തടവറകളില്‍ വിദൂര വിദ്യാഭ്യാസ പഠനം

620
0
Share:

അബൂദബി: അബൂദബിയിലെ ജയിലുകളില്‍ തടവുശിക്ഷ അനുഭവിക്കുന്നവര്‍ക്ക് ഇനി വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിദൂര വിദ്യാഭ്യാസ കോഴ്സുകളില്‍ ചേര്‍ന്ന് പഠിക്കാം. അബൂദബി പൊലീസ് ജനറല്‍ കമാന്‍ഡര്‍ മേജര്‍ ജനറല്‍ മുഹമ്മദ് ഖല്‍ഫാന്‍ ആല്‍ റുമൈതിയാണ് യു.എ.ഇയിലെ നിരവധി സര്‍വകലാശാലകളുമായും ഉന്നത സാങ്കേതിക വിദ്യാഭ്യാസ കോളജുകളുമായും ചേര്‍ന്ന് ഇത്തരമൊരു പദ്ധതി ആവിഷ്കരിക്കാന്‍ നിര്‍ദേശം നല്‍കിയത്.
വിവിധ ബിരുദ-ബിരുദാന്തര കോഴ്സുകളില്‍ നിരവധി സര്‍വകലാശാലകള്‍ ഓണ്‍ലൈന്‍ പഠനം സാധ്യമാക്കുന്നുണ്ട്.
തടവരുകാരെ പുനരധിവസിപ്പിക്കുകയും അവരുടെ സ്വഭാവം പരിഷ്കരിക്കുകയും അവര്‍ക്ക് ശരിയായ അക്കാദമിക വിദ്യാഭ്യാസം നല്‍കുകയും ജയില്‍ജീവിതത്തിന് ശേഷം ജോലി നേടാന്‍ പര്യാപ്തരാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മേജര്‍ ജനറല്‍ മുഹമ്മദ് ഖല്‍ഫാന്‍ ആല്‍ റുമൈതി പറഞ്ഞു. മിഡിലീസ്റ്റില്‍ ഇത്തരമൊരു പദ്ധതി ആദ്യത്തേതാണ്. വ്യക്തികളുടെ കഴിവുകളും മൂല്യങ്ങളും വികസിപ്പിക്കുന്നതില്‍ ശ്രദ്ധയുള്ള രാജ്യമാണ് യു.എ.ഇയെന്നും അദ്ദേഹം പറഞ്ഞു.
തൊഴില്‍ വൈദഗ്ധ്യം നല്‍കുകയും കഴിവുകള്‍ വര്‍ധിപ്പിക്കുകയും സാധാരണ ജീവിതം നയിച്ച് സമൂഹത്തില്‍ തിരിച്ചത്തെുന്നതിന് പ്രാപ്തരാക്കുകയും ചെയ്ത് തടവുകാരെ പുനരധിവസിപ്പിക്കുന്നതില്‍ അബൂദബി പൊലീസിന് ഏറെ താല്‍പര്യമുണ്ടെന്ന് അബൂദബി പൊലീസ് ആക്ടിങ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മക്തൂം അലി ആല്‍ ശരീഫി പറഞ്ഞു. ജയില്‍മോചനത്തിന് ശേഷം ലോകത്തിന്‍െറ ഏതു ഭാഗത്തും പഠനം തുടരാന്‍ തടവുകാര്‍ക്ക് സാധിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വിദൂര വിദ്യാഭ്യാസ പഠനം തടവുകാരില്‍ ക്രിയാത്മകമായ ഫലങ്ങളുണ്ടാക്കുമെന്ന് അബൂദബി പൊലീസിന്‍െറ പീനല്‍ ആന്‍ഡ് കറക്ഷനല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് സൈഫ് ആല്‍ സആബി അഭിപ്രായപ്പെട്ടു. ജയിലിലെ പ്രഭാഷണ ഹാളുകള്‍ അക്കാദമിക വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന വിധം സൗകര്യമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

Share: