പി. ഭാസ്‌കരന്‍ കവിയും ഉജ്ജ്വലനായ വിപ്ലവകാരിയും – മുഖ്യമന്ത്രി

Share:

കവിയെന്ന നിലയില്‍ വളരെ ശ്രദ്ധേയനായ ഭാസ്‌കരന്‍ മാഷ് ഉജ്ജ്വലനായ വിപ്ലവകാരിയുമായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മാനവീയം വീഥിയില്‍ പി.ഭാസ്‌കരന്റെ പ്രതിമ അനാഛാദനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

“നമ്മുടെ എല്ലാവരുടെയും ദീര്‍ഘകാലത്തെ സ്വപ്നമാണ് ഇന്ന് സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നത്. ലക്ഷക്കണക്കിന് ആരാധകരുടെ ആഗ്രഹമായിരുന്നു ഭാസ്‌കരന്‍ മാഷിന്റെ ശില്‍പം തലസ്ഥാനത്ത് വരികയെന്നത്. വയലാറിന്റെയും ദേവരാജന്‍ മാഷിന്റെയും സമീപത്തായി അത് സ്ഥാപിക്കപ്പെട്ടിരിക്കുന്നു എന്നത് സന്തോഷം നല്‍കുന്ന കാര്യമാണ്. മലയാള ചലച്ചിത്ര രംഗത്തിന് പൊതുവെയും ഗാനരചനയ്ക്ക് നിസ്തുലമായ സംഭാവന നല്‍കിയ വ്യക്തിയുമാണ് ഭാസ്‌കരന്‍ മാഷ്. നമ്മുടെ ചലച്ചിത്രഗാന സംസ്‌കാരത്തിന്റെ വിലപ്പെട്ട ഈടുവെയ്പായി മാറിക്കഴിഞ്ഞ കവിത്രയമുണ്ട്. അതിലാണ് ഭാസ്‌കരന്‍ മാഷ് ഉള്‍പ്പെടുന്നത്. പോലിസ് മറ്റേതെങ്കിലും കവിയെ അറസ്റ്റ് ചെയ്ത് പൊതു വീഥിയിലൂടെ വിലങ്ങുവച്ച് നടത്തിയ സംഭവം ഉണ്ടായിട്ടില്ല. അത്രമാത്രം സാമൂഹിക പ്രതിബദ്ധതയോടെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനൊപ്പം പോരാളിയായി നിലകൊണ്ട വ്യക്തിയായിരുന്നു ഭാസ്‌കരന്‍ മാഷ്. ആ പോരാട്ടത്തിന്റെ ഏറ്റവും വലിയ തെളിവാണ് അദ്ദേഹത്തിന്റെ രചനകള്‍’.

“നമ്മള്‍ക്കെല്ലാം ഭാസ്‌കരന്‍ മാഷ് ആവേശമാണ്. മാഷിന്റെ കവിതയുടെയോ പാട്ടിന്റെയോ ഒരു വരിയെങ്കിലും മൂളാത്ത മലയാളികളില്ല. പുതു തലമുറക്കാരുടെ നാവില്‍പോലും അതുണ്ട്. അദ്ദേഹത്തിന്റെ ശക്തമായ വിപ്ലവ കവിതകള്‍ ആയിരക്കണക്കിന് വേദികളില്‍ അന്നും ഇന്നും ആലപിക്കപ്പെടുന്നുണ്ട്”.

“പുന്നപ്ര വയലാറിലെ കാഴ്ചകളും അവിടുത്തെ സംഭവങ്ങളും യുവാവായ ഭാസ്‌കരന്‍ മാഷിനെ അടിമുടി ഉലച്ചു. അതില്‍നിന്നുണ്ടായ മഹത്തായ രചനയാണ് ‘വയലാര്‍ ഗര്‍ജിക്കുന്നു’ എന്നത്. അതിലെ വരികളാണ് ‘ഉയരും ഞാന്‍ നാടാകെ പടരും’ എന്നത്. രവി എന്ന തൂലികാ നാമത്തിലാണ് അന്ന് ഈ കവിത എഴുതിയത്. പ്രവചനാത്മകമായിരുന്നു ആ വരികള്‍. തെക്കന്‍ കൊടുങ്കാറ്റായി നാടെങ്ങും അലയടിച്ചെത്തിയ അലറുന്ന വയലാര്‍ എന്ന വരികള്‍ അന്നത്തെ ഭരണകൂടത്തെ ഭയപ്പെടുത്തി. അങ്ങനെ തിരുവിതാംകൂര്‍ ദിവാന്‍ ആ കവിത നിരോധിച്ചു. സാഹിത്യ ചരിത്രത്തിലെയും വിപ്ലവ ചരിത്രത്തിലെയും ഏടായി ആ കവിത എന്നും ഉയര്‍ന്നു നില്‍ക്കുന്നു”.

“ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്തതിന് ഭാസ്‌കരന്‍ മാഷിന് ജയില്‍ വാസം അനുഷ്ഠിക്കേണ്ടി വന്നു. പിന്നീട് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായപ്പോഴും ഇത്തരം അനുഭവങ്ങളിലൂടെ കടന്നു പോകേണ്ടി വന്നിട്ടുണ്ട്. രാജ്യം വെല്ലുവിളി നേരിടുമ്പോള്‍ ധീരമായ നിലപാടെടുത്ത് പോരാട്ടങ്ങളില്‍ സ്വയം സമര്‍പ്പിച്ച് സമൂഹത്തിനാകെ പ്രചോദനവും മാര്‍ഗദര്‍ശിയുമാവുക എന്ന എഴുത്തുകാരന്റെയും സംസ്‌കാരിക പ്രവര്‍ത്തകന്റെയും മഹത്തായ കര്‍മ്മമാണ് അദ്ദേഹം നിര്‍വഹിച്ചത്”.

നീലക്കുയില്‍ എന്ന സിനിമ ചലച്ചിത്ര ചരിത്രത്തിലെ അവിസ്മരണീയ സംഭാവനയാണ്. ചലച്ചിത്ര രംഗത്തെപ്പോലെ മാധ്യമരംഗത്തും ഭാസ്‌കരന്‍ മാഷ് മഹത്തായ സംഭാവന നല്‍കിയിട്ടുണ്ട്. ഭാസ്‌കരന്‍ മാഷിനോടുള്ള വലിയ ആദരവാണ് ഈ പ്രതിമ അനാഛാദനമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശില്‍പി ജീവന്‍ തോമസിനെ മുഖ്യമന്ത്രി ആദരിച്ചു.

പൊതു ഇടങ്ങള്‍ നഷ്ടപ്പെടുന്ന കാലഘട്ടത്തില്‍ പൊതു ഇടങ്ങള്‍ വീണ്ടെടുക്കുന്നതിന്റെ ഭാഗമായി നിരവധി പദ്ധതികളാണ് സാംസ്‌കാരിക വകുപ്പും ചലച്ചിത്ര അക്കാദമിയും ഏറ്റെടുത്ത് നടപ്പാക്കുന്നത്. മേല്‍വിലാസം ഇല്ലാതെ നമ്മെ വിട്ടുപോയ നിരവധി പ്രതിഭകളുണ്ട്. അങ്ങനെയുള്ളവരുടെ സംഭാവന പുതുതലമുറയെ അറിയിക്കുന്നതിന് ഓരോ ജില്ലയിലും സാംസ്‌കാരിക സ്ഥാപനങ്ങള്‍ ആരംഭിക്കും. അതിന്റെ ഭാഗമായാണ് ഇത്തരം സ്മാരകങ്ങള്‍ നിര്‍മ്മിക്കുന്നതെന്ന് അദ്ധ്യക്ഷത വഹിച്ച സാംസ്‌കാരിക വകുപ്പു മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു.

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ ആമുഖ പ്രഭാഷണം നടത്തി. പി. ഭാസ്‌കരനുമായുള്ള ഓര്‍മ്മകള്‍ മുഖ്യാതിഥിയായിരുന്ന ഡോ.കെ.ജെ.യേശുദാസ് പങ്കുവെച്ചു. വി.എസ്.ശിവകുമാര്‍ എം.എല്‍.എ, മേയര്‍ വി.കെ.പ്രശാന്ത്, ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ ഐഷ ബേക്കര്‍, ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, ചലച്ചിത്ര നടന്‍ മധു, സംവിധായകന്‍ ശ്രീകുമാരന്‍ തമ്പി, സംഗീത സംവിധായകന്‍ എം.കെ.അര്‍ജുനന്‍, ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍, സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.ശ്രീകുമാര്‍, ഫെഫ്ക പ്രസിഡന്റ് സിബി മലയില്‍, ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം.രഞ്ജിത്ത്, ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം പ്രദീപ് ചൊക്ലി എന്നിവര്‍ ആശംസ നേര്‍ന്നു. ഗായിക പി.കെ. മേദിനി പി. ഭാസ്‌കരന്റെ കവിത ആലപിച്ചു. പി. ഭാസ്‌കരന്‍ സ്മരണിക മന്ത്രി എ.കെ. ബാലന്‍ ഡോ.കെ.ജെ.യേശുദാസിന് നല്‍കി പ്രകാശനം ചെയ്തു.

Share: