പി എസ് സി യും ഓൺലൈൻപരീക്ഷയും

Share:

കേരള പബ്ലിക് സർവീസ് കമ്മീഷൻ ഓൺലൈൻ പരീക്ഷാ കേന്ദ്രം ആരംഭിക്കുന്നത് 2014 ഓഗസ്റ്റ് 8 നാണ്. അത് പി എസ് സി യുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നേട്ടമായി എടുത്തു പറയുന്നുമുണ്ട്. ഓഗസ്റ്റ് 29 ന് HSST കമ്പ്യൂട്ടർ സയൻസ് ( സ്പെഷ്യൽ റിക്രൂട്മെൻറ്‌ ) പരീക്ഷ തിരുവനന്തപുരത്തെ കേന്ദ്രത്തിൽ നടത്തി. പത്തനംതിട്ടയിലും എറണാകുളത്തും കോഴിക്കോടും ഓൺലൈൻ പരീക്ഷ എഴുതാൻ പി എസ് സി സൗകര്യമൊരുക്കിയിട്ടുണ്ട്. എഴുപതോളം പരീക്ഷകൾ ഓൺലൈൻ ആയി നടത്തിയിട്ടുണ്ടെന്നും മനസ്സിലാക്കുന്നു.

ഓൺലൈൻ പരീക്ഷ കഴിഞ്ഞാൽ ഉടൻതന്നെ പരീക്ഷയിൽ ലഭിച്ച മാർക്കിൻറെ ശരിയായ വിവരം കുട്ടികൾക്ക് അറിയാൻ കഴിയും എന്നതാണ് ഇതിൻറെ ഏറ്റവും വലിയ  നേട്ടം. എ ടി എമ്മിൽ നിന്ന് ലഭിക്കുന്നതുപോലെ മാർക്കിൻറെ അച്ചടിച്ച വിവരങ്ങളും ഉടൻതന്നെ നൽകാൻ കഴിയുന്നതിലൂടെ പരീക്ഷയും ഫലവും ഏറ്റവും സുതാര്യമാവുകയും ചെയ്യും. ഒ എം ആർ രീതിയിൽ പരീക്ഷ നടത്തുന്നതിൻറെ  1/ 12 ചെലവ് മാത്രമേ ഓൺലൈൻ പരീക്ഷക്കുണ്ടാവൂ എന്നും പി എസ് സി ഔദ്യോഗിക പത്രത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

ഓൺലൈൻ പരീക്ഷയെക്കുറിച്ചു പി എസ് സി പ്രസിദ്ധീകരിച്ച വിവരങ്ങൾ :

1 .വെബ്സൈറ്റിൽ നിന്ന് ഡൌൺലോഡ് ചെയ്തെടുത്ത അഡ്‌മിഷൻ ടിക്കറ്റും കമ്മീഷൻ അംഗീകരിച്ചിട്ടുള്ള തിരിച്ചറിയൽ രേഖകളിലൊന്നിൻറെ അസ്സലുമായി നിർദ്ദിഷ്ട സമയത്തുതന്നെ പരീക്ഷ കേന്ദ്രത്തിൽ ഹാജരാക്കേണ്ടതാണ്.
2 . തിരിച്ചറിയൽ പരിശോധനയ്ക്കു ശേഷം ഉദ്യോഗാർത്ഥികൾക്ക് പരീഷാഹാളിൽ പ്രവേശിക്കുന്നതിനായുള്ള access card പ്രിൻറ് ചെയ്തു നൽകുന്നതാണ്. ഇതിൽ തസ്തികയുടെ പേര്, രജിസ്റ്റർ നമ്പർ, സീറ്റ് നമ്പർ, ലോഗിൻ ചെയ്യുന്നതിനുള്ള യൂസർ ഐഡി, പാസ്‍വേഡ് എന്നീ വിവരങ്ങൾ ഉണ്ടാവും.
3 . പരീക്ഷ തുടങ്ങുന്നതിന് അര മണിക്കൂർ മുൻപുതന്നെ ഉദ്യോഗാർത്ഥികൾ പരീക്ഷാ കേന്ദ്രത്തിൽ ഉദ്യോഗാർത്ഥികൾക്ക് അനുവദിച്ചിട്ടുള്ള കമ്പ്യൂട്ടറിനു മുൻപിൽ സ്ഥാനമുറപ്പിക്കേണ്ടതാണ്.
4 . ഓൺലൈൻ പരീക്ഷയുടെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ കമ്പ്യൂട്ടറിലാണ് രേഖപ്പെടുത്തേണ്ടത്.
5 . പരീക്ഷ ആരംഭിക്കുന്നതിന് അര മണിക്കൂർ മുൻപ് , ലോഗിൻ ഐ.ഡി. യും പാസ്‍വേഡും ഉപയോഗിച്ച് ഉദ്യോഗാർത്ഥികൾക്ക് കമ്പ്യൂട്ടറിൽ ലോഗിൻ ചെയ്യാവുന്നതാണ്.
6 . ലോഗിൻ ചെയ്യുന്നതിനായി സ്‌ക്രീനിൽ തെളിയുന്ന Virtual Keyboard ൽ mouse ഉപയോഗിച്ച് ക്ലിക്ക് ചെയ്‌ത്‌ വേണം യൂസർ ഐഡി യും പാസ്‍വേഡുംനൽകുവാൻ.
7 . കമ്പ്യൂട്ടറിൽ വിവരങ്ങൾ രേഖപ്പെടുത്തേണ്ടത് mouse click ലൂടെയാണ് computer keyboard പരീക്ഷാവേളയിൽ യാതൊരു അവസരത്തിലും ഉപയോഗിക്കാൻ പാടുള്ളതല്ല.
8 . കൃത്യമായി ലോഗിൻ ഐഡിയും പാസ് വേഡും നൽകി ലോഗിൻ ചെയ്‌തു കഴിഞ്ഞാൽ ഓൺലൈൻ പരീക്ഷയെ സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ ദൃശ്യമാകും.
9 . ഓൺലൈൻ പരീക്ഷ ആരംഭിക്കുന്നതിന് മുമ്പുള്ള 15 മിനിട്ട് ഉദ്യോഗാർത്ഥികളെ പ്രസ്‌തുത പരീക്ഷ പരിചയപ്പെടുത്തുന്നതിനു വേണ്ടിയുള്ളതാണ്.
10. പ്രസ്‌തുത സമയത്ത് ഓൺലൈൻ പരീക്ഷയുടെ മാതൃകയിൽ ഉദ്യോഗാർത്ഥികൾക്ക് practice
ചെയ്യുന്നതിനുള്ള ചോദ്യങ്ങളും അതിനുള്ള option കളും സ്വമേധയാ സ്‌ക്രീനിൽ ദൃശ്യമാകും. ശരിയായ option ൽ click ചെയ്‌ത്‌ ഉദ്യോഗാർത്ഥികൾക്ക് ഉത്തരങ്ങൾ
രേഖപ്പെടുത്താവുന്നതാണ്.
11. Demo പരീക്ഷയ്ക്ക് 20 ചോദ്യങ്ങളാണ് നൽകിയിട്ടുള്ളത്. കൃത്യമായി പരീക്ഷ ആരംഭിക്കുന്ന സമയമാകുമ്പോൾ ഡെമോ പരീക്ഷ അവസാനിക്കുകയും സ്വമേധയാ യഥാർത്ഥ പരീക്ഷ ആരംഭിക്കുകയും ചെയ്യും. അപ്പോൾ തന്നെ ഉദ്യോഗാർത്ഥികൾക്ക് പരീക്ഷക്കുള്ള ചോദ്യങ്ങൾ Attend ചെയ്തു തുടങ്ങാവുന്നതാണ്.
12. ആകെ നൂറ് ചോദ്യങ്ങൾക്കാണ് ഉത്തരം രേഖപ്പെടുത്തേണ്ടത്. ഒരുസമയത്ത് ഒരുചോദ്യം മാത്രമേ
സ്‌ക്രീനിൽ കാണുവാൻ കഴിയൂ.
13. ഓരോ ചോദ്യങ്ങൾക്കും നാല് option ഉത്തരങ്ങൾ ഉണ്ടാകും. ഉദ്യോഗാർത്ഥികൾക്ക് ശരിയെന്നു തോന്നുന്ന option button ൽ click ചെയ്‍തതിനുശേഷം next button ൽ click ചെയ്‌ത്‌ ഉത്തരം രേഖപ്പെടുത്താവുന്നതാണ്. Next button click ചെയ്‌താൽ മാത്രമേ ഉത്തരം രേഖപ്പെടുത്തിയതായി നിർണ്ണയിക്കുകയുള്ളു. ഉടൻ തന്നെ അടുത്ത ചോദ്യം സ്‌ക്രീനിൽ തെളിയും.
14. സ്‌ക്രീനിൻ്റെ താഴ് ഭാഗത്തായി നൂറു ചോദ്യങ്ങളുടെ Status ദൃശ്യമാക്കുന്ന കള്ളികൾ കാണുവാൻ സാധിക്കും. ഓരോ ചോദ്യങ്ങൾക്കും ഉത്തരം രേഖപ്പെടുത്തുമ്പോൾ നിറം മാറുന്നതാണ്. ഉത്തരം രേഖപ്പെടുത്തിയ ചോദ്യങ്ങൾ ഏതാണെന്ന് കള്ളികളുടെ നിറവ്യത്യാസത്തിൽ നിന്നുംഉദ്യോഗാർത്ഥികൾക്ക്
മനസിലാക്കാവുന്നതാണ്.കള്ളികളിൽ ക്ലിക്ക് ചെയ്‌ത്‌ ഏതു ചോദ്യം വേണമെങ്കിലും ശ്യമാക്കുന്നതിനും
ഉത്തരം രേഖപ്പെടുത്തുന്നതിനും രേഖപ്പെടുത്തിയ ഉത്തരം തിരുത്തുന്നതിനും സാധിക്കുന്നതാണ്.
15. പരീക്ഷാ സമയം അവസാനിക്കുമ്പോൾ ഉദ്യോഗാർത്ഥി ഉത്തരം രേഖപ്പെടുത്തിയ വിവരങ്ങളെല്ലാം കമ്പ്യൂട്ടർ സെർവറിൽ സൂക്ഷിക്കപ്പെടുകയും ഉത്തരം രേഖപ്പെടുത്തിയതും അല്ലാത്തതുമായ ചോദ്യങ്ങളുടെ നിലവാരപ്പട്ടിക സ്‌ക്രീനിൽ ദൃശ്യമാകുകയും ചെയ്യുന്നതാണ്.
16. പരീക്ഷ സമയം അവസാനിച്ചാൽ സ്വമേധയാ തന്നെ Logout ആകുന്നതിനാൽ അതി
നുശേഷം ഉത്തരങ്ങൾ രേഖപ്പെടുത്തുന്നതിനോ തിരുത്തുന്നതിനോ ഉള്ള അവസരം ലഭിക്കുന്നതല്ല. ആയതിനാൽ പരീക്ഷ സമയത്തിനുള്ളിൽ തന്നെ രേഖപ്പെടുത്തലുകൾ പൂർത്തികരിക്കേണ്ടതാണ് . ( പി എസ് സി ബുള്ളറ്റിൻ വജ്രജൂബിലി പതിപ്പ്  – 2016 )

ഏറ്റവും സുതാര്യവും ലക്ഷക്കണക്കിന് ആളുകൾ പരീക്ഷ എഴുതാനുള്ളപ്പോൾ സത്യസന്ധമായി നടത്താൻ കഴിയുന്നതും ഏറ്റവും കൃത്യതയുള്ളതുമായ ‘ഓൺലൈൻ പരീക്ഷ’ എന്തുകൊണ്ട് 18 ലക്ഷം പേർ പങ്കെടുക്കുന്ന എൽ ഡി ക്ളർക് പരീക്ഷക്ക് സ്വീകരിക്കുന്നില്ല എന്നതാണ് കേരളത്തിലെ ഉദ്യോഗാർഥികൾ ഉന്നയിക്കുന്ന  ചോദ്യം .

Share: