അഖിലേന്ത്യാ മെഡിക്കല്‍, ഡെന്‍റല്‍ പി.ജി എന്‍ട്രന്‍സ്: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

430
0
Share:

2017 അധ്യയനവര്‍ഷം ഇന്ത്യയിലെ വിവിധ മെഡിക്കല്‍, ഡെന്‍റല്‍ കോളജുകളിൽ ആരംഭിക്കുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സുകളിലേക്കുള്ള നാഷനല്‍ എലിജിബിലിറ്റി കം-എന്‍ട്രന്‍സ് ടെസ്റ്റിന് (നീറ്റ്) സെപ്റ്റംബർ 26 മുതല്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
പരീക്ഷാഫീസ് ജനറല്‍, ഒ.ബി.സി വിഭാഗങ്ങളില്‍പെടുന്നവര്‍ക്ക് 3750 രൂപയും എസ്.സി, എസ്.ടി, പി.ഡബ്ള്യൂ.ഡി വിഭാഗങ്ങളില്‍പെടുന്നവര്‍ക്ക് 2750 രൂപയുമാണ്. നെറ്റ് ബാങ്കിങ്, ക്രെഡിറ്റ് /ഡെബിറ്റ് കാര്‍ഡ് ഉണ്ടെങ്കില്‍ ഓണ്‍ലൈനായി ഫീസടക്കാം. www.nbe.edu.in എന്ന വെബ് പോര്‍ട്ടലിലൂടെയാണ് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തേണ്ടത്. ഇതിനുള്ള നിര്‍ദേശങ്ങള്‍ വെബ്സൈറ്റിലുണ്ട്. നാഷനല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷനാണ് നീറ്റ് പി.ജി-2017, നീറ്റ് എം.ഡി.എസ്-2017 പരീക്ഷകള്‍ക്കായി അപേക്ഷകള്‍ ക്ഷണിച്ചിട്ടുള്ളത്.

നീറ്റ് പി.ജി പരീക്ഷ -2017

വിവിധ വകുപ്പുകളില്‍ എം.ഡി/എം.എസ്/പി.ജി ഡിപ്ളോമ കോഴ്സുകളിലും ഡി.എന്‍.ബി സ്പെഷാലിറ്റി കോഴ്സുകളിലും പ്രവേശത്തിനായാണ് ഏകീകൃത നീറ്റ് പി.ജി-2017 ദേശീയതലത്തില്‍ ഡിസംബര്‍ അഞ്ചുമുതല്‍ 13 വരെ നടത്തുന്നത് . കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റാണിത്. രണ്ടു സെഷനുകളായിട്ടാണ് ടെസ്റ്റ് നടത്തുന്നത്. മള്‍ട്ടിപ്പ്ള്‍ ചോയിസ് മാതൃകയിലുള്ള ടെസ്റ്റില്‍ 300 ചോദ്യങ്ങളുണ്ടാവും. പരമാവധി മൂന്നരമണിക്കൂര്‍ സമയം ലഭിക്കും.
ടെസ്റ്റ് സെന്‍ററുകൾ: തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കോയമ്പത്തൂര്‍, തൃച്ചി, മൈസൂരു, മംഗളൂരു, ബംഗളൂരു, ഹൈദരാബാദ്, വിശാഖപട്ടണം, ഗോവ, നവി മുംബൈ, മുംബൈ, പുണെ, നാഗ്പുര്‍, റാഞ്ചി, വാരാണസി, ന്യൂഡല്‍ഹി, ലഖ്നോ, കൊല്‍ക്കത്ത എന്നിവയുള്‍പ്പെടെ 41 നഗരങ്ങളിലായി ആകെ 86 ടെസ്റ്റ് സെന്‍ററുകളണ് അനുവദിച്ചിട്ടുള്ളത്. സൗകര്യപ്രദമായ ടെസ്റ്റ് സെന്‍ററും തീയതിയും സെഷനും ലഭിക്കുന്നതിന് മുൻകൂട്ടി രജിസ്റ്റര്‍ ചെയ്യണം.
അംഗീകൃത എം.ബി.ബി.എസ് ബിരുദവും മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേനും ഒരുവര്‍ഷത്തെ ഇന്‍േറണ്‍ഷിപ്പും (2017 മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കാന്‍ കഴിയുന്നവരെയും പരിഗണിക്കും) ഉള്ളവര്‍ക്ക് നീറ്റ് പി.ജി-2017ന് രജിസ്റ്റര്‍ ചെയ്യാം.
ടെസ്റ്റിന്‍െറ രീതി പരിചയപ്പെടുന്നതിന് രജിസ്ട്രേഷന്‍ പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കുന്ന കണ്‍ഫര്‍മേഷന്‍ ഐഡി ഉപയോഗിച്ച് 2016 നവംബര്‍ ഒന്നുമുതല്‍ 20 വരെ ഡെമോ ടെസ്റ്റില്‍ പങ്കെടുക്കാം.
ഇതിനുള്ള സൗകര്യം www.nbe.edu.in എന്ന വെബ്സൈറ്റില്‍ ലഭ്യമാകും. നീറ്റ് പി.ജി-2017 ഫലപ്രഖ്യാപനം ജനുവരി 15ന് ഉണ്ടാവും.
50 ശതമാനം അഖിലേന്ത്യാ ക്വോട്ട സീറ്റുകളിലും കല്‍പിത സര്‍വകലാശാലകള്‍, യൂനിവേഴ്സിറ്റികള്‍, സ്വകാര്യ മെഡിക്കല്‍ കോളജുകള്‍, സായുധ സേനാ മെഡിക്കല്‍ കോളജുകള്‍ എന്നിവിടങ്ങളിലും വിവിധ സംസ്ഥാനങ്ങളിലെ സ്റ്റേറ്റ് ക്വോട്ട സീറ്റുകളിലും 2017 വര്‍ഷത്തെ എം.ഡി/എം.എസ്/പി.ജി ഡിപ്ളോമാ കോഴ്സുകളിലേക്കുള്ള പ്രവേശം നീറ്റ് പി.ജി 2017ലെ മെറിറ്റ്ലിസ്റ്റില്‍നിന്ന് നടത്തുന്നതാണ്. എന്നാല്‍, പുതുച്ചേരി ജിപ്മെര്‍, ചണ്ഡിഗഢിലെ P.G.I.M.E.R, ലഖ്നോവിലെ S.G.P.G.I.M.S, ന്യൂഡല്‍ഹിയിലെ A.I.I.M.S, ബാംഗ്ളൂര്‍ NIMHANS, തിരുവനന്തപുരം എസ്.സി.ടി.ഐ എം.എസ്.ടി എന്നിവിടങ്ങളിലെ മെഡിക്കല്‍ പിജി പ്രവേശം ‘നീറ്റ് പി.ജി-2017’ന്‍െറ പരിധിയില്‍പ്പെടില്ല. ഈ സ്ഥാപനങ്ങള്‍ സ്വന്തമായി എന്‍ട്രന്‍സ് പരീക്ഷ നടത്തി പ്രവേശം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ www.nbe.edu.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.

നീറ്റ് എം.ഡി.എസ്-2017:

ന്യൂഡല്‍ഹി എയിംസ് ഒഴികെ ഇന്ത്യയിലെ വിവിധ ഡെന്‍റല്‍ കോളജുകളില്‍ 2017 വര്‍ഷം ആരംഭിക്കുന്ന എം.ഡി.എസ് കോഴ്സുകളിലേക്കുള്ള നാഷനല്‍ എലിജിബിലിറ്റി കം-എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ് എം.ഡി.എസ്-2017) ഇക്കൊല്ലം നവംബര്‍ 30 മുതല്‍ ഡിസംബര്‍ മൂന്നുവരെ ദേശീയതലത്തില്‍ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ നടക്കും. മള്‍ട്ടിപ്പ്ള്‍ ചോയിസ് മാതൃകയിലുള്ള 240 ചോദ്യങ്ങള്‍ ടെസ്റ്റിലുണ്ടാവും. മൂന്ന് മണിക്കൂര്‍ സമയം ലഭിക്കും. നെഗറ്റിവ് മാര്‍ക്കില്ല.
അംഗീകൃത ബി.ഡി.എസ് ബിരുദവും ഡെന്‍റല്‍ കൗണ്‍സില്‍ രജിസ്ട്രേഷനും ഒരുവര്‍ഷത്തെ ഇന്‍േറണ്‍ഷിപ് പൂര്‍ത്തിയാക്കിയിട്ടുള്ളവര്‍ക്ക് നീറ്റ് എം.ഡി.എസ് 2017ല്‍ പങ്കെടുക്കാം. 2017 മാര്‍ച്ച് 31നകം ഇന്‍േറണ്‍ഷിപ് പൂര്‍ത്തിയാക്കാന്‍ കഴിയുന്നവര്‍ക്കും അപേക്ഷിക്കാം.
ഒക്ടോബര്‍ 31 വരെ രജിസ്ടര്‍ ചെയ്യാം. വിവരങ്ങള്‍ www.hbe.edu.in, www.dciindia.org.in -ല്‍ ലഭിക്കും.

Share: