പി. എസ്. സിയുടെ പ്രവര്‍ത്തനങ്ങളിലും നിയമനത്തിലും ആധുനിക സാങ്കേതികത പ്രയോജനപ്പെടുത്തണം: ഗവര്‍ണര്‍
പി. എസ്. സിയുടെ പ്രവര്‍ത്തനങ്ങളിലും വിവിധ വകുപ്പുകളിലേക്ക് നിയമനം നടത്തുന്നതിലും ആധുനിക സാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഗവര്‍ണര്‍ പി. സദാശിവം പറഞ്ഞു. കേരള പി. എസ്. സിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നതിലൂടെ വേഗത്തിലും കാര്യക്ഷമമായും സേവനം നല്‍കാനാവും. നിലവില്‍ പി. എസ്. സിയ്ക്ക് ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രങ്ങളുണ്ട്. ഇപ്പോഴത്തെ എഴുത്തു പരീക്ഷാ രീതിയുടെ 40 ശതമാനം ഓണ്‍ലൈന്‍ പരീക്ഷയാക്കുന്നത് പരിഗണിക്കണം. സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതില്‍ മറ്റു സ്ഥാപനങ്ങള്‍ക്ക് പി. എസ്.സി മാതൃകയാവണം. മനുഷ്യവിഭവ ശേഷിയിലെ ആധുനിക സങ്കേതങ്ങള്‍ പി. എസ്. സി നിയനങ്ങളില് പ്രയോജനപ്പെടുത്തണമെന്ന് ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചു.
സംസ്ഥാനത്തെ ഒഴിവുകള്‍ സമയബന്ധിതമായി നികത്തുന്നതില്‍ പി. എസ്. സി ശ്രദ്ധിക്കണം. കേരളത്തിലെ ഏറ്റവും വിശ്വാസ്യതയുള്ള സ്ഥാപനമാണ് പി. എസ്. സി. നീതിയുക്തമായും പക്ഷപാതരഹിതമായും സ്വാധീനങ്ങള്‍ക്ക് വിധേയമാകാതെയുമാണ് പി.എസ്. സി നിയമനം നടത്തുന്നത്. പി. എസ്. സിയുമായി ബന്ധപ്പെട്ടവര്‍ രാഷ്ട്രീയം, വര്‍ഗം എന്നിവയ്ക്കെല്ലാം അതീതമായി വേണം പ്രവര്‍ത്തിക്കേണ്ടത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ നിയമന ഏജന്‍സിയാണ് കേരള പി. എസ്. സിയെന്നും ഗവര്‍ണര്‍ പറഞ്ഞു. വജ്രജൂബിലി സുവനീര്‍ ഗവര്‍ണര്‍ പ്രകാശനം ചെയ്തു.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 12,680 തസ്തികകള്‍ സൃഷ്ടിച്ചതായി ചടങ്ങില്‍ അധ്യക്ഷത വഹിച്ച ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് പറഞ്ഞു. ആരോഗ്യമേഖലയില്‍ 3746, വിദ്യാഭ്യാസ മേഖലയില്‍ 3048, ആഭ്യന്തരം 3763, പഞ്ചായത്ത് വകുപ്പില്‍ 601, എക്സൈസ് വകുപ്പില്‍ 252, റവന്യുവില്‍ 230, പി. എസ്. സിയില്‍ 120, മറ്റുള്ള വകുപ്പുകളില്‍ 920 തസ്തികകളാണ് സൃഷ്ടിച്ചത്. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ ഇനിയും പുതിയ തസ്തികകള്‍ വേണ്ടിവരും. അതേസമയം, മാറുന്ന ആവശ്യങ്ങള്‍ക്കും സങ്കേതിക വിദ്യയുടെ വളര്‍ച്ചയ്ക്കും അനുസരിച്ച് തസ്തികയില്‍ പുനസംഘടന വേണ്ടിവരുമെന്ന് മന്ത്രി പറഞ്ഞു. വജ്രജൂബിലി വര്‍ഷത്തില്‍ 1600 റാങ്ക് ലിസ്റ്റുകളും 1200 ഷോര്‍ട്ട്ലിസ്റ്റുകളും പ്രസിദ്ധീകരിച്ചതായി കെ. പി. എസ്. സി ചെയര്മാന് അഡ്വ. എം. കെ. സക്കീര്‍ പറഞ്ഞു. പി. എസ്. സിയുടെ ജില്ലാ ഓഫീസുകള്‍ ആധുനികവത്കരിക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. 20,000 പേര്‍ക്ക് ഒരേ സമയം ഓണ്‍ലൈന്‍ പരീക്ഷയില്‍ പങ്കെടുക്കാനാവുന്ന സംവിധാനം മാസങ്ങള്‍ക്കുള്ളില്‍ തയ്യാറാകുമെന്ന് അദ്ദേഹം പറഞ്ഞു. കെ. പി. എസ്. സി അംഗം പി. ശിവദാസന്‍, സെക്രട്ടറി സാജു ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.