ഗാന്ധി – സച്ചിദാനന്ദൻ

1387
0
Share:

കവി, സച്ചിദാനന്ദൻ രചിച്ച നാടകമാണ് ഗാന്ധി.
1998-ൽ നാടകരചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്.
ഗാന്ധിജി തുടങ്ങിവച്ച സാമ്രാജ്യത്വ വിരുദ്ധ വർഗ്ഗീയ വിരുദ്ധ സമരങ്ങൾ ഇന്നും പലരീതിയിൽ രാജ്യത്തിന്റെ പല ഭാഗങ്ങളിലും നടന്നുകൊണ്ടിരിക്കുകയാണ്‌.
ഗാന്ധിജിയുടെ ആദർശങ്ങൾ നാനാവിധത്തിൽ തിരസ്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
സ്വാശ്രയത്വം, ജനാധിപത്യം, മതനിരപേക്ഷത, അധികാരവികേന്ദ്രീകരണം തുടങ്ങിയ മൂല്യങ്ങൾ നഷ്ടമാകുന്നത് അദ്ദേഹത്തിൻറെ ആദർശങ്ങളും ആശയങ്ങളും വിസ്മരിക്കപ്പെടുന്നതിൻറെ സൂചനയാണ്‌. സാമ്രാജ്യത്വത്തിൻറെ വക്താക്കളായ വിദേശികൾ അധികാരം ഒഴിഞ്ഞപ്പോൾ സാമ്രാജ്യത്വത്തിൻറെ വക്താക്കളായ തദ്ദേശീയർ അധികാരം കയ്യാളുന്നത് ഗാന്ധിജിക്ക് അത്യധികം ആത്മസംഘർഷത്തോടെ നോക്കിനിൽക്കേണ്ടിവന്നു.
സ്വാതന്ത്ര്യം നേടി ഏഴ് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും വർഗ്ഗീയതയും പ്രകൃതിയോടുള്ള ചൂഷണവും, ജാതിസ്പർദ്ധയും, സാമ്രാജ്യത്വനയങ്ങളും നിലനിൽക്കുകതന്നെ ചെയ്യുന്നു.
വരാനിരിക്കുന്ന ദുരന്തങ്ങളുടെ ദുസ്സൂചനയെന്നപോലെയാണ്‌ ഗാന്ധിവധം അരങ്ങേറിയതെന്നും കരുതാം.

മഹാത്മാഗാന്ധിയുടെ ജീവിതത്തിന്റെ അവസാനഘട്ടങ്ങളാണ്‌ ഈ നാടകത്തിൽ പ്രതിപാദിച്ചിരിക്കുന്നത്. തന്റെ സുഹൃത്തുക്കൾ ഓരോരുത്തരായി ആശയങ്ങളെ തള്ളിപറയുന്നത്, പാക് വിഭജനത്തിനുവേണ്ടി മുഹമ്മദാലി ജിന്ന നടത്തുന്ന വാദപ്രതിവാദങ്ങൾ, നെഹ്രുവിന്റെയും പട്ടേലിന്റെയും വികസന നയങ്ങൾ, അവ ഗാന്ധിജിയിൽ ഏൽപ്പിച്ച മാനസികസംഘർഷങ്ങൾ, ഹിന്ദുരാഷ്ട്രത്തിനുവേണ്ടിയുള്ള അണിയറനീക്കങ്ങളും ഗൂഢാലോചനകളും… ഇവയെല്ലാം ഈ നാടകത്തിൽ ഉൾക്കൊണ്ടിരിക്കുന്നു. നാടകത്തിന്റെ ആരംഭഭാഗവും അവസാനഭാഗവും സമകാലീന സാഹചര്യങ്ങളുമായി ബന്ധപ്പെടുത്താൻ കഴിയുന്ന വിധം ചിട്ടപ്പെടുത്തിയിരിക്കുന്നതിലൂടെ ഈ നാടകം ഇന്നത്തെ സാഹചര്യത്തിലും എത്രമാത്രം പ്രസക്തമാണെന്ന് കാണിച്ചുതരാൻ കഴിയുന്നു.

കെ. സച്ചിദാനന്ദൻ രചിച്ച ഈ കൃതി 1998ലെ ഏറ്റവും മികച്ച നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് നടിയിട്ടുണ്ട്. ഒന്നാം പതിപ്പ് 1995 ആഗസ്റ്റ്-ൽ പുറത്തിറങ്ങിയിരുന്നു. 2014 ജനുവരിയിൽ പ്രസിദ്ധീകരിച്ച രണ്ടാം പതിപ്പ് ആണിത്. കേരള ശാസ്ത്ര സാഹിത്യ പരിഷത് (Kerala Sasthta Sahithya Parishath) ആണ്‌ ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

Share: