പ്രവാസി സഹകരണസംഘങ്ങൾക്ക് ധനസഹായം

Share:

നോർക്ക റൂട്ട്സ് മുഖേന പ്രവാസി മലയാളികളുടെ സഹകരണ സംഘങ്ങൾക്ക് ധനസഹായം നൽകുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു.

പ്രവാസ ജീവിതം കഴിഞ്ഞ് തിരികയെത്തിയവരുടെ പുനരധിവാസവും സാമ്പത്തിക ഉന്നമനവും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന പ്രവാസി സംഘടനകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനു വേണ്ടിയാണ് ഒറ്റത്തവണയായി ധനസഹായം നൽകുന്നത്. മൂന്ന് ലക്ഷം രൂപ വരെയാണ് ധനസഹായം.

സഹകരണ സംഘങ്ങളുടെ അടച്ചുതീർത്ത ഓഹരി മൂലധനത്തിന്റെ അഞ്ച് ഇരട്ടിക്ക് സമാനമായ തുകയോ അല്ലെങ്കിൽ പരമാവധി ഒരു ലക്ഷം രൂപയോ ഏതാണോ കുറവ്, തുക ഷെയർ പാരിറ്റിയായും രണ്ട് ലക്ഷം രൂപ പ്രവർത്തന മൂലധനമായും നൽകും. അപേക്ഷിക്കുന്ന സമയത്ത് സംഘത്തിൽ 50 അംഗങ്ങളെങ്കിലും ഉണ്ടായിരിക്കണം.

രജിസ്ട്രേഷന് ശേഷം രണ്ട് വർഷം പൂർത്തിയായിരിക്കുകയും വേണം. എ, ബി ക്ലാസ് അംഗങ്ങൾ പ്രവാസികൾ/തിരിച്ച് വന്നവരായിരിക്കണം. ബൈലോയിൽ സർക്കാർ ധനസഹായം സ്വീകരിക്കുന്നതിന് വ്യവസ്ഥ ഉണ്ടായിരിക്കണം. സംഘത്തിന്റെ മുൻ സാമ്പത്തിക വർഷത്തെ ആഡിറ്റ് റിപ്പോർട്ട് ഹാജരാക്കുകയും വേണം.
പൊതുജനതാൽപര്യമുള്ള ഉൽപാദന, സേവന, ഐ.ടി,തൊഴിൽ സംരംഭങ്ങൾ (കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, ചെറുകിടവ്യവസായം, മൽസ്യമേഖല, മൂല്യവർദ്ധിത ഉൽപന്ന നിർമ്മാണം, സേവന മേഖല, നിർമ്മാണ മേഖല) എന്നിവയിലൂടെ കുറഞ്ഞത് 10 പേർക്കെങ്കിലും തൊഴിലും വരുമാനവും ലഭ്യമാകുന്ന സംരംഭങ്ങൾ ആരംഭിക്കുന്നതിന് അല്ലെങ്കിൽ നിലവിലുള്ള സംരംഭങ്ങൾ മേൽപ്രകാരം തൊഴിൽ ലഭ്യമാകത്തക്കതരത്തിൽ വികസിപ്പിക്കുന്നതിനുമാണ് രണ്ട് ലക്ഷം രൂപ പ്രവർത്തന മൂലധനം നൽകുന്നത്. സംഘം നേരിട്ട് നടത്തുന്ന സംരംഭങ്ങൾ, സംഘത്തിലെ അംഗങ്ങൾ ഒറ്റക്കോ/കൂട്ടായോ നടത്തുന്ന സംരംഭങ്ങൾ എന്നിവയ്ക്കാണ് ധനസഹായം നൽകുക.
അപേക്ഷ ഫോറം നോർക്ക റൂട്ട്സ് വെബ്സൈറ്റായ www.norkaroots.org ൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ആവശ്യരേഖകളായ ഭരണസമിതി തീരുമാനം, പദ്ധതി രേഖ, ഏറ്റവും പുതിയ ഓഡിറ്റ് റിപ്പോർട്ടിന്റെ പകർപ്പ്, താൽകാലിക കടധനപട്ടിക എന്നിവയുടെ പകർപ്പുകൾ സഹിതം നവംബർ 30 നകം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, നോർക്ക റൂട്ട്സ്, മൂന്നാം നില, നോർക്ക സെന്റർ, തൈക്കാട്, തിരുവനന്തപുരം എന്ന വിലാസത്തിൽ സമർപ്പിക്കണം.

കൂടുതൽ വിവരങ്ങൾക്ക് www.norkaroots.org ലും 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തുനിന്നും മിസ്ഡ്കാൾ സേവനം) ടോൾഫ്രീ നമ്പരിലും ലഭിക്കും.

Share: