മഴ: സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു

Share:

കേരളത്തില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുളളതിനാല്‍ സര്‍ക്കാര്‍, ജില്ലാകളക്ടര്‍മാര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി.

ദിവസവും 12 മുതല്‍ 20 സെന്റീ മീറ്റര്‍ വരെ മഴയ്ക്ക് സാധ്യതയുണ്ട്. ഇതോടനുബന്ധിച്ചുണ്ടാകാവുന്ന കെടുതികളുടെ ആഘാതം കുറയ്ക്കാന്‍ ജില്ലാ ഭരണകൂടങ്ങള്‍ മുന്‍കരുതല്‍ നടപടി സ്വീകരിക്കണമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍ദേശിച്ചു. മൂന്നുദിവസമായി സംസ്ഥാനത്ത് തോരാതെ മഴ പെയ്യുന്ന സാഹചര്യത്തില്‍ ജില്ലകളില്‍ നിന്ന് എല്ലാ ദിവസവും സ്ഥിതിഗതികള്‍ അടങ്ങിയ റിപ്പോര്‍ട്ട് കളക്ടര്‍മാര്‍ സര്‍ക്കാരിന് സമര്‍പ്പിക്കണം.

താലൂക്കുകളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറക്കണം. അവയുടെ ഫോണ്‍ നമ്പറുകള്‍ മാധ്യമങ്ങള്‍ മുഖേന പൊതുജനങ്ങളെ അറിയിക്കണം ആവശ്യമുളളിടത്തെല്ലാം ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറക്കണം. ദുരിത ബാധിതരെ മാറ്റിപ്പാര്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്ന കെട്ടിടങ്ങളുടെ ഒരു താക്കോല്‍ വില്ലേജ് ഓഫീസര്‍മാരോ തഹസില്‍ദാര്‍മാരോ മുന്‍കൂര്‍ വാങ്ങി സൂക്ഷിക്കണം. ഇതു സംബന്ധിച്ച് മേയ് 22ന് സര്‍ക്കാര്‍ പുറപ്പെടുവിച്ച 161/കെ1/2016 പ്രകാരമുളള ദുരിതാശ്വാസ പ്രവര്‍ത്തന നടപടികള്‍ ഏകോപിപ്പിക്കണം.

വൈകിട്ട് ഏഴു മുതല്‍ രാവിലെ ഏഴു വരെ മലയോരമേഖലയിലേയ്ക്കുളള യാത്ര പരിമിതപ്പെടുത്താന്‍ പോലീസിന് നിര്‍ദേശം നല്‍കണം. ബീച്ചുകളില്‍ വിനോദ സഞ്ചാരികള്‍ കടലില്‍ ഇറങ്ങാതിരിക്കാന്‍ ഡിറ്റിപിസി മുഖേന അടിയന്തര നടപടികള്‍ സ്വീകരിക്കണം. ഈ കാലാവസ്ഥയില്‍ പുഴകളിലും ചാലുകളിലും വെളളക്കെട്ടുകളിലും പൊതുജനങ്ങളും വിനോദ സഞ്ചാരികളും ഇറങ്ങാതിരിക്കാന്‍ പ്രചാരണം നടത്തണം.

മലയോര മേഖലകളിലെ റോഡുകള്‍ക്ക് കുറുകെയുളള ചെറിയ ചാലുകളിലൂടെ മഴ വെളളപാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാന്‍ സാധ്യതയുളളതിനാല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നത് തടയണം. മരങ്ങള്‍ക്ക് ചുവട്ടിലും പരിസരത്തും വാഹനം നിര്‍ത്തിയിടുന്നതും ഒഴിവാക്കണമെന്ന് ജനങ്ങളെ അറിയിക്കണം. ദുരന്ത നിവാരണം കൈപുസ്തകത്തിലെ രണ്ടാം വാല്യത്തില്‍ പേജ് 33ല്‍ പറയുന്ന മുന്നൊരുക്കങ്ങള്‍ കളക്ടറേറ്റുകളുടെ നേതൃത്വത്തില്‍ നടത്തണമെന്ന് റവന്യൂ മന്ത്രി നിര്‍ദേശിച്ചു.

പൊതുജനങ്ങള്‍ക്ക് ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ അടിയന്തരമായി ഇടപെടുന്നതിന് സെക്രട്ടേറിയറ്റ്, കളക്ടറേറ്റുകള്‍, താലൂക്ക് ഓഫീസുകള്‍ എന്നിവിടങ്ങളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി, ലാന്റ് റവന്യൂ കമ്മീഷണര്‍, ദുരന്ത നിവാരണ അതോറിറ്റി സെക്രട്ടറി എന്നിവരുടെ സേവനം ലഭ്യമായിരിക്കും. . നിത്യവും പെയ്യുന്ന മഴ, ആകെ പെയ്ത മഴ, ജനങ്ങള്‍ക്കുണ്ടാക്കുന്ന അപായങ്ങള്‍, വീടുകള്‍, കന്നുകാലികള്‍, കൃഷി തുടങ്ങിയവയ്ക്കുണ്ടാകുന്ന നഷ്ടങ്ങള്‍ എന്നിവയെല്ലാം ദിവസവും ഇനം തിരിച്ച കണക്ക് സര്‍ക്കാരിന് ലഭ്യമാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

sdma.kerala.gov.in ല്‍ നിന്ന് കൂടുതൽ വിവരങ്ങൾ  ലഭിക്കും

Share: