ഏകീകൃത പൊതുപരീക്ഷയുമായി പി.എസ്.സി : 23 ലക്ഷം അപേക്ഷകര്‍

Share:

പി.എസ്.സി. നടത്തുന്ന ആദ്യത്തെ പൊതുയോഗ്യതാ പരീക്ഷ ഡിസംബറിൽ.

വിവിധ വകുപ്പുകളിൽ എൽ.ഡി. ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ് സർവൻറ്സ്‌ , സെക്രട്ടേറിയറ്റിൽ ഓഫീസ് അറ്റൻഡൻറ് തുടങ്ങിയ തസ്തികകൾക്കുള്ള യോഗ്യതാ പരീക്ഷയാണിത്. 23 ലക്ഷം അപേക്ഷകരാണുള്ളത് . പത്താംതരംവരെ യോഗ്യതയുള്ള 184 തസ്തികകൾക്കാണ് ഏകീകൃതപരീക്ഷ നടത്തുന്നത്.

61,37,825 അപേക്ഷകളാണു 184 തസ്തികകൾക്കായി പി.എസ്.സി.ക്ക് ലഭിച്ചത്.
ഒരേ ആൾക്കാർതന്നെ വിവിധ തസ്തികകൾക്ക് അപേക്ഷിച്ചിട്ടുണ്ട്. ഇവരുടെ അപേക്ഷകൾ ക്രമീകരിച്ചപ്പോൾ അത് 23,02,398 ആയി കുറഞ്ഞു. ഇവർക്കാണ് ഏകീകൃത യോഗ്യതാ പരീക്ഷ നടത്തുന്നത്.

പരീക്ഷ അഞ്ചോ ആറോ ഘട്ടമായിട്ടായിരിക്കും നടത്തുക. പരീക്ഷാ തീയതി ഉടൻ പ്രഖ്യാപിക്കും.

17.58 ലക്ഷം അപേക്ഷകളാണ് എൽ.ഡി. ക്ലാർക്ക് തസ്തികക്കുള്ളത്. ലാസ്റ്റ് ഗ്രേഡ് സർവൻറിന് 6.98 ലക്ഷവും സെക്രട്ടേറിയറ്റ് ഓഫീസ് അറ്റൻഡൻറിന് 10.59 ലക്ഷവും അപേക്ഷകരുണ്ട്.

ഓരോന്നിനും പ്രത്യേകം പരീക്ഷ നടത്തുന്നതിനു പകരം പൊതുപരീക്ഷ നടത്തുന്നതിലൂടെ അപേക്ഷകരുടെ എണ്ണം കുറയ്ക്കാൻ കഴിയും. ഓരോ തസ്തികയ്ക്കും പ്രത്യേകം കട്ട്-ഓഫ് മാർക്ക് നിശ്ചയിച്ച് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.

പട്ടികയിൽ ഉൾപ്പെടുന്നവർക്ക് മുഖ്യപരീക്ഷ ഓരോ തസ്തികയ്ക്കും പ്രത്യേകം നടത്തും. അതിലെ മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും റാങ്ക്പട്ടിക പ്രസിദ്ധീകരിക്കുക.

അടുത്തവർഷം മുതൽ ഹയർ സെക്കൻഡറി തലത്തിലും ബിരുദതലത്തിലും പൊതുയോഗ്യതാ പരീക്ഷകൾ നടത്തും. ഹയർ സെക്കൻഡറിതല പരീക്ഷയ്ക്കായി 62 തസ്തികകളാണ് ഇതുവരെ വിജ്ഞാപനം ചെയ്തത്. ഇവയ്ക്ക് മൊത്തം 9,48,038 അപേക്ഷകൾ ലഭിച്ചു.
ബിരുദം യോഗ്യതയായ 45 തസ്തികകളാണ് ഇപ്പോഴുള്ളത്. 16,35,215 അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. ഇവ ഏകീകരിച്ച് 6,30,018 ആയി കുറയ്ക്കും.
സെപ്റ്റംബറിൽ 63 പുതിയ വിജ്ഞാപനങ്ങൾകൂടി പ്രസിദ്ധീകരിക്കുന്നുണ്ട്. അവയും ഉൾപ്പെടുത്തുന്നതോടെ കണക്കിൽ വർധനയുണ്ടാകും. ഹയർ സെക്കൻഡറി, ബിരുദ നിലവാരങ്ങളിൽ രണ്ട് യോഗ്യതാ പരീക്ഷകൾ നടത്തി അപേക്ഷകരെ വീണ്ടും ചുരുക്കും. പിന്നീട് ഓരോ തസ്തികയ്ക്കും യോജിച്ചവിധം വെവ്വേറെ മുഖ്യപരീക്ഷ നടത്തിയാണ് റാങ്ക്പട്ടിക തയ്യാറാക്കുന്നത്. ഒരു വർഷത്തിലേറെ പഠനംനടത്തിയ ശേഷമാണ് പരീക്ഷാപരിഷ്കാരം നടപ്പാക്കുന്നത്. ഓരോ തസ്തികയ്ക്കും യോജിച്ച ഉദ്യോഗാർഥിയെ കണ്ടെത്തി നൽകാനും റാങ്ക്പട്ടിക പ്രസിദ്ധീകരിക്കുന്നതിലെ കാലതാമസം ഒഴിവാക്കാനും ഇത് സഹായിക്കും
പി.എസ്.സി പരീക്ഷകൾ രണ്ടുഘട്ടമായി നടത്തുമ്പോൾ പരീക്ഷാ ക്രമക്കേടുകൾ തടയാനാകുമെന്ന് ചെയർമാൻ എം.കെ. സക്കീർ അറിയിച്ചു.

TagsPSC
Share: