പാചക കല അഭ്യസിക്കാന്‍

354
0
Share:

പാചക കല അഭ്യസിക്കാന്‍ താല്‍പര്യമുള്ള പ്ളസ് ടുകാര്‍ക്ക് തിരുപ്പതിയിലെ ഇന്ത്യന്‍ ക്യൂലിനറി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (ഐ.സി.ഐ) ജൂൺ 28 വരെ അപേക്ഷിക്കാം.. കേന്ദ്ര ടൂറിസം മന്ത്രാലയത്തിനു കീഴിലെ സ്വയംഭരണ സ്ഥാപനമാണിത്. ഇന്ദിര ഗാന്ധി നാഷനല്‍ യൂനിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്താണ് കോഴ്സ് നടത്തുന്നത്.
ബി.എസ്സി ക്യൂലിനറി ആര്‍ട്സ് കോഴ്സില്‍ പ്രവേശത്തിന് ഇന്‍സ്റ്റിറ്റ്യൂട്ട് ഇപ്പോള്‍ അപേക്ഷകള്‍ ക്ഷണിച്ചിട്ടുണ്ട്. ആറ് സെമസ്റ്ററുകളായുള്ള മൂന്നു വര്‍ഷത്തെ ബിരുദ പഠനമാണിത്. ഫുഡ് പ്രൊഡക്ഷന്‍, ഫുഡ് ഹാന്‍ഡിലിങ്, ഹൈജീന്‍, ഫുഡ് സേഫ്റ്റി, കിച്ചന്‍ മാനേജ്മെന്‍റ്, ഫുഡ് കോസ്റ്റിങ് തുടങ്ങിയ വിഷയങ്ങളില്‍ അറിവും പ്രായോഗിക പരിശീലനങ്ങളും പകര്‍ന്നുനല്‍കുന്നതോടൊപ്പം ഹോട്ടല്‍, ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖലകളില്‍ ഷെഫ് ഉള്‍പ്പെടെയുള്ള കരിയറിന് പ്രാപ്തമാക്കുന്നു.
യോഗ്യത: ഇംഗ്ളീഷ് ഒരു വിഷയമായി ഏതെങ്കിലും സബ്ജക്ട് കോമ്പിനേഷനില്‍ പ്ളസ് ടു/ തുല്യ പരീക്ഷ വിജയിച്ചവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. ഉയര്‍ന്ന പ്രായപരിധി 1.8.2016ന് 22 വയസ്സ്. പട്ടികജാതി/ വര്‍ഗക്കാര്‍ക്ക് 25 വയസ്സുവരെയാകാം. ഫിസിക്കല്‍ ഫിറ്റ്നസ് ഉള്ളവരായിരിക്കണം.
അപേക്ഷ ഓണ്‍ലൈനായി www.thims.gov.in എന്ന വെബ്സൈറ്റിലൂടെ സമര്‍പ്പിക്കാം. ജൂണ്‍ 28 വരെ അപേക്ഷകള്‍ സ്വീകരിക്കും.
വിശദ വിവരങ്ങളടങ്ങിയ ഇന്‍ഫര്‍മേഷന്‍ ബ്രോഷര്‍ വെബ്സൈറ്റില്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷാഫീസ് 1000 രൂപയാണ്. പട്ടികജാതി/ വര്‍ഗക്കാര്‍ക്ക് 500 രൂപ മതി. അംഗപരിമിതര്‍ക്കും 500 രൂപ മതിയാകും. ഇന്ത്യന്‍ ക്യൂലിനറി ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ പേരില്‍ നോയിഡയില്‍ മാറ്റാവുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റായി അപേക്ഷാഫീസ് നല്‍കണം. അപേക്ഷയുടെ പ്രിന്‍റൗട്ടില്‍ ഫോട്ടോ പതിച്ച് ബന്ധപ്പെട്ട രേഖകള്‍ സഹിതം 2016 ജൂലൈ രണ്ടിന് മുമ്പായി കിട്ടത്തക്കവണ്ണം Admission Cell of ICI, National Council for Hotel Management and Catering technology A-34, Sector-62, NOIDA -201309 എന്ന വിലാസത്തില്‍ രജിസ്ട്രേഡ് തപാലില്‍ അയക്കണം.
തെരഞ്ഞെടുപ്പ്: ദേശീയതലത്തില്‍ 2016 ജൂലൈ ഒമ്പത് ശനിയാഴ്ച രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരുമണിവരെ നടത്തുന്ന സംയുക്ത പ്രവേശ പരീക്ഷയുടെ റാങ്ക് പരിഗണിച്ചാണ് തെരഞ്ഞെടുപ്പ്. ന്യൂമറിക്കല്‍ എബിലിറ്റി അനലിറ്റിക്കല്‍ ആപ്റ്റിറ്റ്യൂഡ് (30 ചോദ്യങ്ങള്‍), റീസണിങ് ആന്‍ഡ് ലോജിക്കല്‍ ഡിഡക്ഷന്‍ (30), ജനറല്‍ നോളഡ്ജ് & കറന്‍റ് അഫയേഴ്സ് (30), ഇംഗ്ളീഷ് ലാംഗ്വേജ് (60), ആപ്റ്റിറ്റ്യൂഡ് ഫോര്‍ സര്‍വിസ് സെക്ടര്‍ (50) എന്നീ മേഖലകളില്‍നിന്നും ചോദ്യങ്ങളുണ്ടാവും. ഓരോ ചോദ്യത്തിന്‍െറയും ശരി ഉത്തരത്തിന് ഓരോ മാര്‍ക്ക്വീതം. ഉത്തരം തെറ്റിയാല്‍ കാല്‍ മാര്‍ക്ക് വീതം കുറക്കും. എന്‍ട്രന്‍സ് പരീക്ഷാഫലം www.ici.gov.in എന്ന വെബ്സൈറ്റിലൂടെ ജൂലൈ മൂന്നാം വാരം പ്രസിദ്ധപ്പെടുത്തും. 2016 ജൂലൈ 25നും ആഗസ്റ്റ് 12നും ഇടയില്‍ അഡ്മിഷന്‍ നേടാം. തിരുപ്പതി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആകെ 30 സീറ്റുകളിലാണ് പ്രവേശം. അഡ്മിറ്റ് കാര്‍ഡ് ജൂലൈ നാലിനും എട്ടിനും ഇടയില്‍ www.thims.gov.in എന്ന വെബ്സൈറ്റില്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. എഴുത്തുപരീക്ഷയില്‍ പങ്കെടുക്കാന്‍ അര്‍ഹരായവരുടെ ലിസ്റ്റ് www.ici.nic.in എന്ന വെബ്സൈറ്റില്‍ യഥാസമയം പ്രസിദ്ധപ്പെടുത്തുന്നതാണ്.
എന്‍ട്രന്‍സ് പരീക്ഷയില്‍ പങ്കെടുക്കുന്നതിന് ഇനി പറയുന്ന ഏതെങ്കിലുമൊരു സെന്‍റര്‍ തെരഞ്ഞെടുക്കാം. തിരുവനന്തപുരം, ബംഗളൂരു, ചെന്നൈ, ഗോവ, ഹൈദരാബാദ്, ഭോപാല്‍, ഭുവനേശ്വര്‍, ചണ്ഡിഗഢ്, ഗാന്ധിനഗര്‍, ഗുരുദാസ്പുര്‍, ഗുവാഹതി, ഗ്വാളിയര്‍, ഹാജിപുര്‍, ജയ്പുര്‍, കൊല്‍ക്കത്ത, ലഖ്നോ, മുംബൈ, പുണെ, ന്യൂഡല്‍ഹി, ഷില്ളോങ്, കുഫ്രി (ഷിംല), ശ്രീനഗര്‍ എന്നിവയാണ് സെന്‍ററുകളായി അനുവദിച്ചിട്ടുള്ളത്.
കോഴ്സ് ഫീസ്: അഡ്മിഷന്‍ ലഭിക്കുന്നവര്‍ ആദ്യ സെമസ്റ്ററില്‍ 80,000 രൂപയും രണ്ടാം സെമസ്റ്ററില്‍ 72,000 രൂപയും മൂന്നാം സെമസ്റ്ററില്‍ 76,500 രൂപയും നാലാം സെമസ്റ്ററില്‍ 72,000 രൂപയും അഞ്ചാം സെമസ്റ്ററില്‍ 76,500 രൂപയും ആറാം സെമസ്റ്ററില്‍ 72,000 രൂപയും അടക്കണം. ഫീസ് നിരക്കില്‍ മാറ്റങ്ങളുണ്ടാവാം.
തൊഴില്‍ സാധ്യതകള്‍:
ക്യൂലിനറി ആര്‍ട്സ് ബി.എസ്സി ബിരുദമെടുക്കുന്നവര്‍ക്ക് ഹോട്ടല്‍ -ഹോസ്പിറ്റാലിറ്റി വ്യവസായ മേഖലയില്‍ ഷെഫ്, കിച്ചന്‍ മാനേജ്മെന്‍റ് ട്രെയ്നി, ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ ഫാക്കല്‍റ്റി, ന്യൂട്രീഷ്യന്‍ എക്സ്പെര്‍ട്ട് എന്നീ ജോലികള്‍ക്ക് പുറമെ ഫൈ്ളറ്റ് കിച്ചന്‍ സര്‍വിസസ്, ഇന്ത്യന്‍ നേവി ഹോസ്പിറ്റാലിറ്റി സര്‍വിസസ്, ഹോസ്പിറ്റല്‍ ആന്‍ഡ് ഇന്‍സ്റ്റിറ്റ്യൂഷനല്‍ കാറ്ററിങ്, കിച്ചന്‍ മാനേജ്മെന്‍റ്- ഷിപ്പിങ് ആന്‍ഡ് ക്രൂഡിലൈന്‍സ്, റെയില്‍വേ ഹോസ്പിറ്റാലിറ്റി ആന്‍ഡ് കാറ്ററിങ് സര്‍വിസസ്, ഫുഡ് ഫോട്ടോഗ്രഫി, ഫുഡ് കോര്‍ട്ടുകള്‍ മുതലായ മേഖലകളില്‍ തൊഴില്‍ സാധ്യതകളുണ്ട്.
കണ്‍സള്‍ട്ടന്‍സി ഉള്‍പ്പെടെയുള്ള സ്വയംതൊഴില്‍/ എന്‍റര്‍പ്രണര്‍ഷിപ് സംരംഭങ്ങളിലേര്‍പ്പെടുന്നതിനും ഈ പഠനം സഹായകമാവും. പഠിച്ചിറങ്ങുന്നവര്‍ക്കായി ഇന്‍സ്റ്റിറ്റ്യൂട്ട് കാമ്പസ് റിക്രൂട്ട്മെന്‍റ് സഹായവും ലഭ്യമാക്കും.

Share: