അറിയാനുള്ള സ്വാതന്ത്ര്യം ; പറയാനും …
ജനാധിപത്യം പൗരന് നൽകുന്ന നെയ്‌വിളക്കാണ് അറിയാനുള്ള സ്വാതന്ത്ര്യം.
പറയാനുള്ള സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ ആത്മാവാണ്.
“ഈശ്വരൻ തെറ്റുചെയ്താലും ഞാനത് റിപ്പോർട്ടു ചെയ്യും” എന്ന സ്വദേശാഭിമാനിയുടെ വാക്കുകൾ കേരളം നെഞ്ചോട് ചേർത്തത് ആ സ്വാതന്ത്ര്യം അനുഭവിച്ചറിയാനുള്ള അഭിനിവേശം കൊണ്ടാണ്.
ജനാധിപത്യം ഉറപ്പുനൽകുന്ന മാധ്യമ സ്വാതന്ത്ര്യത്തെയാണ് നാം എന്നും ആരാധിച്ചുപോന്നത്.
കേരളത്തെപ്പോലെ, ഒരു പക്ഷെ ഇന്ത്യയിലെ മറ്റൊരു സംസ്ഥാനവും മാധ്യമങ്ങൾക്കു ലഭിച്ചിട്ടുള്ള സ്വാതന്ത്ര്യം, അധികാര കേന്ദ്രങ്ങളുടെ ദുശ്ചയ്തികളെ വിമർശിക്കാനും നേർവഴിക്ക് നയിക്കാനും ഉപയോഗിച്ചിട്ടുണ്ടാവില്ല.
ഭരണകൂടത്തെയും ഭരണാധികാരികളെയും അധികാരമോഹികളെയും നേർവഴിക്ക് നടത്താൻ ‘കുഞ്ചൻനമ്പ്യാരാ’ കാൻ നവമാധ്യമങ്ങളും തയ്യാറായത് സഹിഷ്ണതയുടെ പാഠങ്ങൾ നാം പഠിച്ചു വെച്ചിരിക്കുന്നത് കൊണ്ടാണ്.
വിദ്യാസമ്പന്നരെന്നും നിയമത്തിന്റെയും ജനാധിപത്യത്തിന്റെയും സംരക്ഷകരെന്നും നാം കരുതിയിരുന്ന ഒരുവിഭാഗം, മാധ്യമത്തോടു കാട്ടുന്ന അസഹിഷ്ണുതയും മാധ്യമ പ്രവർത്തകരോട് പ്രകടിപ്പിക്കുന്ന പ്രാകൃതമായ കാട്ടുനീതിയുടെ വിയോജിപ്പുകളും അക്രമങ്ങളും പ്രബുദ്ധ കേരളത്തിന്റെ മുഖത്ത് കോരിയൊഴിക്കുന്നത് സാംസ്കാരിക വൈകൃതത്തിന്റെ കരിമഷിക്കൂട്ടാണ് .
പരിഷ്കൃത സമൂഹത്തിന് ഒരിക്കലും യോജിക്കാൻ കഴിയാത്ത കാട്ടുനീതിയുടെ ആയുധങ്ങളുമായി മാധ്യമങ്ങൾക്കെതിരെ ഒരുകൂട്ടം അഭിഭാഷകർ തുടങ്ങിവെച്ച അക്രമങ്ങൾക്കു തടയിടാൻ ചീഫ് ജസ്റ്റിസിന്റെ ഉറപ്പിന് പോലും കഴിയുന്നില്ല എന്നതാണ് സാക്ഷരകേരളം നേരിടുന്ന വെല്ലുവിളി.
മാധ്യമ പ്രവർത്തകർക്ക് ഒരുകൂട്ടം അഭിഭാഷകർ ഹൈക്കോടതിയിൽ ഏർപ്പെടുത്തിയ വിലക്കും അക്രമവും മറ്റു കോടതികളിലേക്കും വ്യാപിക്കുമ്പോൾ അത് ജനാധിപത്യ വിശ്വാസങ്ങളിലും നീതി-ന്യായ വ്യവസ്ഥകളിലും മാധ്യമ സ്വാതന്ത്ര്യത്തിലും ഏൽപ്പിക്കുന്ന മാരകമായ മുറിവുകൾ ഇനിയെങ്കിലും ബന്ധപ്പെട്ടവർ തിരിച്ചറിയണം.
“വിവരങ്ങൾ അറിയാനുള്ള അവകാശം എന്നും ജനങ്ങൾക്കുണ്ട് . അത് നൽകാൻ വിസമ്മതിക്കുന്നിടത്തു നിന്നാണ് ജനാധിപത്യം ഇല്ലാതാകുന്നത്. ജനങ്ങൾ എല്ലാം അറിയണം. എങ്കിൽ മാത്രമേ രാജ്യം സുരക്ഷിതമാകൂ”. എന്ന് എബ്രഹാം ലിങ്കൺ പറഞ്ഞത് 1861 ൽ ആണ്.
നൂറ്റി അൻപത്തഞ്ച് വർഷങ്ങൾ കഴിഞ്ഞും നാം അത് മനസ്സിലാക്കുന്നില്ലങ്കിൽ നമുക്ക് ലഭിച്ചിട്ടുള്ള വിദ്യാഭ്യാസം അർത്ഥശൂന്യമാകുന്നു.
അധികാരികൾ കണ്ണുതുറക്കണം.