എഞ്ചിനീയറിംഗ് പഠനനിലവാരം മെച്ചപ്പെടുത്തും ; പരീക്ഷ പൂർണ്ണമായും ഡിജിറ്റൽ ആകും

Share:

രാജ്യത്തെ എഞ്ചിനീയറിംഗ് പഠനനിലവാരം മെച്ചപ്പെടുത്തുവാനും  പരീക്ഷ പൂർണ്ണമായും ഡിജിറ്റൽ ആക്കുവാനും അഖിലേന്ത്യ സാങ്കേതികവിദ്യാഭ്യാസ കൌണ്‍സില്‍ (എഐസിടിഇ) നിർദ്ദേശം നൽകി. രാജ്യത്ത് പ്രതിവര്‍ഷം എന്‍ജിനിയറിങ് ബിരുദം നേടുന്ന എട്ടുലക്ഷംപേരില്‍ 60 ശതമാനത്തില്‍ കൂടുതല്‍പേര്‍ക്കും ജോലിയില്ലെന്ന് അഖിലേന്ത്യ സാങ്കേതികവിദ്യാഭ്യാസ കൌണ്‍സില്‍ (എഐസിടിഇ) റിപ്പോര്‍റിപ്പോര്‍ട്ടിൽ പറയുന്നു.

ഉദ്ദേശം 3200 സാങ്കേതിക വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നടത്തുന്ന വിവിധ കോഴ്സുകളില്‍ 15 ശതമാനത്തിനുമാത്രമേ നാഷണല്‍ ബോര്‍ഡ് ഓഫ് അക്രെഡിറ്റേഷന്‍ (എന്‍ബിഎ) അംഗീകാരമുള്ളൂ. എന്‍ജിനിയര്‍മാര്‍ക്ക് തൊഴിലില്ലാത്തത് കാരണം പ്രതിവര്‍ഷം ശരാശരി 20 ലക്ഷത്തോളം പ്രവൃത്തിദിനങ്ങളാണ് നഷ്ടമാകുന്നത്. രാജ്യത്തെ സാങ്കേതിക വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും എന്‍ജിനിയറിങ് കോഴ്സുകളുടെയും നിലവാരത്തകര്‍ച്ച വ്യക്തമാക്കുന്നതാണ് റിപ്പോര്‍ട്ടിലെ നിരീക്ഷണങ്ങള്‍.

മിക്ക സാങ്കേതികവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നും ഏതെങ്കിലും രീതിയില്‍ എന്‍ജിനിയറിങ് ബിരുദം നേടി പുറത്തിറങ്ങുന്നവര്‍ ജോലിക്ക് അയോഗ്യരാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവാരത്തകര്‍ച്ച മറികടക്കാന്‍ പ്രവേശത്തിന് ഏകീകൃത പ്രവേശനപരീക്ഷ നടപ്പാക്കുന്നത് ഉള്‍പ്പെടെയുള്ള പരിഷ്കാരപദ്ധതികള്‍ പരിഗണനയിലുണ്ടെന്നാണ് മാനവവിഭവശേഷി മന്ത്രാലയത്തിന്റെ പ്രതികരണം. നാഷണല്‍ ടെസ്റ്റിങ് സര്‍വീസ് (എന്‍ടിഎസ്) സംഘടിപ്പിക്കുന്ന നാഷണല്‍ എന്‍ട്രന്‍സ് എക്സാമിനേഷന്‍ ഫോര്‍ ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍സ് (നീറ്റി) 2018 ജനുവരിമുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് സൂചന. മെഡിക്കല്‍ പ്രവേശനത്തിനുള്ള അഖിലേന്ത്യ പ്രവേശനപരീക്ഷ (നീറ്റ്) മാതൃകയിലാണ് നീറ്റിയും സംഘടിപ്പിക്കുക. പൂര്‍ണമായും കംപ്യൂട്ടറിനെ അടിസ്ഥാനപ്പെടുത്തി ഡിജിറ്റൽ സംവിധാനത്തിലായിരിക്കും പരീക്ഷയുടെ രൂപകല്‍പ്പന. 2017 ഡിസംബര്‍- 2018 ജനുവരിയിലായിരിക്കും നീറ്റിയുടെ ആദ്യഘട്ടം നടത്തുക. 2018 മാര്‍ച്ചില്‍ രണ്ടാംഘട്ടവും മേയില്‍ മൂന്നാംഘട്ടവും സംഘടിപ്പിക്കാനാണ് പദ്ധതി. അതേസമയം, ഐഐടി പ്രവേശനത്തിന് നിലവിലുള്ളതുപോലെ വ്യത്യസ്ത പരീക്ഷയായിരിക്കും മാനദണ്ഡം. എന്‍ടിഎസ്തന്നെയാണ് ഈ പരീക്ഷയും നടത്തുക.

എന്‍ജിനിയറിങ് വിദ്യാര്‍ഥികള്‍ക്ക് പഠനകാലയളവില്‍ തൊഴില്‍പരിചയം ലഭിക്കാന്‍ അവധിക്കാല പരിശീലനക്കളരികള്‍ നടത്തുക, ഓരോവര്‍ഷവും കരിക്കുലം പുതുക്കുക, സാങ്കേതിക വിദ്യാഭ്യാസസ്ഥാപനങ്ങളുടെ നിലവാരം മെച്ചപ്പെടുത്താന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുക തുടങ്ങിയ പരിഷ്കരണപദ്ധതികള്‍ക്കും ഉടന്‍ തുടക്കംകുറിക്കണമെന്ന് എഐസിടിഇ എച്ച്ആര്‍ഡി മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

2022 നുമുമ്പ് മുഴുവന്‍ സാങ്കേതിക വിദ്യാഭ്യാസസ്ഥാപനങ്ങളിലെയും പകുതിയോളം കോഴ്സുകള്‍ക്കെങ്കിലും എന്‍ബിഎ അക്രെഡിറ്റേഷന്‍ നല്‍കണം. കാര്യമായ പുരോഗതി പുലര്‍ത്താത്ത വിദ്യാഭ്യാസസ്ഥാപനങ്ങളുടെ അംഗീകാരം റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള കടുത്ത നടപടികളും സ്വീകരിക്കണമെന്നും എഐസിടിഇ ശുപാര്‍ശ ചെയ്യുന്നു.

  • ഋതു പി രാജൻ 
Share: