എസ്.എസ്.എല്‍.സി പരീക്ഷയിൽ മാറ്റങ്ങള്‍

385
0
Share:

കൊവിഡ് 19-ൻറെ സാഹചര്യത്തില്‍ 2021 ലെ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ മുന്‍വര്‍ഷങ്ങളില്‍ നിന്ന് ചില മാറ്റങ്ങളോടെയായിരിക്കും നടത്തുക. വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമേകാന്‍ പരീക്ഷാരീതിയിലും ചില മാറ്റങ്ങള്‍ കൊണ്ടു വരും.

അഭിരുചിക്കനുസരിച്ച് ഉത്തരങ്ങളെഴുതാന്‍ വിദ്യാര്‍ത്ഥികൾക്ക് അവസരം ലഭിക്കും. ഇതിനായി കൂടുതല്‍ ചോദ്യങ്ങള്‍ ചോദ്യപേപ്പറില്‍ ഉള്‍പ്പെടുത്തും. ഇതില്‍ നിന്ന് അഭിരുചിക്കനുസരിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാം. സമാശ്വാസ സമയമായി (കൂള്‍ ഓഫ് ടൈം) നൽകിയിരുന്ന 15 മിനിറ്റ് ഇത്തവണ 30 മിനിറ്റാക്കും. ചോദ്യങ്ങളുടെ എണ്ണം കൂടുന്നതിനാലാണ് സമാശ്വാസ സമയം അര മണിക്കൂറായി ദീര്‍ഘിപ്പിച്ചത്. ചോദ്യങ്ങള്‍ മുഴുവന്‍ വായിച്ചു മനസ്സിലാക്കി അഭിരുചിക്ക് അനുസരിച്ച് തെരഞ്ഞെടുക്കാൻ ഇതിലൂടെ അവസരം ലഭിക്കും.

മാതൃകാ ചോദ്യപേപ്പര്‍

വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റില്‍ മാതൃകാ ചോദ്യപേപ്പറുകള്‍ പ്രസിദ്ധീകരിക്കും. ചോദ്യപേപ്പര്‍ സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കാന്‍ ഇത് സഹായിക്കും. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഇത് പ്രയോജനപ്പെടും. രക്ഷകര്‍ത്താക്കളുടെ ആശങ്ക അകറ്റാന്‍ ക്ലാസ് അടിസ്ഥാനത്തില്‍ യോഗം വിളിക്കാനും തീരുമാനമുണ്ട്. സ്‌കൂള്‍ പ്രവര്‍ത്തനത്തെക്കുറിച്ചും പരീക്ഷയെക്കുറിച്ചുമുള്ള സംശയങ്ങള്‍ നീക്കാനാണ് യോഗം വിളിക്കുന്നത്.

പ്രായോഗിക പരീക്ഷ

ക്ലാസുകള്‍ ഓണ്‍ലൈനായി നടക്കുന്നതിനാല്‍ പ്രായോഗിക പരീക്ഷയെക്കുറിച്ചും ആശങ്ക ഉയരുന്നുണ്ട്. പ്രായോഗിക പരീക്ഷകള്‍ എഴുത്ത് പരീക്ഷയ്ക്ക് ശേഷം നടക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഇതിനായി ഒരാഴ്ച്ച സമയം നല്‍കും. പ്രായോഗിക പരീക്ഷയ്ക്കായുള്ള തയ്യാറെടുപ്പിനാണ് ഈ സമയം നല്‍കുന്നത്.

സ്‌കൂളുകള്‍ തുറക്കും

എസ്.എസ്.എല്‍.സി, പ്ലസ്ടു വിദ്യാര്‍ത്ഥിള്‍ക്കായി ജനുവരി 1 മുതല്‍ സ്‌കൂളുകള്‍ തുറക്കാനും തീരുമാനമുണ്ട്. രക്ഷകര്‍ത്താക്കളുടെ അനുമതിയോടെ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകളിലെത്താം. കൊവിഡ് 19 ഭീതി നിലനില്‍ക്കുന്നതിനാല്‍ സ്‌കൂളുകളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കും. സാമൂഹ്യ അകലം അടക്കമുള്ള കാര്യങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം. ജനുവരി 1 മുതല്‍ മാര്‍ച്ച് 16 വരെ ക്ലാസ് റൂം പഠനത്തിന് അവസരമൊരുക്കണം. സ്‌കൂളുകള്‍ തുറക്കുമ്പോള്‍ ക്ലാസുകളില്‍ ഏതൊക്കെ പാഠഭാഗങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണം എന്നത് സംബന്ധിച്ച് ഡിസംബർ 31 നകം അധികൃതരെ അറിയിക്കും. ഈ പാഠഭാഗങ്ങള്‍ ആധ്യാപകര്‍ പൂര്‍ണമായും റിവിഷന്‍ നടത്തണം.

ഓണ്‍ലൈന്‍ ക്ലാസുകള്‍

ഓണ്‍ലൈന്‍ ക്ലാസുകള്‍ ജനുവരി 31-ന് മുമ്പ് പൂര്‍ത്തിയാക്കാനും നിര്‍ദേശമുണ്ട്. ഓണ്‍ലൈന്‍ ക്ലാസുകളിലെ പ്രകടനം വിലയിരുത്തി വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോര്‍ നല്‍കാനും തീരുമാനമുണ്ട്.

Tagssslc
Share: