സൈബര്‍ സുരക്ഷ ഉറപ്പാക്കാന്‍ കൂടുതല്‍ വിദഗ്ധരുടെ സേവനം ഉപയോഗിക്കണം -മുഖ്യമന്ത്രി

407
0
Share:

സൈബര്‍ സുരക്ഷ അതീവ പ്രാധാന്യമര്‍ഹിക്കുന്ന സാഹചര്യത്തില്‍ വിദഗ്ധരുടെ സേവനം കൂടുതലായി ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. ‘സൈബര്‍ ഫെസ്റ്റ് 2017’ ന്റെയും കേരളാ പോലീസ് സൈബര്‍ ഡോമിന്റെ പുതിയ സംരംഭങ്ങളുടെ ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കൊച്ചിയിലും കോഴിക്കോട്ടും സൈബര്‍ ഡോമിന്റെ പ്രാദേശിക കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

വിവര സാങ്കേതികവിദ്യ വിദഗ്ധമായി പ്രയോഗിച്ചാണ് സൈബര്‍ കുറ്റങ്ങള്‍ ചെയ്യുന്നത്. ഇത്തരം കുറ്റകൃത്യങ്ങള്‍ കുറയ്ക്കുന്നതില്‍ സൈബര്‍ഡോം വലിയ പങ്ക് വഹിക്കുന്നുണ്ട്. സന്നദ്ധ അടിസ്ഥാനത്തില്‍ സേവനം നടത്തുന്ന സൈബര്‍ ഡോം പ്രവര്‍ത്തകര്‍ നിയമപരമായ നടപടി സ്വീകരിക്കുകയല്ല ചെയ്യുന്നത്. അക്കാര്യങ്ങള്‍ക്ക് സൈബര്‍ സെല്‍ , ഹൈടെക് എന്‍ക്വയറി സെല്‍, സൈബര്‍ പോലീസ് തുടങ്ങിയ സംവിധാനങ്ങളുണ്ട്. ഐ.ടി രംഗത്തെ സുരക്ഷാ ഭീഷണികള്‍ സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കുക, കണ്ടെത്തി പരിഹരിക്കുക, കുറ്റകൃത്യങ്ങള്‍ തടയാനുള്ള മാര്‍ഗങ്ങളെപ്പറ്റി അന്വേഷണവും ഗവേഷണവും നടത്തുക, പരിശീലനം നല്‍കുക തുടങ്ങിയവയാണ് സൈബര്‍ ഡോമിന്റെ ചുമതല. നിരവധി വെബ്, മൊബൈല്‍ ആപ്പുകളുടെ സുരക്ഷാ ഓഡിറ്റിംഗ് നടത്താനും, സോഷ്യല്‍ മീഡിയാ അനാലിസിസ് വഴി കുറ്റകരമായ ഉള്ളടക്കമുള്ള അനേകം സോഷ്യല്‍ മീഡിയാ പേജുകള്‍ നീക്കം ചെയ്യാനുമായി.

ഐ.ടി മിഷന്‍, സൈബര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം തുടങ്ങിയ പോലീസിതര ഏജന്‍സികളുമായി കൂടുതല്‍ ഒത്തുചേര്‍ന്നുള്ള പ്രവര്‍ത്തനം ആവിഷ്‌കരിക്കണം.മികച്ച തുടക്കമിടാന്‍ കഴിഞ്ഞതിന്റെ തെളിവാണ് ഐ.എസ്.ഒ അംഗീകാരമെന്നും മുഖ്യമന്ത്രി പറഞ്ഞു. മികവുറ്റ ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി മാനേജ്മെന്റ് സംവിധാനം നടപ്പിലാക്കുന്നതിനുള്ള ഐ.എസ്.ഒ. 27001:2013 അംഗീകാരം കേരള പോലീസ് സൈബര്‍ഡോമിന് ലഭിച്ചതിന്റെ പ്രഖ്യാപനവും അദ്ദേഹം നിര്‍വഹിച്ചു. സൈബര്‍ സുരക്ഷയ്ക്കായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും ഏജന്‍സികളും പാലിക്കേണ്ട സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങളും നടപടിക്രമങ്ങളും കൃത്യമായി പാലിക്കുന്നതിനുള്ള അന്താരാഷ്ട്ര നിലവാരമാണ് ഐ.എസ്.ഒ. 27001:2013. ഒരു നിയമനിര്‍വഹണ യൂണിറ്റിന് ഇന്ത്യയില്‍ ആദ്യമായാണ് ഈ അംഗീകാരം ലഭിക്കുന്നത്.

കുട്ടികളില്‍ സൈബര്‍ അവബോധം വളര്‍ത്തുന്നതിനുള്ള മൊബൈല്‍ ആപ്പ്, മൊബൈല്‍ഫോണ്‍ ഷോപ്പുകള്‍ക്കും ടെക്നീഷ്യന്മാര്‍ക്കുമായി സൈബര്‍ഡോം വികസിപ്പിച്ചെടുത്ത വെബ് ആപ്ലിക്കേഷന്‍ എന്നിവയും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. സൈബര്‍ഡോമിന്റെ വിവിധ മേഖലകളില്‍ മികവു പുലര്‍ത്തിയവര്‍ക്കുള്ള മെഡലുകളും വിതരണം ചെയ്തു. കുട്ടികളുടെ സുരക്ഷിത ഇന്റര്‍നെറ്റ് ഉപയോഗം സംബന്ധിച്ച് പോലീസ് എസ്.പി. സഞ്ജയ്കുമാര്‍ ഗുരുഡിന്‍ രചിച്ച ‘നിങ്ങളുടെ കുട്ടികള്‍ സുരക്ഷിതരാണോ?’ പുസ്തകത്തിന്റെ പ്രകാശനം മുഖ്യമന്ത്രി നിര്‍വഹിച്ചു.

വി.എസ്.ശിവകുമാര്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. മേയര്‍ അഡ്വ.വി.കെ.പ്രശാന്ത് വിശിഷ്ടാതിഥിയായിരുന്നു. ചീഫ് സെക്രട്ടറി ഡോ.കെ.എം.എബ്രഹാം മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ സ്വാഗതം ആശംസിച്ചു. ഡോ: എം.കെ. മുനീര്‍ എം.എല്‍.എ, ഡി.ജി.പി. ക്രൈംസ് എ.ഹേമചന്ദ്രന്‍, ടെക്നോപാര്‍ക്ക് സി.ഇ.ഒ. ഹൃഷികേശ് നായര്‍, സൗത്ത്സോണ്‍ എ.ഡി.ജി.പി. ഡോ.ബി.സന്ധ്യ, ഹസീബ് കുന്ദ്ര, അര്‍ജുന്‍മോഹന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. തിരുവനന്തപുരം റേഞ്ച് ഐ.ജി.യും സൈബര്‍ഡോം നോഡല്‍ ഓഫീസറുമായ മനോജ് എബ്രഹാം നന്ദി പറഞ്ഞു. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി വൈകിട്ട് 4 മുതല്‍ 5.30വരെ ”കുട്ടികളുടെ ഓണ്‍ലൈന്‍ സുരക്ഷ”’എന്ന വിഷയത്തില്‍ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസിലെ പോള്‍ അമല്‍രാജ്, കേരള യൂണിവേഴ്സിറ്റി ബയോ ഇന്‍ഫോമാറ്റിക്സ് വിഭാഗം മേധാവി ഡോ.അച്യുത്ശങ്കര്‍ എസ്. നായര്‍ എന്നിവര്‍ ക്ലാസെടുത്തു.

Share: