എംപ്ളോയ്മെൻറ് രജിസ്ട്രേഷൻ പുതുക്കാൻ അവസരം

Share:

ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന എംപ്ളോയ്മെൻറ് രെജിസ്ട്രേഷൻ പുതുക്കാന്‍ ഒരു അവസരംകൂടി നല്‍കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവായി. ഇതുപ്രകാരം 1997 ജനുവരി ഒന്നുമുതല്‍ 2017 ജൂലൈ 31 വരെ രജിസ്ട്രേഷന്‍ പുതുക്കാന്‍ കഴിയാത്തവര്‍ക്ക് പഴയ സീനിയോറിറ്റി നിലനിര്‍ത്തിക്കൊടുക്കും. തൊഴിലും നൈപുണ്യവും (ജി) വകുപ്പിന്റെ ജിഒ(ആര്‍ടി) നം. 1024/2017/എല്‍ബിആര്‍/5/8/2017 ഉത്തരവു പ്രകാരം സെപ്തംബര്‍ രണ്ടുമുതല്‍ രജിസ്ട്രേഷനുകള്‍ പുതുക്കാനാവും. 2017 ഒക്ടോബര്‍ 31 വരെയാണ് പഴയ രജിസ്ട്രേഷന്‍ പുതുക്കാന്‍ അവസരം ലഭിക്കുക.
അടുത്തകാലത്തൊന്നും ഇത്രയും ദീര്‍ഘമായ കാലയളവില്‍ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്ക് പുതുക്കല്‍ അവസരം നല്‍കിയിട്ടില്ല. കഴിഞ്ഞ ഒക്ടോബറില്‍ പഴയ രജിസ്ട്രേഷന്‍ പുതുക്കാന്‍ അവസരം നല്‍കിയിരുന്നുവെങ്കിലും ഇതിനുശേഷവും രജിസ്ട്രേഷന്‍ നഷ്ടപ്പെട്ടവരുടെ പരാതി തുടരുന്ന സ്ഥിതിയാണുണ്ടായത്. ഈ സാഹചര്യത്തിലാണ് സര്‍ക്കാന്‍ ഇരുപതുവര്‍ഷം മുമ്പുവരെ സീനിയോറിറ്റി നഷ്ടപ്പെട്ടവരെ കൂടി പണിഗണിക്കുംവിധം രജിസ്ട്രേഷന്‍ പുതുക്കാന്‍ അവസരം നല്‍കുന്നത്.
എംപ്ളോയ്മെൻറ് രജിസ്ട്രേഷനുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും കംപ്യൂട്ടര്‍വല്‍ക്കരിക്കപ്പെട്ട സാഹചര്യത്തില്‍ എക്സ്ചേഞ്ചുകളില്‍ പോകാതെ ഓണ്‍ലൈനായി രജിസ്ട്രേഷന്‍ പുതുക്കാന്‍ സാധിക്കും. www.employment.kerala.gov.in സൈറ്റില്‍ അക്ഷയകേന്ദ്രങ്ങളില്‍നിന്നോ നേരിട്ടോ രജിസ്ട്രേഷന്‍ പുതുക്കാം. സെപ്തംബര്‍ രണ്ടുമുതല്‍ മാത്രമേ website ല്‍ ഇതിനുള്ള സംവിധാനം പ്രവര്‍ത്തനക്ഷമമാകുകയുള്ളൂ. ഓണ്‍ലൈനില്‍ എന്തെങ്കിലും പ്രയാസം നേരിടുന്നവര്‍ക്ക് ബന്ധപ്പെട്ട എംപ്ളോയ്മെൻറ് എക്സ്ചേഞ്ചുകളില്‍ നേരിട്ടെത്തി രജിസ്ട്രേഷന്‍ പുതുക്കാം.

Share: