പോളിടെക്നിക് പ്രവേശനം: ജില്ലാതല കൗൺസിലിംഗ്

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ / എയ്ഡഡ് / Govt. Cost sharing (IHRD / CAPE) / സ്വാശ്രയ പോളിടെക്നിക് കോളേജുകളിലേയ്ക്ക് 2026-27 അധ്യയന വർഷത്തെ പ്രവേശനത്തിനുള്ള ജില്ലാതല കൗൺസിലിങ്ങ് ജൂലൈ 14 മുതൽ 18 വരെ അതാത് ജില്ലകളിലെ നോഡൽ പോളിടെക്നിക് കോളേജുകളിൽ നടത്തും.
അപേക്ഷകർക്ക് ജൂലൈ 13 വരെ അഡ്മിഷൻ വെബ്സൈറ്റിലെ ‘Counselling/ Spot Admission Registration’ എന്ന ലിങ്ക് വഴി ഓൺലൈനായി രജിസ്ട്രേഷൻ പൂർത്തിയാക്കാം. ഓൺലൈനായി പ്രത്യേകം രജിസ്റ്റർ ചെയ്യാത്തവരെ ജില്ലാതല കൗൺസലിംഗിൽ പങ്കെടുപ്പിക്കുന്നതല്ല. നിലവിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻപേർക്കും ജില്ലാതല കൗൺസലിംഗിൽ പങ്കെടുക്കാം.
അപേക്ഷകന് പരമാവധി മൂന്ന് ജില്ലകളിലേക്ക് മാത്രമേ ഒരേസമയം കൗൺസലിംഗിനായി രജിസ്റ്റർ ചെയ്യാൻ സാധിക്കുകയുള്ളൂ. സൗകര്യപ്രദമായ ജില്ലകൾ നോക്കി തെരഞ്ഞെടുക്കുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. മൂന്ന് ജില്ലകൾക്കു പുറമേ ഇടുക്കി, വയനാട് എന്നീ ജില്ലകൾ അധികമായി ചേർക്കുന്നതിന് തടസ്സമുണ്ടായിരിക്കുന്നതല്ല.
നിലവിൽ അഡ്മിഷൻ ലഭിച്ചവരിൽ സ്ഥാപന മാറ്റമോ ബ്രാഞ്ച് മാറ്റമോ ആഗ്രഹിക്കുന്നവർക്കും, പുതിയതായി അഡ്മിഷൻ നേടാൻ ആഗ്രഹിക്കുന്നവർക്കും പങ്കെടുക്കാം. നിലവിൽ പോളിടെക്നിക് കോളേജിൽ അഡ്മിഷൻ ലഭിച്ചിട്ടുള്ള അപേക്ഷകനാണെങ്കിൽ അഡ്മിഷൻ സ്ലിപ്പോ, ഫീസ് അടച്ച രസീതോ ഹാജരാക്കിയാൽ മതിയാകും. സ്വാശ്രയ പോളിടെക്നിക് കോളേജുകളിലെ മാനേജ്മെൻറ് ക്വാട്ട സീറ്റുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെ പകർപ്പും, അഡ്മിഷൻ സ്ലിപ്പോ ഫീസ് അടച്ചതിൻ റെ രസിതോ അഡ്മിഷൻ ലഭിച്ചതിൻറെ രേഖകളോ ഹാജരാക്കണം. പുതുതായി പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ ആപ്ലിക്കേഷനിൽ പ്രതിപാദിച്ചിട്ടുള്ള അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരായി ഫീസ് അടച്ചു അഡ്മിഷൻ നേടണം.
www.polvadmission.org യിൽ പ്രസിദ്ധീകരിക്കുന്ന അഡ്മിഷൻ ഷെഡ്യൂളിൽ പറഞ്ഞിരിക്കുന്ന സമയക്രമത്തിൽ അപേക്ഷകർ അതതു നോഡൽ പോളിടെക്നിക് കോളേജുകളിൽ ഹാജരാകണം. ദിവസത്തിലോ, സമയക്രമത്തിലോ മാറ്റം അനുവദിക്കുന്നതല്ല. കൗൺസലിംഗ് സമയത്ത് അപേക്ഷകന് അപ്പോൾ ഒഴിവുള്ള സീറ്റുകളിലേക്ക് കോളേജും ബ്രാഞ്ചും പുതുതായി ചേർത്ത് മുഴുവൻ ഫീസടച്ച് അഡ്മിഷൻ എടുക്കാം. ഫീസടച്ച് അഡ്മിഷൻ എടുക്കാത്ത അപേക്ഷകൻറെ അഡ്മിഷൻ റദ്ദാക്കപ്പെടുന്നതും ലിസ്റ്റിലെ ക്രമമനുസരിച്ച് ഹാജരായിട്ടുള്ള അടുത്ത അപേക്ഷകന് നൽകുന്നതുമായിരിക്കും.






