എങ്ങനെ സമ്പന്നനാകാം എളുപ്പത്തില്‍-21

Share:

എങ്ങനെ സമ്പന്നനാകാം എളുപ്പത്തില്‍-21

കാര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ആശയങ്ങളുടെ നിരന്തര പ്രവാഹം

എം ആർ കോപ് മേയർ പരിഭാഷ : എം ജി കെ നായർ

കാര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ആശയങ്ങള്‍ രൂപപ്പെടുത്തുമ്പോള്‍, ഓരോ ആശയവും ഉടന്‍തന്നെ എഴുതിവെയ്ക്കുക.

ആശയങ്ങള്‍ തോന്നുമ്പോള്‍ തന്നെ അവയുടെ മേന്മ വിലയിരുത്താന്‍ ശ്രമിക്കരുത്.

വെറും വിഡ്ഢിത്തമെന്നോ അപ്രായോഗികമെന്നോ നിങ്ങള്‍ക്ക് തോന്നുമെങ്കിലും ഒരാശയവും വിമര്‍ശനാത്മകമായി നോക്കിക്കാണരുത്.

ഒരു പ്രവാഹത്തിലെയോ ചങ്ങലയിലേയോ ഏതെങ്കിലും ആശയത്തെ വിമര്‍ശിക്കാനും വിധിക്കാനും നിങ്ങള്‍ തുടങ്ങുമ്പോള്‍, ആശയങ്ങളുടെ പ്രവാഹം നിലയ്ക്കും. വീണ്ടും അതാരംഭിക്കുക പ്രയാസമാണ്.

അതിനാല്‍, ഒരാശയം ചിന്തിച്ചെടുത്തുകഴിഞ്ഞാല്‍ ഉടന്‍ തന്നെ എഴുതിവെയ്ക്കുക. വീണ്ടും ചിന്തിച്ചുകൊണ്ടേയിരിക്കുക. ബന്ധപ്പെട്ട ആശയങ്ങള്‍ തോന്നുന്ന മുറയ്ക്ക് എഴുതിവെച്ചുകൊണ്ടേയിരിക്കുക.

ആശയസൃഷ്ടിക്ക് ഏറ്റവും ലാഭകരമായ രഹസ്യം ചിന്തിക്കുക എന്നതും ഓരോ ആശയത്തിനുമുളള എല്ലാ പക്ഷാന്തരങ്ങളും എഴുതിവെയ്ക്കുക എന്നതുമാണ്. സാദ്ധ്യമായ വ്യതിയാനം ഓരോന്നും ലിസ്റ്റുചെയ്യുക. അദ്ധ്യായം 13 ലെ 61 മാന്ത്രിക ചോദ്യങ്ങള്‍ ഉപയോഗിച്ച് ഓരോ ആശയത്തിനുമുള്ള പക്ഷാന്തരങ്ങളും വ്യതിയാനങ്ങളും കണ്ടെത്തുക. എന്നാല്‍ ആശയസൃഷ്ടി നടത്തുമ്പോള്‍ വിധിപറയാനോ മൂല്യം നിര്‍ണ്ണയിക്കാനോ വിമര്‍ശിക്കാനോ തിനിയരുത്.

ആശയങ്ങളും അവക്ക് സാദ്ധ്യമായ എല്ലാപക്ഷാന്തരങ്ങളും വ്യതിയാനങ്ങളും എഴുതിവെച്ചതിനുശേഷം (അവ നൂറെണ്ണമുണ്ടാകാം!), അതിനു ശേഷം മാത്രം, എല്ലാവ്യതിയാനങ്ങളും സാദ്ധ്യതകളും പക്ഷാന്തരങ്ങളും വിധിക്കാനും വിമര്‍ശിക്കാനും മൂല്യം നിര്‍ണ്ണയിക്കാനും തുടങ്ങുക.

എന്നാല്‍, അപ്രായോഗികമെന്നോ വിഡ്ഢിത്തമെന്നോ വെറും അപഹാസ്യമെന്നോ തോന്നുമെങ്കിലും ആശയങ്ങള്‍ തിരസ്കരിക്കാന്‍ ധൃതി കാണിക്കരുത്. ആദ്യം അവ പരീക്ഷിച്ചുനോക്കുന്നതാണ് മിക്കപ്പോഴും നല്ലത്.

വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാന്‍ ‘നാഷണല്‍ ബാസ് ചാമ്പ്യനായിത്തീര്‍ന്നു. (1957-ലെ ഔട്ട്‌ ഡോര്‍ ലൈഫ് മാഗസിന്‍ അങ്ങനെ പ്രഖ്യാപിച്ചു.) അക്കാലത്ത് ഓരോ ദിവസവും മീന്‍പിടിക്കാന്‍ പോകുമ്പോള്‍ എന്‍റെ ശരാശരി വിജയം, എല്ലാ സാഹചര്യങ്ങളിലും 28 ബാസ് (ബാസ്-ഒരിനം മത്സ്യം) ആയിരുന്നു. പിന്നീട് കൂടുതല്‍ മത്സ്യം പിടിക്കാന്‍ ഞാന്‍ ആശയങ്ങള്‍ ആവിഷ്ക്കരിച്ചു. തന്മൂലം എല്ലാ സാഹചര്യങ്ങളിലും, മീന്‍ പിടിക്കാന്‍ പോയ ദിവസങ്ങളില്‍ ശരാശരി 60 ആയി ഉയര്‍ന്നു. കൃത്രിമക്കെണികള്‍ വെച്ചാണ് ഞാന്‍ മത്സ്യബന്ധനം നടത്തിയത്. ഏറെയും ഞാന്‍തന്നെ രൂപകല്പന ചെയ്തവ.

ഇതുപറയാന്‍ കാരണം, ഈ അസാധാരണ നേട്ടം കൈവരിച്ചത് എന്‍റെ വൈദഗ്ദ്ധ്യം കൊണ്ടല്ല, (കാരണം, ആയിരക്കണക്കിന് മീന്‍പിടുത്തക്കാര്‍ എന്നേക്കാള്‍ വളരെയേറെ മിടുക്കന്മാരാണ്.) പിന്നെയോ, കൂടുതല്‍ ബാസിനെ പിടിക്കാനുള്ള മെച്ചപ്പെട്ട വഴികള്‍ കണ്ടെത്തിയ ആശയങ്ങള്‍ സൃഷ്ടിച്ചതിനാലാണ്. – പ്രത്യേകിച്ച് എന്‍റെ തന്നെ കെണികള്‍ നിര്‍മ്മിക്കുകയും വര്‍ണ്ണം കൊടുക്കുകയും അസാധാരണമായ കെണിപ്രയോഗം നടത്തുകയും ചെയ്തതിനാല്‍.

എന്‍റെ ആശയങ്ങളില്‍ ചിലത് വെറും “അപഹാസ്യ”ങ്ങളായിരുന്നതിനാല്‍ മറ്റാരും തന്നെ അവ ശ്രമിച്ചുനോക്കാന്‍ ഒരുമ്പേട്ടില്ല. എന്നാല്‍ ഞാനവ പരീക്ഷിച്ചപ്പോള്‍, എന്നെത്തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടു, വിസ്മയകരമായ രീതിയില്‍ മത്സ്യം പിടിക്കാന്‍ എനിക്കു സാധിച്ചു.

നിരവധി വസ്തുതകള്‍ ഊന്നിപ്പറയാനാണ് മുന്‍പ് പറഞ്ഞ വ്യക്തിപരമായ അനുഭവം വിവരിച്ചത്:

(1) മെച്ചപ്പെടുത്തുന്നതിനുള്ള ആശയം സൃഷ്ടിക്കുക – ഏതുകാര്യത്തിനും അവ പ്രായോഗികമാക്കാം (മീന്‍പിടിക്കാന്‍ പോലും!)

(2) അപഹാസ്യമെന്നോ അപ്രായോഗികമെന്നോ തോന്നുന്നതുകൊണ്ട് ഒരാശയവും തള്ളിക്കളയരുത് – നിങ്ങള്‍ അത് പരീക്ഷിച്ചുനോക്കുന്നതുവരെ. വിസ്മയകരമായ വിജയത്തിലൂടെ അത് നിങ്ങളെ അത്ഭുതപ്പെടുത്തിയേക്കാം.

(3) തുടക്കത്തിലുള്ള ആശയം പ്രയോഗക്ഷമമെങ്കില്‍ ഒരു വ്യതിയാനമോ പക്ഷാന്തരമോ പ്രായോഗികമാവാം.

കാര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ആശയരൂപീകരനത്തിന് മറ്റു ചില തെളിയിക്കപ്പെട്ട വിജയമാര്‍ഗ്ഗങ്ങള്‍ ഇതാ:

ഒരാശയം ചിന്തിച്ചെടുക്കാന്‍ ആഗ്രഹിക്കുമ്പോള്‍, – കുറ്റമറ്റ ഒരാശയം, അല്ലെങ്കില്‍ യുക്തിസഹമായ ഒരാശയം തോന്നാന്‍ വേണ്ടി വെറുതെ ശൂന്യമായ കടലാസില്‍ നോക്കി ഇരിക്കരുത്.

ഉടന്‍ എഴുതാനാരംഭിക്കുക! വിഷയത്തെപ്പറ്റി – അല്ലെങ്കില്‍ എതുവിഷയത്തെപ്പറ്റിയും – മനസ്സില്‍ തോന്നുന്നതെന്താണോ അതെഴുതിവെയ്ക്കുക – എത്ര ബാലിശമോ വിരസമോ ആയാലും . ഒരു പ്രശസ്ത എഴുത്തുകാരന്‍ ഓരോ ദിവസവും എഴുതാനാരംഭിക്കുന്നത് പച്ചപ്പാല്‍ക്കട്ടികൊണ്ടാണു”. എന്നിട്ട് ചന്ദ്രനെപ്പറ്റിയോ പച്ചയെപ്പറ്റിയോ പാല്‍ക്കട്ടിയെപ്പറ്റിയോ – മനസ്സില്‍ തോന്നുന്നതെന്തായാലും അതേപ്പറ്റി – ടൈപ്പുചെയ്തുകൊണ്ടിരിക്കുന്നു. അദ്ദേഹത്തിന്‍റെ ഭാവന “ചൂടുപിടിക്കുകയും” ആഗ്രഹപ്രകാരമുള്ള ആശയങ്ങളുടെ പ്രവാഹം ആരംഭിക്കുകയും ചെയ്യുന്നതുവരെ.

ആശയപ്രവാഹം ആരംഭിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്നതിന്, അളവുനോക്കിയാല്‍ മതി, ഗുണമേന്മപൂര്‍ണ്ണമായി അവഗണിക്കുക.

ആദ്യം ഓരോ ആശയവും ഓരോ പക്ഷാന്തരവും ഓരോ വ്യതിയാനവും വഴുതി രക്ഷപ്പെട്ടുപോകാതിരിക്കാന്‍ കടലാസില്‍ പിടിച്ചെടുക്കുക. കാരണം, ആശയങ്ങള്‍ തെന്നിപ്പോകുന്നവയാണ്; ഓരോന്നും എഴുതിവെയ്ക്കാത്ത പക്ഷം അവ വായുവില്‍ അപ്രത്യക്ഷമാകും.

പിന്നീട് നിങ്ങള്‍ക്ക് വിധിപറയാം, മൂല്യനിര്‍ണ്ണയം നടത്താം, പരീക്ഷിക്കാം, പക്ഷേ, അത് നിങ്ങള്‍ ആശയസൃഷ്ടിനടത്തുമ്പോഴാകരുത്.

ആശയങ്ങള്‍ സൃഷ്ടിക്കുന്നത് വളരെപ്പെട്ടന്നു നിര്‍ത്തരുത് – പക്ഷാന്തരങ്ങളും വ്യതിയാനങ്ങളും ഉള്‍പ്പടെ, ഓര്മ്മിക്കുക: ഒരാശയം ഒരു തുടക്കം മാത്രം. എന്തെങ്കിലും മെച്ചപ്പെടുത്തുന്നതിനുള്ള സമ്പൂര്‍ണ്ണ പദ്ധതിയല്ല. അത്യാവശ്യമായ മൂലക്കല്ലാവാം നിങ്ങളുടെ ആശയം – എന്നാല്‍ അത് പൂര്‍ണ്ണമായ കെട്ടിടമല്ല.

ഓരോ ആശയവും അനുബന്ധാശയങ്ങളോട് കൂട്ടിച്ചേര്‍ക്കണം. പരസ്പരം ബന്ധിക്കണം. പദ്ധതികള്‍ ഉണ്ടാക്കുന്നതും പ്രോജക്ടുകള്‍ ആരംഭിക്കുന്നതും മെച്ചപ്പെടുത്തലുകള്‍ പൂര്‍ത്തീകരിക്കുന്നതും ആശയങ്ങള്‍ സംയോജിപ്പിച്ച് സമ്പൂര്‍ണ്ണമായ ഒരാശയഘടന ഉണ്ടാക്കുന്നതിലൂടെയാണ്.

ഓരോ ആശയത്തോടുമൊപ്പവും ചോദിക്കേണ്ടചോദ്യങ്ങള്‍:

“വേറെ എന്ത്?”

“ഇപ്പോള്‍ എന്ത്?”

“അങ്ങനെയെങ്കില്‍ എന്ത്?”

“നിങ്ങള്‍ ശ്രമിച്ചുനോക്കിയെന്നു വിചാരിച്ചാല്‍……..?”

പതിമൂന്നാം അദ്ധ്യായത്തിലെ 61 മാന്ത്രികചോദ്യങ്ങള്‍ നിങ്ങള്‍ വീണ്ടും പരിശോധിക്കുക.

കാര്യങ്ങള്‍, സമ്പ്രദായങ്ങള്‍, പദ്ധതികള്‍, സംഘടനകള്‍ എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള ആശയങ്ങള്‍ സൃഷ്ടിക്കുക – നിങ്ങള്‍ക്ക് കൂടുതല്‍ പ്രയോജനപ്രദവും അതിനാല്‍ കൂടുതല്‍ വിലയേറിയതുമായത് എന്തും.

അങ്ങനെ നിങ്ങള്‍ കൂടുതല്‍ സമ്പന്നനാകും… എളുപ്പത്തില്‍!

(തുടരും )

Share: