കുട്ടികള്‍ക്കുള്ള ദേശീയ, സംസ്ഥാന ധീരതാ അവാര്‍ഡിന് അപേക്ഷിക്കാം

Share:

കുട്ടികള്‍ക്കുള്ള 2017-ലെ ദേശീയ ധീരതാ പ്രവര്‍ത്തനത്തിന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ നല്‍കുന്ന രാഷ്ട്രപതിയുടെ അവാര്‍ഡിനും സംസ്ഥാന ശിശുക്ഷേമ സമിതി നല്‍കുന്ന അവാര്‍ഡുകള്‍ക്കും അപേക്ഷ ക്ഷണിച്ചു. നിര്‍ദിഷ്ട ഫോറത്തില്‍ സംസ്ഥാന ശിശുക്ഷേമ സമിതി മുഖേനയാണ് അപേക്ഷിക്കേണ്ടത്. ധീരതാ പ്രവൃത്തി ചെയ്തവേളയില്‍ ആറിനും പതിനെട്ട് വയസിനുമിടയ്ക്ക് പ്രായമുണ്ടായിരുന്നവര്‍ക്ക് അപേക്ഷിക്കാം. സാമൂഹ്യ തിന്മകള്‍, മറ്റ് കുറ്റകൃത്യങ്ങള്‍ ഇവയ്‌ക്കെതിരെയും അപ്രതീക്ഷിത അപകടസന്ധിയില്‍ നിന്നും സ്വന്തം ജീവന് അപകടവും ഗുരുതരമായ പരിക്കുകള്‍ പറ്റുമെന്നതും കണക്കിലെടുക്കാതെ ജീവന്‍ രക്ഷിക്കാന്‍ അവസരോചിതമായി നടത്തിയ പ്രവൃത്തിയും അവാര്‍ഡിന് പരിഗണിക്കും. 2016 ജൂലൈ ഒന്നിനും 2017 ജൂണ്‍ 31നും ഇടയ്ക്കായിരിക്കണം സംഭവം നടന്നത്. ഭാരത് അവാര്‍ഡ്, ഗീതാ ചോപ്രാ അവാര്‍ഡ്, സഞ്ജയ് ചോപ്രാ അവാര്‍ഡ്, ബാപ്പു ഗയധാനി അവാര്‍ഡ് (മൂന്ന് എണ്ണം) ജനറല്‍ അവാര്‍ഡ് എന്നിവയാണ് ദേശീയ ബഹുമതികള്‍. മെഡലും ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും അടങ്ങുന്ന അവാര്‍ഡിന് പുറമേ അര്‍ഹത നേടുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള സാമ്പത്തിക ചെലവ് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ വഹിക്കും. അവാര്‍ഡിനര്‍ഹരായ കുട്ടികളുടെ പേര് നവംബര്‍ 14 ന് പ്രഖ്യാപിക്കും. അപേക്ഷകരെ സംസ്ഥാന ശിശുക്ഷേമ സമിതി നല്‍കുന്ന സംസ്ഥാന അവാര്‍ഡിനും പരിഗണിക്കുമെന്ന് ജനറല്‍ സെക്രട്ടറി അഡ്വ. ദീപക് എസ്.പി അറിയിച്ചു.

Share: