ക്ലസ്റ്റര്‍ പരിശീലനം വിജയിപ്പിക്കണം: വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്
ആഗസ്റ്റ് അഞ്ചിലെ ക്ലസ്റ്റര്‍ പരിശീലനത്തില്‍ എല്ലാ അധ്യാപകരും പങ്കെടുക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അറിയിച്ചു.
അധ്യാപക മേഖലയിലെ പ്രശ്‌നങ്ങളോട് അനുഭാവപൂര്‍വ്വമായ സമീപനം സ്വീകരിക്കുകയും ഏറെക്കുറെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയും ചെയ്തിട്ടും സങ്കുചിത താല്പര്യങ്ങള്‍ മുന്‍നിര്‍ത്തി ആഗസ്റ്റ് അഞ്ചിലെ ക്ലസ്റ്റര്‍ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി ചിലര്‍ രംഗത്തുവന്നത് ഗൗരവത്തോടെയാണ് കാണുന്നത്. തികച്ചും അപ്രസക്തമായ ആവശ്യങ്ങള്‍ ഉയര്‍ത്തിയുള്ള ക്ലസ്റ്റര്‍ ബഹിഷ്‌കരണം പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുന്നതിനുള്ള സര്‍ക്കാര്‍ ശ്രമങ്ങളെ ദുര്‍ബ്ബലപ്പെടുത്തുന്നതിനാണെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
കേരളത്തിലെ പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിനും ഗുണമേന്മ വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള തീവ്ര ശ്രമത്തിലാണ് സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 1,45,208 കുട്ടികളാണ് ഈ വര്‍ഷം പൊതുവിദ്യാലയങ്ങളില്‍ വന്നുചേര്‍ന്നത്. ഒന്നാം തരത്തില്‍ മാത്രം 16710 കുട്ടികളുടെ വര്‍ദ്ധനവുണ്ടായി. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്ന സമഗ്ര പദ്ധതിയിലൂടെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് കേരളത്തിലെ വിദ്യാലയങ്ങളെ ഉയര്‍ത്തുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 45000 ക്ലാസ് മുറികള്‍ ഹൈടെക് ആക്കുന്നതിനും, സ്‌കൂളുകളില്‍ കെട്ടിട നിര്‍മ്മാണത്തിനുമായി 1500 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്.
മികവുള്ള വിദ്യാലയങ്ങളും, മികവുള്ള അധ്യാപകരും, വിദ്യാര്‍ത്ഥികളും എന്ന രക്ഷിതാക്കളുടെയും പൊതുസമൂഹത്തിന്റെയും പ്രതീക്ഷ യാഥാര്‍ത്ഥ്യമാക്കുന്ന വിധത്തിലാണ് എല്ലാ അധ്യാപകര്‍ക്കും ഐ.റ്റി. അടക്കം വിവിധ വിഷയങ്ങളില്‍ വിദഗ്ദ്ധ പരിശീലന പരിപാടികള്‍ വിദ്യാഭ്യാസ വകുപ്പ് ആവിഷ്‌കരിച്ചിട്ടുള്ളത്. എല്ലാ വിദ്യാലയങ്ങളിലും വൈ-ഫൈ സൗകര്യത്തോടുകൂടിയുള്ള ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കി. ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനോടൊപ്പം അക്കാദമിക നിലവാരം ഉയര്‍ത്തി ഈ ലക്ഷ്യം കൈവരിക്കുന്നതിനുള്ള അധ്യാപകരുടെ പരിശീലനമാണ് ആഗസ്റ്റ് അഞ്ചിന് ക്ലസ്റ്ററുകളിലൂടെ സംസ്ഥാനത്ത് നടപ്പാക്കുന്നത്. വിദ്യാഭ്യാസ വകുപ്പ് വിഭാവനം ചെയ്യുന്ന സമഗ്ര പോര്‍ട്ടല്‍ ചോദ്യപേപ്പര്‍ നിര്‍മ്മാണ പരിശീലനവും ഈ ക്ലസ്റ്ററിലൂടെ അധ്യാപകര്‍ക്ക് നല്‍കും. കേരളത്തിലെ അധ്യാപകര്‍ ഉന്നയിച്ച കാതലായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിഞ്ഞതിനുശേഷമാണ് ക്ലസ്റ്റര്‍ പരിശീലനത്തിലേയ്ക്ക് പോകുന്നത്. തസ്തിക നിര്‍ണ്ണയം ജൂലൈ 15-ന് സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചു. തസ്തിക നഷ്ടപ്പെട്ട അധ്യാപകരുടെ പുനര്‍വിന്യാസം സമയബന്ധിതമായി നടപ്പിലാക്കി. ഹയര്‍സെക്കന്ററി മേഖലയില്‍ വര്‍ഷങ്ങളായി നടത്താതിരുന്ന പ്രിന്‍സിപ്പാള്‍ പ്രമോഷനുകള്‍ നടപ്പിലാക്കി. ഹയര്‍സെക്കന്ററി മേഖലയില്‍ 2580 പുതിയ തസ്തികകള്‍ സൃഷ്ടിച്ചു. കലാ-കായിക-പ്രവൃത്തിപരിചയ അധ്യാപകരുടെ പ്രശ്‌നം പരിഹരിക്കാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. വിദ്യാഭ്യാസ മേഖലയില്‍ ആദ്യമായി തയ്യാറാക്കുന്ന ചോദ്യപോര്‍ട്ടലിന്റെ പരിശീലനം കൂടി നല്‍കുന്നതിനുള്ള ക്ലസ്റ്റര്‍ യോഗം ബഹിഷ്‌കരിക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ല. വിദ്യാഭ്യാസ മേഖലയിലെ അവശേഷിക്കുന്ന ന്യായമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാരിന് തുറന്ന മനസ്സാണുള്ളത്. ഈ സാഹചര്യത്തില്‍ അനാവശ്യമായ ബഹിഷ്‌കരണാഹ്വാനം തള്ളിക്കളയണമെന്നും പൊതുവിദ്യാഭ്യാസം സംരക്ഷിക്കുന്നതിനായി ആഗസ്റ്റ് അഞ്ചിന് നടക്കുന്ന ക്ലസ്റ്റര്‍ പരിശീലനങ്ങളില്‍ എല്ലാ അധ്യാപകരും പങ്കെടുക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി. രവീന്ദ്രനാഥ് അറിയിച്ചു.