ജനാലയിലെ കടുവ – പി കെ ശ്രീനിവാസൻ

Share:

മകാലിക ജീവിതക്രമങ്ങളിലെ ഭീതിതമായ യാഥാർഥ്യങ്ങളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോവുകയും, അത്ഭുതപ്പെടുത്തുകയും അസ്വസ്ഥരാക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്ന കഥകളാണ് പി കെ ശ്രീനിവാസൻറെ ‘ജനാലയിലെ കടുവ’.

സ്വതന്ത്രമായി എഴുതുന്നതിനും ഒപ്പമുള്ളവരെ എഴുതിപ്പിക്കുന്നതിനും വേണ്ടി ‘പ്രമുക്തി’ മാസിക ആരംഭിക്കുന്ന കാലം മുതൽ, ഒരുമിച്ചു ‘മലയാളനാട് ‘ പത്രധിപസമിതിയിൽ പ്രവർത്തിക്കുന്ന സമയത്തും വിട്ടുവീഴ്ചയില്ലാത്ത ചിന്തകളുടെ ഉടമയായിട്ടേ ശ്രീനിയെ കാണാൻ കഴിഞ്ഞിട്ടുള്ളൂ. എഴുത്തിലും പത്രപ്രവർത്തനത്തിലും പ്രവൃത്തിയിലും ശ്രീനി പുലർത്തിയ സത്യസന്ധതയും മാനവികതയോടുള്ള അടങ്ങാത്ത ആവേശവുമായിരിക്കണം ‘പ്രമുക്തി’യിൽ നിന്നും ‘മലയാളനാടി’ലൂടെ ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായ ‘ഇന്ത്യ ടുഡേ’ മലയാളം പതിപ്പിൻറെ പത്രാധിപ സമിതിയിൽ ശ്രീനിയെ എത്തിച്ചത്.

സാഹിത്യത്തെയും ലോകത്തെയും തുറന്ന കണ്ണുകളോടെ കാണുകയും നിർവികാരമെന്നു തോന്നുന്ന രീതിയിൽ പ്രതികരിക്കുകയും ശക്തമായി പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു മാധ്യമപ്രവർത്തകൻ . അതുകൊണ്ടുതന്നെയാണ് കേരളം മറന്നുപോകുമോ എന്ന ഭയം കൊണ്ട് പ്രശസ്ത ചിത്രകാരനായിരുന്ന കെ സി എസ് പണിക്കരെക്കുറിച്ചു രേഖാ ചിത്രമെടുക്കാൻ ( KCS PANICKER: RYTHEM OF SYMBOLS ) ശ്രീനി തയ്യാറായത്. ഫേസ്ബുക് ആരംഭിക്കുന്നതിന് രണ്ട് വർഷം മുൻപ് (2002) ഒരു സോഷ്യൽ മീഡിയ നെറ്റ്‌വർക്ക് പദ്ധതിയെക്കുറിച്ചു സംസാരിച്ചപ്പോൾ അതാരംഭിക്കാൻ മുന്നിട്ടിറങ്ങിയത്. അന്ന് എ പി ജെ യെകാണാൻ ദീർഘദൂരം സ്‌കൂട്ടർ ഓടിച്ചു പോയത്…. ശ്രീനി എപ്പൊഴും ഒരു സാഹസികനായിരുന്നു .കഥയെഴുതുന്ന കാര്യത്തിലും.

‘ജനാലയിലെ കടുവ’ യെക്കുറിച്ചു ഒരു നിരൂപണം എഴുതണമെന്നു പറഞ്ഞപ്പോൾ ആദ്യ കഥ ‘സമയപുരം എ ഡി 2020 വായിച്ച ശേഷം ഞാൻ പറഞ്ഞു. ” സുഹൃത്തേ എനിക്ക് ഭയമാകുന്നു. ഈ കഥകളെക്കുറിച്ചു നിരൂപണമെഴുതാൻ. നമ്മൾ ജീവിക്കുന്ന ചുറ്റുപാടുകളെക്കുറിച്ചു നിങ്ങൾ തുറന്നെഴുതുമ്പോൾ വരികൾക്കിടയിലെ അപകടം എന്നെ ഭയപ്പെടുത്തുന്നു.”

‘ജനാലയിലെ കടുവ’ യിലെ കഥകളിലുടനീളം മറഞ്ഞിരിക്കുന്ന യാഥാർഥ്യങ്ങൾ നമ്മെ ഭയപ്പെടുത്തുന്നത് നമുക്ക് ചുറ്റും അവയൊക്കെ സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നതുകൊണ്ടാണ്. അധികാരവും നിയമങ്ങളും സാധാരണക്കാരനെ, നിരപരാധികളെ തിരിഞ്ഞുകൊത്തുന്ന വിഷപ്പാമ്പുകളായി മാറിയിരിക്കുന്ന അവസ്ഥാവിശേഷവും നിസ്സഹായരായി കണ്ടുനിൽക്കാൻ വിധിക്കപ്പെട്ടവരായി മാറിയിരിക്കുന്ന നമുക്കുള്ള ഓർമ്മപ്പെടുത്തലുകളാണ് ഓരോ കഥയും. പലതവണയായി ,പല പ്രസിദ്ധീകരണങ്ങളിൽ പ്രസിദ്ധീകരിച്ച കഥകൾ ഒന്നിച്ചു വായിക്കുമ്പോൾ നാമറിയാതെ ഭയപ്പെട്ടു പോകുന്നു….

അതുകൊണ്ടാണ് ഞങ്ങളുടെ സുഹൃത്തുക്കൾക്കിടയിൽ , ജനാലയിലെ കടുവ ‘വായിച്ചു ഭയപ്പെട്ടു നിരൂപണമെഴുതാൻ കഴിയാതെ ഞാൻ പനി പിടിച്ചു കിടക്കുകയാണെന്ന് ശ്രീനി പ്രചരിപ്പിച്ചത് . ‘പ്രഭാത രശ്മി’ യുടെ പത്രാധിപർ നാസ്സറിനോട് ശ്രീനി ഫോൺ ചെയ്തു പറഞ്ഞത് !

ഗൗരവക്കാരനാകാനും അതേപോലെ തമാശ പറയാനും ശ്രീനിക്ക് കഴിയുമെന്ന് അരനൂറ്റാണ്ട് കാലത്തെ സൗഹൃദത്തിനിടയിൽ മനസ്സിലാക്കാൻ കഴിഞ്ഞു. ‘ജനാലയിലെ കടുവ’ യിലുമുണ്ട് , ‘സറ്റയർ’ . ശ്രീനിക്ക് മാത്രം കഴിയുന്ന ആക്ഷേപ ഹാസ്യം….ഭരണാധികാരികൾക്കും നീതിപീഠത്തിനും നേരെയാണത് വിരൽ ചൂണ്ടുന്നത്.

പുറമെ പരുക്കൻ എന്ന് തോന്നിപ്പിക്കുകയും സഹൃദങ്ങളുടെ വിപുലമായ ശൃംഖല കെട്ടിപ്പടുക്കുകയും അത് മുറിവേൽക്കാതെ നിലനിർത്തുകയും ചെയ്യുന്ന ശ്രീനിയിലെ മനുഷ്യസ്നേഹം പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന കഥകളാണ് ‘ജനാലയിലെ കടുവ’. സ്വതന്ത്രമായി ചിന്തിക്കുന്നവർക്കും പത്രപ്രവർത്തകർക്കും വിമർശകർക്കും സാധാരണക്കാർക്ക് പോലും കാര്യങ്ങൾ തുറന്നുപറയാൻ കഴിയാത്ത നമ്മുടെ ‘ജനാധിപത്യ’ സംവിധാനത്തിൻറെ അപകടകരമായ അവസ്ഥയിൽ ജീവിച്ചുപോകുന്ന സാധാരണക്കാരൻറെ മുന്നിലെ അഗാധ ഗർത്തങ്ങളാണ് കഥകളിലുടനീളം. അതുകൊണ്ടുതന്നെ നാം കഴിഞ്ഞുകൂടുന്ന കാലത്തെ നീതിയും ന്യായവും കയ്യടക്കിവെച്ചിരിക്കുന്നവരുടെ , ക്രൂരമായ യാഥാർഥ്യങ്ങളിലേക്ക് വായന നീളുമ്പോൾ അറിയാതെ ഭയപ്പെടുന്നു.

എൻറെ സുഹൃത്തും സഹപാഠിയുമായ അജയകുമാർ രചിച്ച മുഖചിത്രം കഥകൾക്ക് കൂടുതൽ അർത്ഥവ്യാപ്തി നൽകുന്നു.
തീർച്ചയായും, സൈൻ ബുക്‌സ് , തിരുവനന്തപുരം പ്രസിദ്ധീകരിച്ച ‘ജനാലയിലെ കടുവ’ മലയാള കഥാ സാഹിത്യത്തിന് ഒരു മുതൽക്കൂട്ടാണ്. അധികാര സ്ഥാനങ്ങളിലുള്ളവർ ഇത് വായിച്ചിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോവുകയാണ് .

-രാജൻ പി തൊടിയൂർ

ജനാലയിലെ കടുവ
കഥകൾ
പി കെ ശ്രീനിവാസൻ 

pksreenivasan@gmail.com

അവതാരിക : സക്കറിയ
മുഖചിത്രം: അജയകുമാർ

സൈൻ ബുക്‌സ്  തിരുവനന്തപുരം  വില :രു. 230

 

Share: