അന്താരാഷ്ട്ര സിനിമാപഠനഗവേഷണകേന്ദ്രം 

Share:

തിരുവനന്തപുരം, കിന്‍ഫ്രപാര്‍ക്കില്‍ അന്താരാഷ്ട്ര സിനിമാ പഠനഗവേഷണകേന്ദ്രത്തിന്റെയും ഡിജിറ്റല്‍ ആര്‍ക്കൈവ്സിന്റെയും കെട്ടിടനിര്‍മാണോദ്ഘാടനം സാംസ്കാരികമന്ത്രി എ കെ ബാലന്‍ നിര്‍വഹിച്ചു. സിനിമകളുടെ സംരക്ഷണം, സാങ്കേതികവല്‍ക്കരണം, പുനരുദ്ധാരണം എന്നിവ പ്രധാന ദൌത്യമായി ഏറ്റെടുക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംരംഭമെന്ന് മന്ത്രി പറഞ്ഞു. സിനിമയെക്കുറിച്ച് ഗവേഷണം നടത്താന്‍ കേരളത്തില്‍ ഇതുവരെ സംവിധാനമുണ്ടായിരുന്നില്ല. അന്താരാഷ്ട്ര സിനിമാപഠനഗവേഷണകേന്ദ്രം നിലവില്‍ വരുന്നത് ഈ രംഗത്ത് പുതിയ കാല്‍വയ്പാകുമെന്നും അദ്ദേഹം പറഞ്ഞു.

മിനി തിയറ്ററുകള്‍, ആര്‍ക്കൈവ്സ്, ലൈബ്രറി, കോണ്‍ഫറന്‍സ് ഹാള്‍, ഗസ്റ്റ് റൂം, കഫേറ്റീരിയ തുടങ്ങിയ സൌകര്യങ്ങളോടെയാണ് ആദ്യഘട്ടം പ്രവര്‍ത്തനക്ഷമമാകുക. അന്താരാഷ്ട്രതലത്തില്‍ ശില്‍പ്പശാലകള്‍, സെമിനാറുകള്‍, സിനിമാസ്വാദക ക്യാമ്പുകള്‍ എന്നിവ ഇവിടെ നടത്തും. പുതിയ തലമുറയ്ക്ക് ഗവേഷണം നടത്താനുതകുന്ന തരത്തില്‍ ആധുനികസംവിധാനമുള്ള ഡിജിറ്റല്‍ ആര്‍ക്കൈവ്സ് ആണ് ഇവിടെ ഒരുക്കുക. അക്കാദമി പരിപാടികളുടെ പ്രിവ്യൂവും സിനിമകളുടെ സ്ക്രീനിങ്ങും ഇവിടെ നടത്താനാകും. ചിത്രാഞ്ജലിയിലെ ഫെസ്റ്റിവല്‍ കോംപ്ളക്സ് പൂര്‍ത്തിയാകുന്നതോടെ വിവിധ ദേശീയ-അന്തര്‍ദേശീയ മേളകളുടെ വേദിയായി അവിടം മാറുമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനായി. ആര്‍കിടെക്ട് ശങ്കറാണ് അന്താരാഷ്ട്ര സിനിമാപഠനഗവേഷണകേന്ദ്രത്തിന്റെയും ഡിജിറ്റല്‍ ആര്‍ക്കൈവ്സിന്റെയും നിര്‍മാണവും രൂപകല്‍പ്പനയും നിര്‍വഹിക്കുക. ചടങ്ങില്‍ കൌണ്‍സിലര്‍മാരായ എസ്ബിന്ദു, സിന്ധു ശശി, സാംസ്കാരികവകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, വൈസ് ചെയര്‍പേഴ്സണ്‍ ബീനാപോള്‍, സെക്രട്ടറി മഹേഷ് പഞ്ചു, നടന്‍ ജി കെ പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.

Share: