പ്രവാസി പുനരധിവാസ പദ്ധതി: വായ്പ 30 ലക്ഷം രൂപയായി വര്‍ധിപ്പിച്ചു

Share:
തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലെത്തുന്ന പ്രവാസിയുടെ പുനരധിവാസത്തിനായുള്ള പ്രവാസി പുനരധിവാസ പദ്ധതിയുടെ വായ്പ തുക 20 ലക്ഷം രൂപയില്‍ നിന്നും 30 ലക്ഷം രൂപയായി ഉയര്‍ത്തിയെന്നും പ്രാഥമിക സഹകരണ ബാങ്കുകളുടെ പങ്കാളിത്തം ഉറപ്പു വരുത്തി പദ്ധതി വിപുലീകരിക്കുമെന്നും നിയമസഭാ സമിതി ചെയര്‍മാന്‍ കെ.വി അബ്ദുള്‍ ഖാദര്‍ എംഎല്‍എ പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതിയുടെ സിറ്റിംഗില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
നിലവില്‍ പൊതുമേഖലാ ബാങ്കുകളുടെ മുമ്പാകെയുള്ള പ്രവാസി പുനരധിവാസ പദ്ധതി പ്രകാരമുള്ള അപേക്ഷകളിന്‍മേല്‍ കാലതാമസം നേരിടുന്ന സാഹചര്യത്തിലാണ് സഹകരണ ബാങ്കുകളെ പദ്ധതിയുടെ ഭാഗമാക്കുന്നത്. ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തുകയും കാര്‍ഷിക ഭൂപണയ ബാങ്കുകള്‍ തത്വത്തില്‍ പദ്ധതി നിബന്ധനകള്‍ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ പട്ടികവിഭാഗ വികസന കോര്‍പ്പറേഷന്‍, പിന്നാക്ക വികസന കോര്‍പ്പറേഷനുകള്‍ എന്നിവയുടെ സഹകരണവും ഉറപ്പാക്കും. കൂടാതെ ദേശസാത്കൃത ബാങ്കുകളുടെ നടപടിക്രമങ്ങള്‍ ത്വരിതപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രവാസി ക്ഷേമനിധിയില്‍ അംഗങ്ങളാകാതെ വിദേശത്ത് ജോലി നോക്കുന്നവരെ പദ്ധതിയുടെ ഭാഗമാക്കാന്‍ വലിയ തോതിലുള്ള പ്രചാരണം സംഘടിപ്പിക്കുന്നകാര്യം സമിതിയുടെ പരിഗണനയില്‍ ഉണ്ട്. പലപ്പോഴും ജോലി മതിയാക്കി നാട്ടിലെത്തുമ്പോഴാണ് പ്രവാസി പെന്‍ഷന്‍ പോലുള്ള പദ്ധതികളെക്കുറിച്ച് അറിയുന്നത്. ഇത് ഒഴിവാക്കാന്‍ ഊര്‍ജിതമായ പ്രചാരണം സംഘടിപ്പിക്കും. 34 ലക്ഷത്തില്‍ അധികം പ്രവാസികള്‍ ഉണ്ടെന്നാണ് ഏകദേശ കണക്ക്. ഇതില്‍ കേവലം മൂന്നര ലക്ഷത്തോളം പേര്‍ മാത്രമേ പ്രവാസി ക്ഷേമ പദ്ധതിയില്‍ അംഗമായിട്ടുള്ളു എന്നത് ഇതിന് ഉദാഹരണമാണ്. മാസം 100 രൂപ മാത്രമാണ് പെന്‍ഷന്‍ വിഹിതമായി വേണ്ടത്. എന്നാല്‍ പ്രായമാവുമ്പോള്‍ നല്ലൊരു തുക പെന്‍ഷനായി ലഭിക്കാന്‍ പദ്ധതിയിലൂടെ സാധിക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു. ക്ഷേമനിധി പ്രവാസികളില്‍ നിന്നും പിരിച്ചെടുക്കാന്‍ പുറമേ നിന്നും ഒരു സംഘടനകളെയും ചുമതലപ്പെടുത്തിയിട്ടില്ല. ഇത്തരത്തില്‍ നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്നും ചെയര്‍മാന്‍ പറഞ്ഞു.
നിലവില്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴിയുള്ള ക്ഷേമനിധിയുടെ ഇടപാടുകള്‍ കൂടുതല്‍ സൗകര്യപ്രദമാക്കാന്‍ ജില്ലയില്‍ സ്ഥിരം ഓഫീസ് സംവിധാനം ഒരുക്കുന്ന കാര്യം പരിഗണിക്കും.  പ്രവാസികളുടെ പരാതികള്‍ കേള്‍ക്കാനും അവര്‍ക്ക് നിര്‍ദേശങ്ങളും വിവരങ്ങളും നല്‍കാനും സാധിക്കുന്ന തരത്തിലുള്ള ഓഫീസ് സംവിധാനമാണ് ലക്ഷ്യമിടുന്നത്. പ്രവാസികളുടെ ഇന്‍ഷുറന്‍സ് തിരികെയെത്തുന്നവര്‍ക്കും ലഭ്യമാക്കാനുള്ള സംവിധാനം ഒരുക്കുന്നതിനുള്ള ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണ്. കേന്ദ്രസര്‍ക്കാരിന്റെ അനുമതികൂടി ഉണ്ടെങ്കില്‍ വളരെയേറെ ആകര്‍ഷകമായ രീതിയില്‍ ക്ഷേമനിധി പരിഷ്‌കരിക്കാന്‍ സാധിക്കും. പ്രവാസികളുടെ ഭവന നിര്‍മാണ പദ്ധതികള്‍ ഉള്‍പ്പെടെ അവരുടെ ക്ഷേമം ഉറപ്പു വരുത്തുന്ന ഒട്ടേറെ പദ്ധതികള്‍ മുഖ്യമന്ത്രി ഉടന്‍ പ്രഖ്യാപിക്കുമെന്നും ചെയര്‍മാന്‍ യോഗത്തെ അറിയിച്ചു.
എം രാജഗോപാലന്‍ എംഎല്‍എ, വി.അബ്ദു റഹിമാന്‍ എംഎല്‍എ, നോര്‍ക്കാ    റൂട്‌സ് റിക്രൂട്ട്‌മെന്റ് മാനേജര്‍ അജിത് കൊളശേരി, ജോയിന്റ് സെക്രട്ടറി സുരേഷ് കുമാര്‍, വിവിവിധ പ്രവാസി സംഘടനാ ഭാരവാഹികള്‍, പ്രവാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ കളക്ടര്‍ പി.ബി നൂഹ് സ്വാഗതവും എഡിഎം പി.റ്റി.എബ്രഹാം നന്ദിയും പറഞ്ഞു.
Share: