നഴ്സിങ് പഠിക്കാം, സൗജന്യമായി

535
0
Share:

മാസം 700 രൂപ സ്റ്റൈപെന്‍ഡ് സഹിതം ആരോഗ്യവകുപ്പിന് കീഴില്‍ നഴ്സിങ് പഠിക്കാന്‍ അവസരം. 15 സര്‍ക്കാര്‍ നഴ്സിങ് കോളജുകളിലേക്കും കൊല്ലം ആശ്രാമത്ത് പ്രവര്‍ത്തിക്കുന്ന പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്ക് മാത്രമുള്ള നഴ്സിങ് കോളജിലേക്കുമാണ് പ്രവേശം. അതത് ജില്ലകളിലേക്ക് മാത്രമേ അപേക്ഷിക്കാന്‍ സാധിക്കൂ. എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിലുള്ള ജില്ലയില്‍നിന്ന് വ്യത്യസ്തമായി അപേക്ഷിക്കുന്നവര്‍ ആ ജില്ലയില്‍ അഞ്ച് വര്‍ഷമായി താമസിക്കുന്നുവെന്നതിന് വില്ളേജ് ഓഫിസറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

ഡിപ്ളോമ നേടിക്കഴിഞ്ഞാല്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്നപക്ഷം നിര്‍ദിഷ്ട വേതനത്തോടെ, തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഇന്ത്യന്‍ പ്രതിരോധ സേനയില്‍ ജോലി ചെയ്യാന്‍ തയാറായിരിക്കണം. .
ജനറല്‍ നഴ്സിങ് ആന്‍ഡ് മിഡ്വൈഫറി കോഴ്സ് ഒക്ടോബറില്‍ ആരംഭിക്കും. മൂന്ന് വര്‍ഷത്തേക്കാണ് പരിശീലനം.
തിരുവനന്തപുരം (28), കൊല്ലം (25), പത്തനംതിട്ട (20), ആലപ്പുഴ (23), ഇടുക്കി (20), കോട്ടയം (20), എറണാകുളം (70), തൃശൂര്‍ (28), പാലക്കാട് (25), മലപ്പുറം (26), കോഴിക്കോട് (50), വയനാട് (20), കണ്ണൂര്‍ (30), കാസര്‍കോട് (20) എന്നിങ്ങനെയാണ് സീറ്റുകള്‍. 20 ശതമാനം സീറ്റുകള്‍ ആണ്‍കുട്ടികള്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്.
യോഗ്യത
ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവ ഓപ്ഷന്‍ വിഷയമായും ഇംഗ്ളീഷ് നിര്‍ബന്ധിത വിഷയമായും പ്ളസ് ടു അല്ളെങ്കില്‍ തത്തുല്യ പരീക്ഷ 40 ശതമാനം മാര്‍ക്കോടെ വിജയിച്ചിരിക്കണം. പട്ടികജാതി/ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പാസ് മാര്‍ക്ക് മതി. അപേക്ഷകര്‍ ഇല്ലാത്തപക്ഷം മറ്റ് വിഷയങ്ങളില്‍ പ്ളസ് ടു വിജയിച്ചവര്‍ക്കും അവസരം ലഭിക്കും.
പ്രായപരിധി
അപേക്ഷകര്‍ക്ക് 2016 ഡിസംബര്‍ 31ന് 17 വയസ്സില്‍ കുറയാനോ 27 വയസ്സില്‍ കൂടാനോ പാടില്ല. ഒ.ബി.സിക്ക് മൂന്നും എസ്.സി/എസ്.ടി വിഭാഗത്തിന് അഞ്ചും വര്‍ഷത്തെ ഇളവ് ലഭിക്കും.
അപേക്ഷിക്കേണ്ട വിധം
www.dhs.kerala.gov.in എന്ന വെബ്സൈറ്റില്‍ അപേക്ഷാ ഫോറം ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ഈ മാസം 20ന് മുമ്പ് അതത് ജില്ലകളിലെ നഴ്സിങ് സ്കൂളുകളില്‍ ലഭിക്കണം. അപേക്ഷയോടൊപ്പം പട്ടികജാതി/ പട്ടികവര്‍ഗത്തിലുള്ളവര്‍ 75 രൂപയും മറ്റ് വിഭാഗത്തിലുള്ളവര്‍ 250 രൂപയും ഫീസായി 0210-80-800-88 എന്ന ശീര്‍ഷകത്തില്‍ ട്രഷറിയില്‍ ചെലാന്‍ അടച്ചതും സഹിതം സമര്‍പ്പിക്കേണ്ടതാണ്. ആശ്രാമം സ്കൂളില്‍ അപേക്ഷിക്കുന്നവര്‍ പ്രത്യേകം അപേക്ഷ സമര്‍പ്പിക്കണം. കവറിന് പുറത്ത് ‘2016ലെ നഴ്സിങ് കോഴ്സിനുള്ള അപേക്ഷ’ എന്ന് രേഖപ്പെടുത്തണം. ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളും അപേക്ഷക്കൊപ്പം സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ www.dhs.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.

Share: