ജിഎസ്ടി രാജ്യത്ത് പ്രാബല്യത്തിലാകുന്നു
ജിഎസ്ടി -ഏകീകൃത നികുതി സമ്പ്രദായം – നാളെ മുതല്‍ രാജ്യത്ത് പ്രാബല്യത്തിലാകും.
ആദ്യ മൂന്ന് മാസം ചെറിയ ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാകാമെങ്കിലും സംവിധാനവുമായി പൊരുത്തപ്പെടാന്‍ ഏറെക്കാലം എടുക്കില്ല. തുടക്കത്തില്‍ ചെറിയ വിലക്കയറ്റമുണ്ടാകാം. എന്നാല്‍ ഭാവിയില്‍ ജിഎസ്ടി പ്രയോജനം ചെയ്യും. സംസ്ഥാനങ്ങളുടെ നികുതി വരുമാനം വര്‍ധിക്കും. അതോടൊപ്പം തൊഴിലവസങ്ങളും വർദ്ധിക്കുമെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. ഏകീകൃത വിപണി കോര്‍പ്പറേറ്റുകള്‍ക്ക് സഹായകമാകുന്നതിലൂടെ നിക്ഷേപവും വര്‍ദ്ധിക്കും. അഡ്വക്കേറ്റ്‌സ്, ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ്, കോസ്റ്റ് അക്കൗണ്ടന്റ്‌സ്, ടാക്‌സ് കണ്‍സള്‍ട്ടന്റസ്, സോഫ്റ്റ് വെയര്‍ പ്രൊഫഷണലിസ്റ്റ്, എച്ച്ആര്‍, ബിസ്‌നസ് മാനേജ്‌മെന്റ് തുടങ്ങി നിരവധി മേഖലകളിലായി 20 ലക്ഷത്തോളം തൊഴില്‍ അവസരങ്ങളാണ് ഒരു വര്‍ഷത്തിനിടെ രാജ്യത്ത് ഉണ്ടാകാന്‍ പോകുന്നത്.
ഇതിനകം തന്നെ വന്‍കിട കോര്‍പ്പറേറ്റ് കമ്പനികള്‍ മുതല്‍ ചെറുസ്ഥാപനങ്ങള്‍ വരെ തൊഴില്‍ അവസരം ക്ഷണിച്ചുകൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചുകഴിഞ്ഞു. രാജ്യത്തിന് അകത്തും പുറത്തുമുള്ള വന്‍കിട കമ്പനികള്‍ ക്യാമ്പസ് ഇന്റര്‍വ്യൂവിന് രാജ്യത്തെ യൂണിവേഴ്‌സിറ്റികളെയും കോളേജുകളെയും സമീപിച്ചതായുള്ള റിപ്പോട്ടുകളും പുറത്തു വരുന്നുണ്ട്.
ജിഎസ്ടി വരുന്നതോടെ നികുതി വെട്ടിപ്പ്, അഴിമതി എന്നിവയ്ക്ക് പൂട്ടുവിഴും. മുന്‍ നികുതി സംവിധാനത്തില്‍ ഉത്പാദനം നടത്തുന്ന ഒരാള്‍ക്ക് ഉത്പാദനാനന്തര സാമഗ്രികള്‍ പലതും പലയിടത്തുനിന്നായി വാങ്ങിയാല്‍ ഇവയൊന്നും അക്കൗണ്ട് ചെയ്യപ്പെടില്ല. ഇപ്രകാരം നിരവധി വഴിയിലൂടെ നികുതി വെട്ടിക്കപ്പെടുന്നു. സോഫ്റ്റ് വെയര്‍ സഹായത്തോടെ വരുന്ന ജിഎസ്ടി സംവിധാനം പരാതി രഹിത നികുതി ഘടനയ്ക്ക് ജനങ്ങളെ സഹായിക്കും.
തുടക്കത്തില്‍ ആശങ്ക അറിയിച്ചിരുന്ന സോഫ്റ്റ്‌വെയര്‍ ഇപ്പോള്‍ നികുതി റിട്ടേണ്‍ ചെയ്യുന്നതിന് സജ്ജമായിക്കഴിഞ്ഞു. ഓരോ കണ്‍സ്യൂമറിനും ഒരു കസ്റ്റമര്‍ നമ്പറും രജിസ്‌ട്രേഷന്‍ ഐടിയും ഉണ്ടാകും. ഇതോടെ ഓരോ ഉത്പ്പന്നം വാങ്ങുമ്പോഴും ഓണ്‍ലൈനില്‍ ടാക്‌സ് അഡ്മിനിസ്‌ട്രേറ്ററുടെ പരിധിയിലേക്ക് വരികയാണ്. ഇതോടെ ആര്‍ക്കും നികുതി വെട്ടിക്കുകയോ നികുതിയില്‍ നിന്ന് രക്ഷപ്പെടുകയോ സാധ്യമല്ലാതാകും.
ലോകത്ത് 140 ഓളം രാജ്യങ്ങള്‍ പാസാക്കി എടുത്ത സംവിധാനമാണ് ജിഎസ്ടി. ജപ്പാന്‍, ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ, മലേഷ്യ, കാനഡ, സിംഗപ്പൂര്‍ തുടങ്ങിയവരെല്ലാം നമുക്കു മുന്‍പേ ജിഎസ്ടി വിജയകരമായി നടപ്പാക്കിയ രാജ്യങ്ങളാണ്. ജിഎസ്ടി നടപ്പിലാക്കിയ രാജ്യങ്ങളില്‍ എല്ലാം സാമ്പത്തിക വളര്‍ച്ച ഉണ്ടായതായി കാണാന്‍ സാധിക്കും.
ഇത്തരം രാജ്യങ്ങളുടെ നികുതി നിരക്കിന്റെ ശരാശരി 19 ശതമാനമാണ്. സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ ഇത് 25 ശതമാനമാണ്. അതേമയം 81 ശതമാനം ഉത്പന്നങ്ങള്‍ക്കും ഇന്ത്യയില്‍ 18 ശതമാനം മാത്രമാണ് നികുതി. മലേഷ്യയിലുണ്ടായ പണപ്പെരുപ്പം ജിഎസ്ടി വഴി നിയന്ത്രിക്കാന്‍ സാധിച്ചത് ഈ നികുതി സംവിധാനത്തിന്റെ മേന്മ വര്‍ദ്ധിപ്പിക്കുന്നു.
ജിഎസ്ടിയെ എതിര്‍ത്തതുപോലെ മൂല്യവര്‍ദ്ധിത നികുതി നടപ്പിലാക്കിയപ്പോഴും നിരവധി ആശങ്കകള്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ പങ്കുവച്ചിരുന്നു. എന്നാല്‍ മൂല്യവര്‍ദ്ധിത നികുതിയില്‍ നിന്നാണ് കേരളം സാമ്പത്തികമായി രക്ഷപ്പെട്ടതെന്ന് ധനമന്ത്രി തോമസ് ഐസക്ക് തന്നെ നിരവധി തവണ സമ്മതിച്ചിട്ടുണ്ട്.
ഗുണഫലങ്ങള്‍ അനുഭവിച്ചു തുടങ്ങുന്നതോടെ വാറ്റുപോലെ ജനങ്ങള്‍ ജിഎസ്ടിയേയും ഏറ്റെടുക്കും. ഭാരതത്തിലെ രണ്ടേമുക്കാല്‍ ശതമാനം ജനസംഖ്യയെ കേരളത്തിലുള്ളൂ എങ്കിലും ഇന്ത്യയില്‍ ഉത്പാദിപ്പിച്ച് വില്‍ക്കുന്ന ഉത്പന്നങ്ങളുടെ 15 ശതമാനം ഉപഭോഗം നടത്തുന്നത് കേരളത്തിലുള്ളവരാണ്. ഉപഭോക്തൃ സംസ്ഥാനം എന്ന നിലയ്ക്ക് കേരളത്തിന് ജിഎസ്ടി നേട്ടം തന്നെയാണ്.
– റിഷി പി രാജൻ