്കുകയാണ്.  അവയിൽ പേരുള്ള കേരളത്തിലെ പതിനായിരക്കണക്കിന് തൊഴിൽരഹിതർക്ക് ഇതിലൂടെ നാശമാകുന്നത് അവരുടെ ജീവിതം തന്നെയാണ്.
     കേരളത്തിലെ തൊഴിൽരഹിതർ ഒരു അസംഘടിത വർഗ്ഗമാണ്.  പല നിറമുള്ള കൊടികളുടെ കീഴിലാണ് അവർ.  കാരുണ്യം കണികാണാനില്ലാത്ത സ്വർത്ഥമോഹികളുടെ ശബ്ദം എന്നത്തേക്കാളുമധികം പൊതുപ്രവർത്തന രംഗത്തും മാധ്യമങ്ങളിലും ഉയർന്നു കേൾക്കുന്നുണ്ട്.  സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുവാൻ കെൽപ്പുള്ള ഈ സ്വാർത്ഥ ശബ്ദങ്ങൾക്കെതിരെ പ്രതികരിക്കേണ്ട, എന്നും മാറ്റത്തിന്റെ ചാലകശക്തിയായിരുന്ന, കേരളീയ യുവജനതയ്ക്ക് എന്തുപറ്റി? ചിന്തയും പ്രതികരണശേഷിയും അവർ  രാഷ്ട്രീയക്കൂറിൻറെ  ബലിപീഠത്തിൽ പൂർണമായും അർപ്പിച്ചു കഴിഞ്ഞോ?
നിയമന നിരോധനം

     ഇപ്പോൾ സംസ്ഥാനത്ത് നിയമനനിരോധനം ഏർപ്പെടുത്തിയിട്ടുണ്ടോ എന്നതുതന്നെ ആശയക്കുഴപ്പവും സംശയവും ഉദ്യോഗാർത്ഥികളിൽ ഉണർത്തിയിട്ടുണ്ട്.  പുതിയ തസ്തികകൾ നികത്താൻ ഡിപ്പാർട്ട്മെന്റ് മേധാവികൾ ഒഴിവുകൾ പി.എസ്.സി. ക്ക് റിപ്പോർട്ട് ചെയ്യുന്നില്ല എന്ന് പി.എസ്.സി. റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർത്ഥികളുടെ സംഘടനകൾ ആരോപിക്കുന്നു.   ഇതിനു പുറമേയാണ് പെൻഷൻപ്രായം വർധിപ്പിക്കണമെന്ന ആവശ്യം ഉയരുന്നത്. തൊഴിൽ രഹിതരായ ചെറുപ്പക്കാർ വർധിച്ചുവരുന്ന സാഹചര്യം ഇവിടെയുണ്ട്.അതിനേക്കാളുപരി കാലഘട്ടത്തിൻറെ ആവശ്യങ്ങളോട് പൊരുത്തപ്പെടാനാകാത്ത മനസുമായി സർക്കാർ കസേരയിൽ ചടഞ്ഞുകൂടാൻ ബദ്ധപ്പെടുന്ന വൃദ്ധമനസുകളെ പിടിച്ചിരുത്താനുള്ള രാഷ്ട്രീയ തീരുമാനങ്ങൾ .ഇതിനെതിരെ യുവജനങ്ങൾ ശബ്ദമുയർത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു . ഈ ആധുനിക യുഗത്തിൽ സർക്കാർ ചിന്തിക്കേണ്ടത് പെൻഷൻപ്രായം വര്ധിപ്പിക്കുന്നതിനല്ല.  പത്തുവർഷം കുറയ്ക്കുന്നതിനാണ് .

പെൻഷൻ ഉയർത്തിയാൽ അടുത്ത മൂന്ന് വര്ഷം പി.എസ്.സി. വഴി ഒരു നിയമനവും നടക്കാനിടയില്ല.  മാത്രമല്ല, ഇപ്പോൾ ‘ഡൈ-ഇൻ-ഹാർനസ്സിൽ നികത്തപ്പെടുന്ന ഒഴിവുകളുടെ എണ്ണം ഭീമമായി വർദ്ധിക്കുകയും ചെയ്യും.  അത് സർവീസിന്റെ ഗുണനിലവാരത്തെ ഏതുവിധത്തിൽ ബാധിക്കുമെന്നും ആലോചിക്കേണ്ടിയിരിക്കുന്നു.

പ്ലാനിംഗ് ബോർഡിൻറെ ശുപാർശ

ഇപ്പോൾ സംസ്ഥാന സർവീസിൽ ജീവനക്കാർ അധികമാണെന്നാണ് സംസ്ഥാന പ്ലാനിംഗ് ബോർഡിന്റെ ഭാഷ്യം.  അതിനായി ജീവനക്കാരുടെ പുനർവിന്യാസവും അവർ ശുപാർശ ചെയ്തു് കഴിഞ്ഞു.  അതേസമയം തന്നെ പെൻഷൻ പ്രായം വർദ്ധിപ്പിക്കേണ്ടതിൻറെ ആവശ്യകതയെക്കുറിച്ചും അവർ പഠിച്ചുകൊണ്ടിരിക്കുകയാണത്രെ.  എന്തൊരു വൈരുദ്ധ്യം !  സർവീസിൽ ജീവനക്കാർ അധികമാണെങ്കിൽ പെൻഷൻ പ്രായം വർദ്ധിപ്പിച്ച് അവരുടെ സ്വാഭാവികമായ പിരിഞ്ഞുപോക്ക് തടയുന്നതെന്തിനാണ്?

നമ്മുടെ ‘പ്ലാനിംഗ് വിദഗ്ധർ’ ഇത് എങ്ങനെയാണാവോ വിശദീകരിക്കുക? ഈ ദുരുഹവും വഞ്ചനാപരവുമായ നയത്തിനു പിന്നിലെ ‘പ്ലാനിംഗ്’ ആർക്കുവേണ്ടിയാണ്?

ചില സർവ്വീസ് സംഘടനകൾ ചില നേതാക്കന്മാർക്കും പാർട്ടിക്കും ഗ്രൂപിനുമൊക്കെ പെൻഷൻ പ്രായം വർധിപ്പിച്ചുകിട്ടാൻ വൻതുക വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ചിലർ പറഞ്ഞു പരത്തുന്നുണ്ട്.  ഇതൊക്കെ കാണുമ്പോൾ പാവം തൊഴിൽ രഹിതൻ അത് വിശ്വസിച്ചു പോയാൽ അവരെ എങ്ങനെ കുറ്റപ്പെടുത്താനാവും?

40 ലക്ഷം തൊഴിൽ രഹിതർ
     കേരളത്തിൽ ഇന്ന് എംപ്ലോയ്‌മെൻറെ ഏക്സേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള 40 ലക്ഷത്തിൽപ്പരം തൊഴിൽരഹിതർ ഉള്ളതായാണ് കണക്ക്.  തൊഴിലില്ലായ്മ പരിഹരിക്കുന്നതിനു വാഗ്ദാനം പതിവുപോലെ പൊള്ളയാണെന്ന് ഗവൺമെന്റിൻറെ കഴിഞ്ഞ നയപ്രഖ്യാപനപ്രസംഗം ഏതാണ്ട് വെളിവാക്കിക്കഴിഞ്ഞു.  ചരിത്രത്തിൻറെ തനിയാവർത്തനം.  കേരളത്തിൻറെ വോട്ടുബാങ്കിൻറെ നല്ലൊരു ശതമാനമാണ് ഇന്നാട്ടിലെ തൊഴിൽ രഹിതർ.  അതിനാൽ ഏതു മുന്നണിയുടെ പ്രകടനപത്രികയിലും ഉണ്ടാവും അവനെ മോഹിപ്പിക്കുന്ന  പൊള്ളവാക്കുകൾ.
     നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൻറെ വൈകല്യത്താലാണ് അഭ്യസ്തവിദ്യരായ തൊഴിൽ രഹിതരുടെ എണ്ണം ക്രമാതീതമായി പെരുകിക്കൊണ്ടിരിക്കുന്നത്.  ഗുമസ്തജോലിയല്ലാത്ത മറ്റൊരു ജോലിക്കും യോഗ്യരല്ലാത്തവരാണ് കേരളത്തിലെ ലക്ഷക്കണക്കിന് ബിരുദധാരികൾ.  അവരിൽ കുറച്ചുപേർക്കെങ്കിലും അഭയമാകുന്നത് സംസ്ഥാനസർക്കാർ സർവ്വീസ് മാത്രമാണ്.  പി.എസ്.സി. യുടെ ലാസ്റ്റ്ഗ്രേഡ് സെർവെൻറ്   , എൽ.ഡി. ക്ലാർക്ക് തുടങ്ങിയ റാങ്ക് ലിസ്റ്റുകളിൽ ഉള്ളവർ ഭൂരിഭാഗവും ബിരുദവും ബിരുദാനന്തര ബിരുദവും ഉള്ളവരത്രെ.

     കേന്ദ്രസർക്കാർ പെൻഷൻപ്രായം അറുപതാക്കി വർദ്ധിപ്പിക്കുകയും ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്.  ബാങ്കിംഗ് സർവ്വീസ് റിക്രൂട്ട്മെന്റ് ബോർഡ് നിർത്തലാക്കി, അവിടെ പിൻവാതിൽ നിയമനത്തിന് കളമൊരുക്കിക്കഴിഞ്ഞു.  പെൻഷൻപ്രായം വർദ്ധിപ്പിക്കണമെന്നാവശ്യപ്പെടുന്നവർ കേരളത്തിലെ അഭ്യസ്തവിദ്യരായ തൊഴിൽരഹിതരുടെ ഏക പ്രതീക്ഷയും കെടുത്തി അവരെ ഇരുട്ടിൽ തള്ളാനാണ് ശ്രമിക്കുന്നത്.

തെറ്റിദ്ധരിപ്പിക്കുന്ന വാദങ്ങൾ
‘പെൻഷൻപ്രായം ഉയർത്തുന്നത് തൊഴിലില്ലായ്മ വർദ്ധിപ്പിക്കില്ല’ എന്നത്രെ നമ്മുടെ ധനകാര്യമന്ത്രിയുടെ കണ്ടെത്തൽ.  യാതൊരടിസ്ഥാനവുമില്ലാത്ത ഈ സിദ്ധാന്തത്തിന് അദ്ദേഹം ന്യായങ്ങളൊന്നും ഉന്നയിക്കുന്നുമില്ല.  “പെൻഷൻ പ്രായം ഉയർത്തുന്നതിലൂടെ പ്രതിവർഷം ലാഭിക്കാൻ കഴിയുന്ന 400 കോടി രുപ മൂന്നുവർഷത്തേക്ക് ഉത്പാദനക്ഷമമായ പദ്ധതികളിലേക്ക് തിരിച്ചുവിട്ടാൽ ഒരു ലക്ഷം  തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയും” എന്നാണ് മറ്റൊരു നേതാവ് അഭിപ്രായപ്പെടുന്നത്.  പ്രതിവർഷം ഒരു ലക്ഷം തൊഴിലവസരങ്ങൾ ഈ സംസ്ഥാനത്ത് സൃഷ്ടിക്കാൻ കഴിയുമെങ്കിൽ, പണം മാത്രമാണ് അതിനു തടസ്സമെങ്കിൽ, അന്തർദേശീയ ഏജൻസികളിൽ നിന്നും മറ്റും വായ്പയെടുക്കുന്ന കൂട്ടത്തിൽ അതിനാവശ്യമായ തുക കൂടി ശ്രമിച്ചാൽ കണ്ടെ ത്താവുന്നതേയുള്ളൂ.  ഇച്ഛശക്തിയുടെങ്കിൽ അതിനു കഴിയും.  എന്നാൽ അതിനു ശ്രമിക്കാതെ സംസ്ഥാനത്ത് പ്രതിവർഷം സ്വാഭാവികമായുണ്ടാകുന്ന തൊഴിലവസരങ്ങൾ ഇല്ലാതാക്കിക്കൊണ്ട്, പി.എസ്.സി. വഴി ഒരു തൊഴിൽ എന്ന പ്രതീക്ഷ ജീവിപ്പിച്ചുനിർത്തുന്ന, ഉന്നത വിദ്യാഭ്യാസം നേടി എന്ന തെറ്റുമാത്രം ചെയ്തുപോയ അനേകായിരങ്ങളുടെ ഭാവിയെ കുരുതികൊടുത്തു കൊണ്ട് തന്നെ വേണം അത് എന്ന വാദം ഉണർത്തുന്ന സംശയങ്ങൾ അനവധിയാണ്.  ധനകാര്യമന്ത്രിയുടെ അടിസ്ഥാനമില്ലാത്ത വാദം നമുക്ക് സഹിക്കാം.  ഇതങ്ങനെയല്ല.  പച്ചയായി പറഞ്ഞാൽ ഇതിന് ഒറ്റ വിശേഷണമേയുള്ളൂ – കബളിപ്പിക്കൽ.  കബളിപ്പിക്കൽ എന്ന സുന്ദരകലയുടെ നഗ്നരുപം!
     മലയാളിയുടെ ആയുർദൈർഘ്യം വർദ്ധിച്ചതിനാൽ പെൻഷൻപ്രായം വർദ്ധിപ്പിക്കണം എന്നതാണ് മറ്റൊരു വാദം.  ഇന്നാട്ടിൽ ആയുസ്സ് കൂടുന്നത് സർക്കാർ ജീവനക്കാരന് മാത്രമാണോ?  മറ്റുള്ളവർക്ക് അത് ബാധകമല്ലേ?
സർക്കാർ ജീവനം എന്ന പ്രതീക്ഷയുമായി കഴിയുന്ന അനേക ലക്ഷങ്ങളെ ആത്മഹത്യയിലേക്കു നയിക്കരുത് .
Share: