വിമര്‍ശനത്തിന്‍റെ തിരികല്ലില്‍ ആശയങ്ങള്‍ മൂര്‍ച്ച കൂട്ടുക!

Share:

തെളിയിക്കപ്പെട്ട വിജയമാർഗ്ഗങ്ങൾ : എങ്ങനെ സമ്പന്നനാകാം എളുപ്പത്തില്‍-24
എം ആർ കൂപ് മേയർ പരിഭാഷ : എം ജി കെ നായർ

നിങ്ങളുടെ ആശയങ്ങളെപ്പറ്റിയുള്ള വിമര്‍ശനങ്ങളില്‍ ഭയക്കരുത്.
വിമര്‍ശനത്തെ സ്വാഗതം ചെയ്യുക. അതില്‍നിന്നും പഠിക്കുക, അതിനോടു നന്ദിപറയുക. സത്യസന്ധവും സഹായകരവുമായ വിമര്‍ശനത്തിന് നിങ്ങളുടെ ആത്മാര്‍ത്ഥമായ കൃതജ്ഞത പ്രകാശിപ്പിക്കുക.

വിമര്‍ശനത്തിന്‍റെ തിരികല്ല് പരുക്കനും ചിലപ്പോള്‍ ശബ്ദായമാനവും ആയിരിക്കാം. എന്നാല്‍ നിങ്ങളുടെ ആശയങ്ങളെ അതു മൂര്‍ച്ചകൂട്ടുന്നു എന്നുള്ളതിന്‍റെ തെളിവാണത്.

കുറേ വിമര്‍ശനം ക്ഷണിച്ചുവരുത്തുന്നില്ലെങ്കില്‍ നിങ്ങളുടെ ആശയങ്ങള്‍ അധികം ശ്രദ്ധ ആകര്‍ഷിക്കുകയില്ല. കുറ്റമറ്റതായി ജനിക്കുന്ന ആശയങ്ങള്‍ അപൂർവ്വമാണ്. ആരേക്കാളും കൂടുതല്‍ മിടുക്കനായ വ്യക്തി ആരാണ്? എല്ലാവരും.
അതിനാല്‍ നിങ്ങളുടെ ആശയങ്ങള്‍ തുറന്നുകാട്ടുക. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ക്ഷണിക്കുക – അതേ, വിമര്‍ശനവും ക്ഷണിക്കുക.

വിമര്‍ശനത്തിന്‍റെ പരുക്കനായ തിരികല്ലില്‍ നിങ്ങളുടെ ആശയങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടുക. അത് മന:പൂര്‍വ്വം ചെയ്യുക – ഭയമോ വികാരതരളതയോ ഇല്ലാതെ. കാരണം, ‘തെളിയിക്കപ്പെട്ട വിജയമാര്‍ഗ്ഗ’ങ്ങളില്‍ ഏറ്റവും ഫലപ്രദമായ ഒന്ന് നിങ്ങള്‍ ഉപയോഗിക്കുകയാണ്.

എന്നാല്‍ നിങ്ങളുടെ ആശയങ്ങളോടുള്ള സത്യസന്ധവും സഹായകരവുമായ വിമര്‍ശനങ്ങളോടൊപ്പം മറ്റൊന്നുകൂടി പ്രതീക്ഷിക്കണം – കുറേ പരിഹാസവും അസൂയയും. പരിഹാസമോ അസൂയയോ നിങ്ങളെ വേദനിപ്പി ക്കുകയോ ശല്യപ്പെടുത്തുകയോ ചെയ്യാന്‍ അനുവദിക്കരുത്.

പരിഹാസമാണ് ഒരാശയത്തിന്‍റെ ശരിയായ പരീക്ഷണമെന്ന് പറയാറുണ്ട്.
കാരണം, അര്‍ഹമായ പരിഹാസമില്ലെങ്കില്‍, ആശയം നിലനിൽക്കുകയില്ല.
അതിനാൽ പരിഹാസം നിലനിൽക്കുന്നുവെങ്കിൽ, അർഹമെങ്കിൽ, നിങ്ങളുടെ ആശയത്തിന് രൂപാന്തരവും മെച്ചപ്പെടുത്തലും ആവശ്യമാണെന്ന് നിങ്ങള്‍ക്കു മനസ്സിലാക്കാം. അതിനാല്‍ (സൗഹൃദപരമോ അല്ലാത്തതോ ആയ) വിമര്‍ശനത്തില്‍ നിന്നും നിങ്ങള്‍ പാഠം പഠിക്കുന്നതുപോലെ, അത്തരം പരിഹാസത്തില്‍ നിന്നും പാഠം പഠിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും.

എന്നിരുന്നാലും വെറും അസൂയയുടെ ഫലമായി നിങ്ങളുടെ ആശയം കുറേ പരിഹാസമുണ്ടാക്കിയേക്കാം.

അസൂയ ഗുണകരമല്ല. എന്നാല്‍ അതു നിങ്ങളുടെ അധീശത്വത്തിന്‍റെ സുനിശ്ചിതമായ അടയാളമാണ്; അതിനാല്‍ മറ്റൊരുവിധത്തിലുള്ള പ്രശംസയും.
വാസ്തവത്തില്‍ ആംഗലകവി ജോണ്‍ ഗേ എഴുതിയതുപോലെ, “അസൂയ ഒരുതരം പ്രശംസയാണ്.”

റോമന്‍ പണ്ഡിതനായ പ്ലീനി എഴുതി:

“അസൂയ എല്ലായ്പ്പോഴും ബോധപൂര്‍വ്വമായ അപകര്‍ഷതയെ ഉള്‍ക്കൊള്ളുന്നു – അതെവിടെയാണോ വസിക്കുന്നത് അവിടെ”.

ഈ സന്ദര്‍ഭത്തില്‍ തന്നെ സിഡ്നി സ്മിത്തിന്‍റെ വാക്കുകള്‍ ഉദ്ധരിക്കാം:

“ചെറുപ്പം മുതലെ നിങ്ങളുടെ ആശയങ്ങള്‍ക്കെതിരേയുള്ള അസൂയാകലുഷിതമായ പരിഹാസം പരിചയിക്കുക. അസൂയാകലുഷിതമായ പരിഹാസത്തെ നിരന്തരം ഭയന്നു ജീവിച്ചാല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ യുക്തിയും വിവേകവും പ്രയോഗിക്കനാവില്ല. സര്‍വ്വദാ മരണത്തെമുന്നില്‍ കണ്ടു കൊണ്ടു ജീവിച്ചാല്‍ ജീവിതം ആസ്വദിക്കാന്‍ കഴിയാത്തതുപോലെ.”

അതിനാല്‍…. മെച്ചപ്പെടുത്തലുകള്‍ക്ക് നിങ്ങളുടെ ആശയങ്ങള്‍ തുറന്നുകാണിക്കുക. വിനയപൂര്‍വ്വം അവ മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കുക. ആശയങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താനുള്ള വിമര്‍ശനം സ്വാഗതം ചെയ്തു അവയെ കൂടുതല്‍ പ്രയോജനകരമാക്കുക.

എന്നാല്‍ നിങ്ങളുടെ ആശയങ്ങള്‍ വിനയപൂര്‍വ്വം വിനിമയം ചെയ്യുന്നുവെങ്കിലും അത് ഭീരുത്വത്തോടെയോ ഭയന്നോ ചെയ്യരുത്. അസൂയയോട് ഭയമോ വിദ്വേഷമോ ആവശ്യമില്ല. നിങ്ങളുടെ ശ്രേഷ്ഠതയുടെ അംഗീകാരമായി അതിനെ സ്വീകരിക്കുക.

പഴയ, പഴഞ്ചൊല്ലില്‍ നിന്നും സംതൃപ്തിനേടുക:

“നിങ്ങളോട് അസൂയപ്പെടുന്നവര്‍, നിങ്ങളെ പ്രശംസിക്കുന്നു. പരാജയത്തിന്‍റെ സുനിശ്ചിതമായ ലക്ഷണം അധികം പേരില്‍ അസൂയ ഉളവാക്കുകയില്ല.”

ചത്തപട്ടിയെ ആരും തൊഴിക്കാറില്ല!

അസൂയകൊണ്ടു വിമര്‍ശിക്കുന്ന അസൂയാലുക്കളാല്‍ ഭീഷണിപ്പെടുത്തപ്പെട്ടവരാകാതിരിക്കുക. പ്രായോഗികതയുടെ അരിപ്പയില്‍ കൂടി എല്ലാവിമര്‍ശനവും ഒഴുകാന്‍ അനുവദിക്കുക. അങ്ങനെ അനേകം സ്വർണ്ണക്കട്ടികള്‍ നിങ്ങള്‍ക്ക് ലഭിക്കുകയും അവ നിങ്ങളെ ആനന്ദിപ്പിക്കുകയും ചെയ്യും!

എന്‍റെ സ്വന്തം അനുഭവത്തില്‍ നിന്നും എനിക്കതു സാക്ഷ്യപ്പെടുത്താന്‍ സാധിക്കും, ഒരു പബ്ലിക്‌ കമ്മീഷന്‍ മുമ്പാകെ എനിക്കുണ്ടായ കഠിനാവസ്ഥകണ്ട ഒരു പ്രശസ്ത അഭിഭാഷകന്‍ എന്നെ ടെലഫോണില്‍ വിളിച്ചു. എന്നിട്ടു പരുഷമായി പറഞ്ഞു:

“ഞാന്‍ താങ്കള്‍ക്കു കുറെ സൗജന്യോപദേശം തരാൻ പോവുകയാണ്.
അദ്ദേഹം അത് ചെയ്തു. ആ സൗജന്യോപദേശം (മുഴുവന്‍ വിമര്‍ശനപരം) എനിക്കു വലിയൊരു സ്വത്തിനു തുല്യമായിരുന്നു!

മറ്റൊരവസരത്തില്‍ ഒരു ചെറിയ പ്രസാധകന്‍ വളരെദൂരെനിന്നും എന്നെ വിളിച്ചിട്ട് പുസ്തകവില്പനയില്‍ വന്‍നഷ്ടം വരുത്തുന്ന ഒരു പിശക് എങ്ങനെയില്ലാതാക്കാമെന്ന് നാലുവാക്കുകളില്‍ എന്നോടു പറയാമെന്നു പ്രഖ്യാപിച്ചു. അദ്ദേഹം അതുചെയ്തു – നാലുവാക്കുകളില്‍ തന്നെ! ചെറിയ, അപ്രശസ്തനായ, അജ്ഞാതനായ, ആ പ്രസാധകന്‍റെ വിമര്‍ശനം അവഗണിച്ചിരുന്നെങ്കില്‍ എനിക്കുണ്ടാകുമായിരുന്ന നഷ്ടം എത്രയായിരിക്കുമെന്നോര്‍ത്ത് ഞാന്‍ ഞെട്ടിപ്പോകുന്നു!
അദ്ദേഹത്തിന്‍റെ വിമര്‍ശനം അത്രയേറെ പണമാണ് എനിക്ക് നഷ്ടപ്പെടാതെ സഹായിച്ചത്.

ആ പാഠം സുവ്യക്തമായും ഉച്ചത്തിലുമാണ് വരുന്നത്! എല്ലാ വിമര്‍ശനവും സ്വാഗതം ചെയ്യുക!
അവ ശരിയായി അരിച്ചെടുത്താല്‍ നിങ്ങള്‍ക്ക് അനേകം സ്വര്‍ണ്ണക്കട്ടികള്‍ കിട്ടും!

അങ്ങനെ കൂടുതല്‍ സമ്പന്നനാകുക…. എളുപ്പത്തില്‍!

Share: