നാഷണൽ ഡിഫെൻസ് അക്കാദമി: 406 ഒഴിവുകൾ

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ കര, നാവിക, വ്യോമസേനകളിലെ 406 ഒഴിവിലേക്ക്അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 13 നു നടത്തുന്ന നാഷണൽ ഡിഫൻസ് അക്കാദമി ആൻഡ് നേവൽ അക്കാദമി പരീക്ഷ മുഖേനയാണു തെരഞ്ഞെടുപ്പ്. എൻഡിഎയുടെ ആർമി, നേവി, എയർ ഫോഴ്സസ് വിഭാഗങ്ങളിലെ 155-ാം കോഴ്സിലേക്കും നേവൽ അക്കാദമിയുടെ 117-ാം കോഴ്സിലേക്കുമാണു പ്രവേശനം. ഡിസംബർ 31 വരെ ഓൺലൈനായി അപേക്ഷിക്കാം.
അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കുമാണ് അവസരം.
ഒഴിവ്: 406 (എൻഡിഎ) (കരസേന -208, വ്യോമസേന-120, നാവികസേന-42; നേവൽ അക്കാദമി-36 (10+2 കേഡറ്റ് എൻട്രി സ്കീം).
പ്രായം: 2006 ജൂലൈ രണ്ടിനും 2009 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവർ.
യോഗ്യത: നാഷണൽ ഡിഫൻസ് അക്കാദമി (ആർമി വിംഗ്): പ്ലസ് ടു ജയം/തത്തുല്യം. നാഷണൽ ഡിഫൻസ് അക്കാദമിയുടെ എയർഫോഴ്സ്, നേവൽ വിംഗ്, നേവൽ അക്കാദമിയുടെ 10+2 കേഡറ്റ് എൻട്രി സ്കീം: ഫിസിക്സും കെമിസ്ട്രിയും മാത്തമാറ്റിക്സും പഠിച്ചു പ്ലസ് ടു/തത്തുല്യം. പ്ലസ്ടു പരീക്ഷ എഴുതുന്നവർക്കും ഫലം കാക്കുന്നവർക്കും അപേക്ഷിക്കാം.
ഇവർ 2025 ഡിസംബർ 15നു മുന്പു യോഗ്യതാരേഖ ഹാജരാക്കണം. മുന്പു സിപിഎസ്എസ്/പിഎബിടി പരീക്ഷകളിൽ പരാജയപ്പെട്ടവരെ വ്യോമസേനയിലേക്കു പരിഗണിക്കില്ല. ശാരീരികയോഗ്യത സംബന്ധിച്ച വിവരങ്ങൾക്കു വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.
തെരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ. തിരുവനന്തപുരവും കൊച്ചിയും കോഴിക്കോടും പരീക്ഷാകേന്ദ്രങ്ങളാണ്. മാത്തമാറ്റിക്സ് (കോഡ്-01, രണ്ടര മണിക്കൂർ, 300 മാർക്ക്), ജനറൽ എബിലിറ്റി ടെസ്റ്റ് (കോഡ്-02, രണ്ടര മണിക്കൂർ, 600 മാർക്ക്) എന്നിവ അടിസ്ഥാനമാക്കി ഒബ്ജക്ടീവ് മാതൃകയിൽ എഴുത്തുപരീക്ഷയുണ്ടാകും. തുടർന്ന് 900 മാർക്കുള്ള എസ്എസ്ബി ഇന്റർവ്യൂ നടത്തും.
അപേക്ഷാഫീസ്: 100 രൂപ. എസ്ബിഐ ശാഖകളിൽ നേരിട്ടോ ഓൺലൈൻ ആയോ ഫീസടയ്ക്കാം. പട്ടികവിഭാഗക്കാർക്കും വനിതകൾക്കും ജെസിഒ, എൻസിഒ, ഒആർ റാങ്കുകളിൽ സേവനമനുഷ്ഠിക്കുന്നവരുടെയും വിരമിച്ചവരുടെയും മക്കൾക്കും നിബന്ധനകൾക്കു വിധേയമായി ഫീസ് ഇളവു ലഭിക്കും.
ഓൺലൈൻ രജിസ്ട്രേഷൻ: www.upsc online. nic.inഎന്ന സൈറ്റ് മുഖേന ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. ശാരീരികയോഗ്യതകളും സിലബസും അടക്കമുള്ള വിജ്ഞാപനം www.upsc.gov.in എന്ന വെബ്സൈറ്റിൽ.