ടെക്നിക്കൽ ഹൈസ്കൂൾ പ്രവേശനം ഓൺലൈനിലൂടെ

ടെക്നിക്കൽ ഹൈസ്കൂൾ പ്രവേശനം ഇനി മുതൽ ഓൺലൈനിലൂടെ. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ കേരളത്തിലെ വിവിധ ജില്ലകളിലെ ഗവ. ടെക്നിക്കൽ ഹൈസ്കൂളുകളിൽ 2020-21 വർഷത്തേക്കുള്ള പ്രവേശന നടപടി തുടങ്ങി.
വിവിധ ജില്ലകളിലായി കേരളത്തിൽ 39 ഗവ. ടെക്നിക്കൽ ഹൈസ്കൂളുകളാണ് പ്രവർത്തിക്കുന്നത്. എട്ടാം ക്ലാസിലേയ്ക്കാണ് പ്രവേശനം. കോവിഡിന്റെ പശ്ചാത്തലത്തിൽ സ്കൂളിൽ നിന്ന് നേരിട്ട് അപേക്ഷ സ്വീകരിക്കില്ല. www.polyadmission.org എന്ന വെബ്സൈറ്റിലൂടെ അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. ഇന്ന്(മെയ് 13) മുതൽ സൈറ്റിൽ വിവരങ്ങൾ അപ്ലോഡ് ചെയ്യാം.
പൊതുവിദ്യാഭ്യാസ വിഷയങ്ങൾക്ക് പുറമെ സാങ്കേതികവും ഉല്പാദനോൻമുഖവുമായ വിവിധ തൊഴിലുകൾക്കും വിദ്യാർത്ഥികളെ സജ്ജരാക്കുന്നതാണ് പാഠ്യപദ്ധതി. കൂടാതെ ടെക്നിക്കൽ സ്കൂൾ പാസാകുന്ന വിദ്യാർത്ഥികൾക്ക് പോളിടെക്നിക്ക് കോളേജുകളിലേക്ക് പത്തു ശതമാനം സീറ്റ് പ്രത്യേകമായി സംവരണം ചെയ്തിട്ടുണ്ടെന്ന് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.