കരസേനയില്‍ സൗജന്യ ബി.ടെക് പഠനവും ലെഫ്റ്റനന്‍റ് പദവിയില്‍ ജോലിയും
ഇന്ത്യന്‍ ആര്‍മിയില്‍ 10 + 2 ടെക്നിക്കല്‍ എന്‍ട്രി വഴി സൗജന്യ ബി.ടെക് പഠനാവസരം. മിലിട്ടറി, സാങ്കേതിക പരിശീലനങ്ങള്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് ലെഫ്റ്റനന്‍റ് പദവിയില്‍ ജോലി. ശാസ്ത്ര വിഷയങ്ങളില്‍ സമര്‍ഥരായ അവിവാഹിതരായ ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. ആകെ 90 ഒഴിവുകളുണ്ട്. പ്ളസ് ടു വിജയിച്ചിരിക്കണം.
അപേക്ഷകര്‍ ഇന്ത്യക്കാരായിരിക്കണം. പ്രായം 2017 ജൂലൈ ഒന്നിന് പതിനാറരക്കും പത്തൊമ്പതരക്കും മധ്യേ. 1998 ജനുവരി ഒന്നിനുമുമ്പോ 2001 ജനുവരി ഒന്നിനുശേഷമോ ജനിച്ചവരാകരുത്. ഹയര്‍ സെക്കന്‍ഡറി പ്ളസ് ടു തത്തുല്യ പരീക്ഷയില്‍ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങള്‍ക്ക് മൊത്തം 70 ശതമാനം മാര്‍ക്കില്‍ കുറയാതെ നേടി വിജയിച്ചിരിക്കണം. ഫിസിക്കല്‍, മെഡിക്കല്‍ ഫിറ്റ്നസുമുണ്ടാകണം.
സെലക്ഷന്‍
യോഗ്യതാ പരീക്ഷയുടെ ഉയര്‍ന്ന മാര്‍ക്ക്/ഗ്രേഡ് പരിഗണിച്ച് ആദ്യം അപേക്ഷകരുടെ ഷോര്‍ട്ട്ലിസ്റ്റ് തയാറാക്കും. സര്‍വിസസ് സെലക്ഷന്‍ ബോര്‍ഡ് (എസ്.എസ്.ബി) ബംഗളൂരു, അലഹബാദ്, ഭോപാല്‍ എന്നിവിടങ്ങളിലായി 2017 ഫെബ്രുവരി/മാര്‍ച്ച് മാസത്തില്‍ ഇവരെ ഇന്‍റര്‍വ്യൂവിന് ക്ഷണിക്കുന്നതാണ്.
സൈക്കോളജിക്കല്‍/ഇന്‍റലിജന്‍സ് ടെസ്റ്റ്, ഗ്രൂപ് ടെസ്റ്റുകള്‍ എന്നിവ അഞ്ചുദിവസം നീളുന്ന ഇന്‍റര്‍വ്യൂവില്‍ ഉള്‍പ്പെടും. ആദ്യദിവസത്തെ സൈക്കോളജിക്കല്‍ ടെസ്റ്റില്‍ യോഗ്യത നേടുന്നവരെയാണ് തുടര്‍ന്നുള്ള ടെസ്റ്റുകളിലും പങ്കെടുപ്പിക്കുക.
ആദ്യമായി ടെസ്റ്റില്‍ പങ്കെടുക്കുന്നവര്‍ക്ക് AC III ടയര്‍ റെയില്‍വേ ഫെയര്‍ നല്‍കും. അല്ളെങ്കില്‍ സമാനമായ ബസ് യാത്രാക്കൂലി അനുവദിക്കുന്നതാണ്. അന്തിമ സെലക്ഷന്‍ വൈദ്യപരിശോധനക്ക് വിധേയമായിരിക്കും. 2017 ജൂലൈയിലാരംഭിക്കുന്ന ടെക്നിക്കല്‍ എന്‍ട്രി സ്കീമിലേക്കാണ് തെരഞ്ഞെടുപ്പ്.
പരിശീലനം
ആകെ പരിശീലനം അഞ്ചുവര്‍ഷമാണ്. ആദ്യ ഒരുവര്‍ഷം ബേസിക് മിലിട്ടറി പരിശീലനമാണ്. ഗയയിലുള്ള ഓഫിസര്‍ ട്രെയ്നിങ് അക്കാദമിയിലാണ് ഈ പരിശീലനം ലഭിക്കുക. അത് കഴിഞ്ഞാല്‍ മൂന്നുവര്‍ഷത്തെ ടെക്നിക്കല്‍ ട്രെയ്നിങ്. ഈ കാലയളവിലാണ് ബി.ടെക് പഠന പരിശീലനങ്ങള്‍. പുണെ, സെക്കന്തരാബാദ് എന്നിവിടങ്ങളിലെ മിലിട്ടറി എന്‍ജിനീയറിങ് കോളജുകളിലും മറ്റുമാണ് എന്‍ജിനീയറിങ് പഠനം. പരീക്ഷകളില്‍ വിജയിക്കുന്നവര്‍ക്ക് എന്‍ജിനീയറിങ് ബിരുദം സമ്മാനിക്കും. മുഴുവന്‍ പരിശീലന ചെലവുകളും കരസേന വഹിക്കുന്നതാണ്. നാലുവര്‍ഷത്തെ പഠനപരിശീലനങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കുമ്പോള്‍ പെര്‍മനന്‍റ് കമീഷനിലൂടെ ലെഫ്റ്റനന്‍റ് പദവിയില്‍ സ്ഥിരജോലിയില്‍ പ്രവേശിക്കാം. 15,60039,100 രൂപ ശമ്പള സ്കെയിലിലാണ് നിയമനം. ഏകദേശം പ്രതിമാസം 65,000 രൂപ തുടക്കത്തില്‍ ശമ്പളം ലഭിക്കും. ഇതിന് പുറമെ പാര്‍പ്പിടം, ചികിത്സ, മെസ്, കാന്‍റീന്‍ സൗകര്യങ്ങള്‍ എന്നിവ സൗജന്യമായി ലഭിക്കും.
പരിശീലനകാലത്ത് പ്രതിമാസം 21,000 രൂപ സ്റ്റൈപന്‍ഡ് ലഭിക്കും. ജോലിയില്‍നിന്ന് വിരമിച്ചുകഴിഞ്ഞാല്‍ ഗ്രാറ്റ്വിറ്റി ഉള്‍പ്പെടെയുള്ള എല്ലാ ആനുകൂല്യങ്ങളുമുണ്ട്.
10 + 2 ടെക്നിക്കല്‍ എന്‍ട്രി സ്കീമിന്‍െറ വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.joinindianarmy.nic.in എന്ന വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷ ഓണ്‍ലൈനായി www.joinindianarmy.nic.in എന്ന വെബ്സൈറ്റ് വഴി നവംബര്‍ എട്ടിന് രാവിലെ പത്തുമുതല്‍ സമര്‍പ്പിച്ച് തുടങ്ങാം. ഡിസംബര്‍ ഏഴുവരെ അപേക്ഷകള്‍ സ്വീകരിക്കും. അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദേശങ്ങള്‍ വെബ്സൈറ്റിലുണ്ട്.