തൊഴിലാളി ക്ഷേമനിധി: പ്രതിമാസം നല്‍കേണ്ടത് 20 രൂപ

410
0
Share:

തൊഴിലാളികളുടെ അധ്വാനത്തിന് മികച്ച തിരിച്ചടവ് നല്‍കുന്ന സംസ്ഥാനസര്‍ക്കാരിന്റെ ക്ഷേമനിധിയോട് തൊഴിലാളികള്‍ക്കിടയില്‍ പ്രിയമേറുന്നു. അംഗത്വമെടുക്കുന്നതിനുള്ള ലളിതമായ പ്രക്രിയയും തുച്ഛമായ തുകമാത്രം അടക്കേണ്ടതിനാലുമാണ് കേരളാ ഷോപ്സ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ളിഷ്മെന്റിസ് തൊഴിലാളി ക്ഷേമപദ്ധതിക്ക് സ്വീകാര്യത വര്‍ധിക്കുന്നത്. ആനുകൂല്യവിതരണം കാര്യക്ഷമമായി നടക്കുന്നതിനാല്‍ കോവിഡ് കാലത്ത് ക്ഷേമനിധിയില്‍ അംഗത്വമെടുക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നുണ്ടെന്നും ദ്രുതഗതിയില്‍ മാറിക്കൊണ്ടിരിക്കുന്ന വ്യാപാര പരിതസ്ഥിതിയില്‍ ക്ഷേമനിധിയിലൂടെയുള്ള ധനസഹായം തൊഴിലാളികള്‍ക്ക് വളരെയധികം ആശ്വാസമാവുന്നുവെന്നും ബോര്‍ഡ് ജില്ലാ എക്സിക്യുട്ടീവ് ഓഫീസര്‍ പറഞ്ഞു.

അംഗത്വമപേക്ഷിക്കാന്‍ പ്രയാസമില്ല

തൊഴിലാളി ക്ഷേമനിധിയില്‍ അംഗത്വമെടുക്കുക വളരെ എളുപ്പമുള്ള പ്രക്രിയയാണ്. peedika.kerala.gov.in എന്ന വെബ്സൈറ്റില്‍ അംഗത്വം, രജിസ്ട്രേഷന്‍, ആനുകൂല്യം തുടങ്ങിയ എല്ലാവിധ അപേക്ഷകളും ലഭ്യമാണ്. വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുന്ന അപേക്ഷ പൂരിപ്പിച്ച് തൊഴിലാളി ക്ഷേമ നിധി ബോര്‍ഡ് ജില്ലാ എക്സിക്യുട്ടീവ് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. തുടര്‍പരിശോധന നടത്തി ഏഴുദിവസത്തിനകം തന്നെ അംഗത്വത്തിനുള്ള നടപടി സ്വീകരിക്കും.

തൊഴിലാളി വിഹിതം 20 രൂപ

ഓരോ അംഗവും പ്രതിമാസം 20 രൂപയാണ് ക്ഷേമനിധിയിലേക്ക് അടക്കേണ്ടത്. ഓരോ തൊഴിലുടമയും ഓരോ തൊഴിലാളിക്കും വേണ്ടി പ്രതിമാസം 20 രൂപ വീതവും അടക്കണം. സ്വയം തൊഴില്‍ ചെയ്യുന്ന ഒരാള്‍ തൊഴിലാളി വിഹിതമായ 20 രൂപയും തൊഴിലുടമയുടെ വിഹിതമായ 20 രൂപയും ഉള്‍പ്പെടെ പ്രതിമാസം 40 രൂപ അടക്കണം. തൊഴിലാളി വിഹിതവും തൊഴിലുടമ വിഹിതവും ചേര്‍ന്നുള്ള അംശാദായം തൊഴിലുടമ ബോര്‍ഡില്‍ ഒടുക്കിയിരിക്കേണ്ടതാണ്. സ്വയം തൊഴില്‍ ചെയ്യുന്നവര്‍ അവരുടെ അംശാദായം സ്വന്തമായി ഒടുക്കേണ്ടതുമാണ്. ഒരു തൊഴിലുടമയ്ക്കോ, സ്വയംതൊഴില്‍ ചെയ്യുന്ന അംഗത്തിനോ ആറുമാസത്തെയോ ഒരു വര്‍ഷത്തേയോ അംശാദായം ഒരുമിച്ച് മുന്‍കൂറായി അടയ്ക്കാവുന്നതാണ്. പത്ത് വര്‍ഷം വരെ തുടര്‍ച്ചയായി അംശാദായം ഒടുക്കുന്നവര്‍ക്ക് പെന്‍ഷന്‍ ലഭിക്കും. പത്ത് വര്‍ഷത്തിന് മുമ്പ് അംശാദായം അടക്കുന്നത് നിര്‍ത്തുകയാണെങ്കില്‍ 60 വയസ് പൂര്‍ത്തിയാവുമ്പോള്‍ അടച്ച തുക പൂര്‍ണമായും തിരികെ ലഭിക്കും.

ആനുകൂല്യങ്ങള്‍ നിരവധി

പെന്‍ഷന്‍: കുറഞ്ഞത് പത്തു വര്‍ഷം തുടര്‍ച്ചയായി അംശാദായം അടച്ച ഒരു അംഗത്തിന് അറുപത് വയസ് തികയുകയോ സ്ഥിരമായ ശാരീരിക അവശത മൂലം രണ്ട് വര്‍ഷത്തിലധികമായി ജോലി ചെയ്യാന്‍ കഴിയാതിരിക്കുന്ന അവസ്ഥ വന്നാലോ, പെന്‍ഷന് അര്‍ഹത ഉണ്ടായിരിക്കുന്നതാണ്. ഇവിടെ തൊഴിലാളി ഒരേ സ്ഥാപനത്തില്‍ തന്നെ തൊഴില്‍ ചെയ്യണമെന്നില്ല. മറ്റു തൊഴില്‍ സ്ഥാപനത്തിലേക്ക് മാറിയാലും പത്ത് വര്‍ഷം തുടര്‍ച്ചയായി അംശാദായം അടച്ചവര്‍ക്ക് പെന്‍ഷന് അര്‍ഹതയുണ്ടായിരിക്കും.

കുടുംബപെന്‍ഷന്‍: കുറഞ്ഞത് പതിനഞ്ചു വര്‍ഷം അംശാദായം അടച്ച ഒരു അംഗമോ, ഈ പദ്ധതി പ്രകാരം പെന്‍ഷന് അര്‍ഹതയുള്ള അംഗമോ മരണപ്പെട്ടാല്‍ അയാളുടെ കുടുംബത്തിന് കുടുംബ പെന്‍ഷന്‍ ലഭിക്കും.

പ്രസവാനുകൂല്യം: ഒരു വര്‍ഷമെങ്കിലും തുടര്‍ച്ചയായി അംശാദായം അടച്ചിട്ടുളളതും എംപ്ളോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് പദ്ധതിയുടെ പരിധിയില്‍ വരാത്തതുമായ വനിതാ അംഗത്തിന്, അംഗം പ്രസവത്തിനായി അവധിയില്‍ പ്രവേശിക്കുന്ന തിയ്യതി മുതല്‍ ജോലിയില്‍ പുന:പ്രവേശിക്കുന്നതുവരെയുളള പരമാവധി 3 മാസത്തെ വേതനമോ 15,000 രൂപയോ ഏതാണ് കുറവ് അത് ലഭിക്കുന്നതാണ്. ഗര്‍ഭം അലസല്‍ സംഭവിച്ച അംഗത്തിന് അംഗം അവധിയില്‍ പ്രവേശിക്കുന്ന തിയ്യതി മുതല്‍ ജോലിയില്‍ പുന:പ്രവേശിക്കുന്നതുവരെയുളള പരമാവധി 6 ആഴ്ചത്തെ വേതനം അപേക്ഷകന്റെ ജോലി വിഭാഗത്തിന് അല്ലെങ്കില്‍ തസ്തികയ്ക്ക് അര്‍ഹതപ്പെട്ട നിശ്ചിത മിനിമം വേതന നിരക്കില്‍ നല്‍കുന്നതുമാണ്. എന്നാല്‍ ഈ ആനുകൂല്യം പരമാവധി രണ്ട് പ്രാവശ്യത്തില്‍ കൂടുതല്‍ ലഭിക്കാന്‍ അര്‍ഹതയുണ്ടായിരിക്കുന്നതല്ല.

വിവാഹാനുകൂല്യം: കുറഞ്ഞത് മൂന്നു വര്‍ഷമെങ്കിലും അംശാദായം അടച്ച അംഗങ്ങളുടെ പ്രായപൂര്‍ത്തിയായ പെണ്‍ മക്കളുടെയും സ്ത്രീ അംഗങ്ങളുടെയും വിവാഹ ചിലവിനായി 5000 രൂപ ലഭിക്കുന്നതാണ്. ഈ ആനുകൂല്യം പരമാവധി രണ്ട് തവണ മാത്രമേ ഒരംഗത്തിന് ലഭിക്കുകയുള്ളൂ.

മരണാനന്തര ചെലവ്: കുറഞ്ഞത് മൂന്നു വര്‍ഷമെങ്കിലും നിധിയിലേയ്ക്ക് അംശാദായം അടച്ച അംഗത്തിന്റെയൊ കുടുംബാംഗങ്ങളുടെയോ മരണാനന്തര ചെലവുകള്‍ക്കായി 1000 രൂപാ വീതം ലഭിക്കുന്നതാണ്.

ചികിത്സാ സഹായം: കുറഞ്ഞത് മൂന്നു വര്‍ഷമെങ്കിലും നിധിയിയിലേയ്ക്ക് തുടര്‍ച്ചയായി അംശാദായം അടച്ച അംഗത്തിനും കുടുംബാംഗങ്ങള്‍ക്കും സര്‍ക്കാര്‍ ആശുപത്രിയില്‍ കിടന്നുള്ള ചികിത്സക്ക് അംഗത്വ കാലാവധിയില്‍ പരമാവധി 10,000 രൂപ ബോര്‍ഡിന്റെ അംഗീകാരത്തിന് വിധയേമായി ചികിത്സാ സഹായം നല്‍കുന്നതാണ്.

വിദ്യാഭ്യാസാനുകൂല്യം: ഒരു വര്‍ഷമെങ്കിലും നിധിയിയിലേയ്ക്ക് തുടര്‍ച്ചയായി അംശാദായം അടച്ച അംഗങ്ങളുടെ സമര്‍ഥരായ മക്കള്‍ക്ക് ബോര്‍ഡില്‍ നിന്നും വിദ്യാഭ്യാസാനുകൂല്യം ലഭിക്കുന്നതാണ്. വിദ്യാഭ്യാസാനുകൂല്യ പദ്ധതി ബോര്‍ഡ് ആവിഷ്‌കരിച്ച് സര്‍ക്കാര്‍ അനുമതി ലഭിക്കുന്ന മുറക്ക് നടപ്പാക്കുന്നതാണ്

മരണാനന്തര സഹായം: നിധിയിലെ ഒരംഗം അസുഖം മൂലമോ അപകടം മൂലമോ മരണപ്പെട്ടാല്‍ ആദ്യ മൂന്നു വര്‍ഷത്തെ അംഗത്വ കാലയളവിനുള്ളില്‍ അയ്യായിരം രൂപയും ശേഷമുള്ള ഓരോ വര്‍ഷത്തെ അംഗത്വ കാലയളവിനും ആയിരം രൂപ വീതവും രണ്ടും കൂടി പരമാവധി 20,000 രൂപ അംഗത്തിന്റെ കുടുംബത്തിന് മരണാനന്തര ധനസഹായം ആയി നല്‍കുന്നതാണ്.

Share: