ഐ ടി ഐ പഠനം : ഇപ്പോൾ അപേക്ഷിക്കാം
സർക്കാർ ഐ ടി ഐ കളിൽ എൻ.സി.വി.ടി അഫിലിയേഷൻ ലഭിച്ചിട്ടുള്ളട്രേ ഡുകളിൽ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. സംസ്ഥാനത്തൊട്ടാകെ 83 സർക്കാർ ഐ ടി ഐകൾ ഉണ്ടെങ്കിലും എൻ.സി.വി.ടി അഫിലിയേഷനോടെ വിവിധ ട്രേഡുകളിൽ പരിശീലനം നൽകുന്നത് 40 ഐ ടി ഐകളിൽ മാത്രം. നാഷനൽ കൗൺസിൽ ഫോർ വൊക്കേഷനൽ ട്രെയ്നിങ് (NCVT) അംഗീകാരവും അനുമതിയുമുള്ള ട്രേഡുകളിൽ പരിശീലനം നേടുന്നവർക്കാണ് പി.എസ്.സി മുഖാന്തരമുള്ള സർക്കാർ ജോലികൾക്ക് പരിഗണന ലഭിക്കാറുള്ളത്.
നോൺമെട്രിക് എൻജിനീയറിങ് ട്രേഡുകളിൽ ഷീറ്റ് മെറ്റൽ വർക്കർ, വെൽഡർ, ജനറൽ കാർപൻറർ, വയർമാൻ, െപയിൻറർ ജനറൽ, സ്യൂയിങ് ടെക്നോളജി എന്നിവയും മെട്രിക് എൻജിനീയറിങ് ട്രേഡുകളിൽ മെക്കാനിക് ട്രാക്ടർ, പ്ലാസ്റ്റിക് പ്രോസസിങ് ഒാപറേറ്റർ, മെക്കാനിക് ഡീസൽ, മെക്കാനിക് ഒാേട്ടാ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ ഹാർഡ്വെയർ ആൻഡ് നെറ്റ്വർക്ക് മെയിൻറനൻസ്, ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്/ സിവിൽ), ഇലക്ട്രീഷ്യൻ, ഇൻസ്ട്രുമെൻറ് മെക്കാനിക്, ഫിറ്റർ, ടർണർ, മെഷിനിസ്റ്റ്, മെക്കാനിക് മോട്ടോ ർ വെഹിക്കിൾ, മെക്കാനിക് അഗ്രികൾചറൽ മെഷിനറി, ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയിൻറനൻസ്, ടൂൾ ആൻഡ് ഡൈമേക്കർ, സർവേയർ, പ്ലംബർ, റെഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷനിങ്, ഇലക്ട്രോ പ്ലേറ്റർ, ഇലക്ട്രോണിക്സ് മെക്കാനിക്സ് സിസ്റ്റംസ്, മെക്കാനിക് മെഷിൻ ടൂൾസ് മെയിൻറനൻസ്, ഇൻറീരിയർ ഡിസൈൻ ആൻഡ് ഡെക്കറേഷൻ, ആർക്കിടെക്ചറൽ അസിസ്റ്റൻറ്, മെക്കാനിക് മെഡിക്കൽ ഇലക്ട്രോണിക്സ് എന്നിവ ഉൾപ്പെടും. ഇതിനു പുറമെ ഡ്രസ്മേക്കിങ്, ഫാഷൻ ഡിസൈൻ ആൻഡ് ടെക്നോളജി, ഡി.ടി.പി, സെക്രേട്ടറിയൽ പ്രാക്ടീസ് ഉൾപ്പെടെയുള്ള മെട്രിക് നോൺ എൻജിനീയറിങ് ട്രേഡുകളിലും പഠനാവസരമുണ്ട്.
എസ്.എസ്.എൽ.സി ജയിച്ചവർക്കും തോറ്റവർക്കും (മെട്രിക് ആൻഡ് നോൺ മെട്രിക്) തത്തുല്യ യോഗ്യതയുള്ളവർക്കും തെരഞ്ഞെടുത്ത് പഠിക്കാവുന്ന ട്രേ ഡുകൾ നിലവിലുണ്ട്. ഇതിൽ ഏകവർഷ/ ദ്വിവത്സര കോഴ്സുകളും ഉൾപ്പെടും. പ്രൈവറ്റായി എസ്.എസ്.എൽ.സി പരീക്ഷ എഴുതി തോറ്റവർക്ക് പ്രവേശനത്തിന് അർഹതയില്ല. പ്രായം 31.7.2017ൽ 14 വയസ്സ് തികഞ്ഞിരിക്കണം. ഉയർന്ന പ്രായപരിധിയില്ല.
കേരളത്തിൽ സ്ഥിരതാമസമുള്ളവർക്കു മാത്രമേ സർക്കാർ ഐ ടി ഐകളിൽ പ്രവേശനമുള്ളൂ. വാർഷിക വരുമാനത്തിെൻറ അടിസ്ഥാനത്തിൽ 50 ശതമാനം പരിശീലനാർഥികൾക്ക് പ്രതിമാസം 120 രൂപ വീതം സ്റ്റൈപ്പൻഡ് ലഭിക്കും. പ്രവേശന സമയത്ത് രണ്ടുവർഷ കോഴ്സിന് മൊത്തം 1150 രൂപയും ഒരുവർഷത്തെ കോഴ്സിന് മൊത്തം 850 രൂപയും വിവിധ ഇനങ്ങളിലായി ഫീസ് അടക്കണം.
അപേക്ഷിക്കേണ്ട രീതി: തിരുവനന്തപുരം ജില്ലയിലെ ചാക്ക, ധനുവച്ചപുരം, ആറ്റിങ്ങൽ, കഴക്കൂട്ടം (വനിത), ആര്യനാട് എന്നീ ഐ ടി ഐകളിലെ അഡ്മിഷന് വേണ്ടി അപേക്ഷകൾ ഒാൺലൈനായിട്ടാണ് സമർപ്പിക്കേണ്ടത്. അപേക്ഷ സമർപ്പണത്തിനും ഇതിനുള്ള മാർഗനിർദേശങ്ങൾക്കും http://www.det.kerala.gov.in/എന്ന വെബ്സൈറ്റിൽ ബന്ധപ്പെടാവുന്നതാണ്. മെട്രിക് ട്രേഡിനും നോൺമെട്രിക് ട്രേഡിനും പ്രത്യേകം അപേക്ഷഫോറം വെബ്സൈറ്റിൽ കൊടുത്തിട്ടുണ്ട്. എൻ.സി.വി.ടി കോഴ്സുകളുടെ പ്രോസ്പെക്ടസും വെബ്സൈറ്റിൽ ലഭിക്കും.
തിരുവനന്തപുരം ഒഴികെ മറ്റു ജില്ലകളിലുള്ള അപേക്ഷകർ ചേരാനുദ്ദേശിക്കുന്ന ട്രേഡിന് ആവശ്യമായ അപേക്ഷഫോറം വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് 50 രൂപ അപേക്ഷഫീസും ആവശ്യമായ രേഖകളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന ഐ ടി ഐ പ്രിൻസിപ്പലിന് ജൂൺ 24നകം സമർപ്പിക്കണം. സംസ്ഥാനത്ത് NCVT അഫിലിയേഷനുള്ള ട്രേഡുകളിൽ പരിശീലനം നൽകുന്ന സർക്കാർ ഐ ടി ഐകളും ട്രേഡുകളും വെബ്സൈറ്റിൽ പ്രോസ്പെക്ടസിലുണ്ട്.
ഒരാൾക്ക് ഒന്നിൽ കൂടുതൽ ഐ ടി ഐകളിൽ വിവിധ ട്രേഡുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്. മെട്രിക് ട്രേഡിനും നോൺമെട്രിക് ട്രേഡിനും പ്രത്യേകം ഫോറങ്ങൾ ഉപയോഗിക്കണം. അപേക്ഷ സമർപ്പണത്തിന് ഐ ടി ഐകളിലെ ഹെൽപ് ഡെസ്ക്കുകളുടെ സൗജന്യ സേവനം പ്രയോജനപ്പെടുത്താം.
പൂരിപ്പിച്ച അപേക്ഷ ഐ ടി ഐ പ്രിൻസിപ്പലിന് ലഭിക്കേണ്ട അവസാന തീയതി ജൂൺ 24 ആണ്. സെലക്ഷൻ ലിസ്റ്റ് ജൂൺ 29ന് പ്രസിദ്ധീകരിക്കും. അഡ്മിഷൻ ജൂലൈ ഒന്നിന് നടക്കും.
കൂടുതൽ വിവരങ്ങൾ www.det.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും