അദ്ധ്യാത്മ രാമായണം (കിളിപ്പാട്ട്)

2432
0
Share:

ഭാരതത്തിൻറെ സംഭാവനയായ രണ്ട് ഇതിഹാസങ്ങളിൽ ഒന്നാണ്‌ രാമായണം’. രാമന്റെ യാത്ര എന്നാണ്‌ രാമായണത്തിനർത്ഥം. വാല്മീകി മഹർഷി രചിച്ച രാമായണം കാവ്യരൂപത്തിലുള്ള ആദ്യ കൃതിയാണ്‌ എന്ന് വിശ്വസിക്കപ്പെടുന്നു. അതുകൊണ്ട് ഇത് ആദിമകാവ്യം എന്നും അറിയപ്പെടുന്നു. മഹത്തായ സീതാചരിത്രവും പൗലസ്ത്യവധവുമാണ് രാമകഥാസംക്ഷേപസാരം. ധാർമ്മികമൂല്യങ്ങളെ മുറുകെ പിടിക്കാനായി മഹത്തായ സിംഹാസനം വരെ ഉപേക്ഷിച്ച രാമനേയും ഭരതനേയും പോലുള്ള മനുഷ്യരുടെ കഥയിലൂടെ മഹത്തരമായ ധർമ്മസം‌രക്ഷണത്തെക്കുറിച്ചുള്ള സന്ദേശമാണ്‌ വാല്മീകിരാമായണത്തിൽ നിന്ന് ലഭിക്കുന്നത്. വാല്മീകിരാമായണത്തിനു മുന്നേ തന്നെ രാമകഥയെ അടിസ്ഥാനമാക്കിയുള്ള ആഖ്യാനങ്ങൾ പ്രചാരത്തിലുണ്ടായിരുന്നു. ആ ആഖ്യാനങ്ങൾ ലഭ്യമല്ലാത്തതിനാലാണ്‌ വാല്മീകിരാമായണം രാമകഥയുടെ ഏറ്റവും പ്രാചീനമായ രൂപമായിത്തീർന്നത്.

ഒരു നൂറ്റാണ്ടിനു മുന്പ് മാത്രമാണ് പാശ്ചാത്യലോകത്ത് രാമായണം അറിയപ്പെട്ടുതുടങ്ങിയതെങ്കിലും ഇതിനകം അതിനെപ്പറ്റി വിവിധപഠനങ്ങൾ അവിടെ നടന്നിട്ടുണ്ട്. ഇന്ത്യൻ ചരിത്രകാരന്മാരും പിന്നീട് രാമായണത്തെപ്പറ്റി ശാസ്ത്രീയമായി പഠിക്കാനാരംഭിച്ചു. ആദ്യകാലങ്ങളിൽ രാമായണം അതിപ്രാചീനമാണ് എന്ന അഭിപ്രായമായിരുന്നു. എങ്കിലും ഇന്ന് പണ്ഢിതരെല്ലാം തന്നെ ആദിരാമായണ (വാല്മീകി) ഗ്രന്ഥത്തിനും ഇപ്പോൾ പ്രചാരത്തിലിരിക്കുന്ന വാല്മീകി രാമായണത്തിനും പ്രത്യേകം രചനാകാലം നിർദ്ദേശിക്കുന്നുണ്ട്.

പുരാതന ഭാരതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാഹിത്യ സൃഷ്ടികളിലൊന്നായ രാമായണത്തിന്റെ പ്രഭാവം ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെയും ദക്ഷിണപൂർവേഷ്യയിലെയും സംസ്കാരങ്ങളിൽ പ്രതിഫലിച്ചുകാണാം. ഇന്ന് കാണുന്ന രാമായണം നിരവധി പ്രക്ഷിപ്തഭാഗങ്ങൾ ചേർന്നതാണ്‌. രാമനെ വെറുമൊരു സാധാരണ മനുഷ്യനായി വിവരിക്കുന്ന ആദ്യരൂപത്തോട് വിഷ്ണുവിന്റെ അവതാരങ്ങളിലൊന്നായി വാഴ്ത്തുന്ന തരത്തിലുള്ള ഭാഗങ്ങൾ പിന്നീട് ചേർക്കപ്പെട്ടതാണ്‌ എന്ന വാദമുണ്ട്. രാമനെ ഈശ്വരനായി വാഴ്ത്തുന്ന സന്ദർഭങ്ങൾ എല്ലാം തന്നെ പിന്നീട് ചേർക്കപ്പെട്ടതാണെന്നും വാദിക്കപ്പെടുന്നു‌. രാമായണത്തിൽ രാമനെ ഈശ്വരനായി ഉദ്ഘോഷിക്കുന്ന സന്ദർഭങ്ങൾ‍ കൂടുതലും കാണുന്നത് ബാലകാണ്ഡത്തിലും ഉത്തരകാണ്ഡത്തിലും ആണ്‌. ഈ രണ്ടുകാണ്ഡങ്ങളും രാമായണത്തോട് പിൽക്കാലത്ത് കൂട്ടിചേർക്കപ്പെട്ടതാണെന്ന് പല പണ്ഡിതന്മാരും കാര്യകാരണ സഹിതം തെളിയിച്ചു കഴിഞ്ഞു. ഉത്തരകാണ്ഡത്തിന്റേയും ബാലകാണ്ഡത്തിന്റേയും രചനാശൈലി രാമായണത്തിന്റെ പ്രാമാണിക കാണ്ഡത്തിൽ നിന്ന് വളരെ വ്യത്യസ്തമായിരിക്കുന്നതും തന്ന ഇതിനുള്ള തെളിവാണ്‌. പല ഗ്രന്ഥകർത്താക്കളും തങ്ങളുടെ കൃതികളിൽ ഉത്തരകാണ്ഡത്തെ ഉൾക്കൊള്ളിച്ചിട്ടുമില്ല.

രാമായണം ബൗദ്ധകൃതിയെ അടിസ്ഥാനപ്പെടുത്തിയതാണെന്നും; ക്രി.മു. മൂന്നാം ശതകത്തിൽ എഴുതപ്പെട്ട ദശരഥജാതകത്തിലെ സ്രോതസ്സായ രാമകഥയാണ്‌ (ഇത് വളരെക്കാലം മുൻപേ വായ്മൊഴിയായി പ്രചരിച്ചിരുന്നു) രാമായണത്തിനടിസ്ഥാനം എന്നും ചില ചരിത്രകാരന്മാർ വാദിക്കുന്നു.

ശ്രീരാമചരിതത്തെ അടിസ്ഥാനമാക്കി ആത്മതത്ത്വ (ജീവേശ്വരബന്ധം) ത്തെക്കുറിച്ചു വിവരിക്കുന്നതിനാൽ അദ്ധ്യാത്മരാമായണം എന്നു പറയുന്നു. ശിവൻ പാർവ്വതിക്കു വിവരിച്ചുകൊടുത്ത രാമായണംകഥ എഴുത്തച്ഛൻ കിളിയെക്കൊണ്ടു പാടിക്കുന്നതുകൊണ്ട്‌ കിളിപ്പാട്ടെന്നും വിശേഷിപ്പിക്കുന്നു. ഇഷ്ടദേവതയായ രാമന്റെ നാമം ആലപിച്ചുകൊണ്ടാണ്‌ ഗ്രന്ഥാരംഭം. മംഗളകരമായ ശ്രീശബ്ദംകൊണ്ടുളള പ്രാരംഭം, ഗ്രന്ഥത്തിന്റെ നിർവിഘ്നപരിസമാപ്തിയെ സൂചിപ്പിക്കുന്നു.

അദ്ധ്യാത്മരാമായണം (കിളിപ്പാട്ട്) ആറു പ്രധാനഭാഗങ്ങളായി ചിട്ടപ്പെടുത്തിയിരിക്കുന്നു.
ശ്രീരാമന്റെ ജനനവും ബാല്യവും ബാലകാണ്ഡത്തിലും, രാമന്റെ വനവാസത്തിലേയ്ക്കു നയിക്കുന്ന സംഭവവികാസങ്ങൾ അയോദ്ധ്യാകാണ്ഡത്തിലും, ആരണ്യകത്തിലെ ജീവിതവും സീതാപഹരണവും ആരണ്യകാണ്ഡത്തിലും, സുഗ്രീവാദികളുമായുള്ള സൌഹൃദവും ബാലീനിഗ്രഹവും കിഷ്കിന്ദാകാണ്ഡത്തിലും, ഹനുമാന്റെ ലങ്കാപ്രവേശവും ലങ്കാദഹനവും സുന്ദരകാണ്ഡത്തിലും, രാമൻ രാവണനെ ജയിക്കുന്നതു് യുദ്ധകാണ്ഡത്തിലുമായി വർണ്ണിക്കപ്പെട്ടിരിക്കുന്നു.

കടപ്പാട്: സായാഹ്ന ഫൗണ്ടേഷൻ, തിരുവനന്തപുരം

Share: