പി.എസ്.സി പരീക്ഷ: ഓൺലൈൻ വ്യാപകമാകുന്നു

Share:
  • റിഷി പി . രാജൻ

വിവിധ തസ്തികകൾക്ക് ഒാൺലൈൻ പരീക്ഷ വ്യാപകമാക്കാൻ പിഎസ്‌സി തയാറെടുക്കുന്നു. ഓൺലൈൻ പരീക്ഷയാണ് ഏറ്റവും സുതാര്യവും നീതിയുക്‌തവുമെന്ന് പി എസ് സി ക്ക് തോന്നിത്തുടങ്ങിയിരുന്നു.
കഴിഞ്ഞ വർഷം 18 ലക്ഷം പേർ അപേക്ഷിച്ച എൽ ഡി ക്ലർക്ക് പരീക്ഷ , ഒ എം ആർ എന്ന കാലഹരണപ്പെട്ട സമ്പ്രദായത്തിൽ നിന്ന് മാറ്റി , ഓൺലൈൻ ആക്കണമെന്ന് ആവശ്യപ്പെട്ട് കരിയർ മാഗസിൻ ചീഫ് എഡിറ്റർ രാജൻ പി തൊടിയൂർ ഹൈക്കോടതിയിൽ നൽകിയ പൊതു താൽപ്പര്യ ഹർജിക്ക് ( http://www.manoramaonline.com/news/announcements/2017/04/20/06-chn-psc-ldc.html ) പി എസ് സി വ്യക്തമായ തീരുമാനമെടുത്തില്ലെങ്കിലും ഇപ്പോൾ, ഒരു വർഷത്തിന് ശേഷം, പി എസ് സിക്ക് വ്യക്തമാകുന്നു, ഓൺലൈൻ പരീക്ഷയാണ് ഏറ്റവും സുതാര്യവും കുറ്റമറ്റതുമെന്ന് !

ഇന്ത്യയിൽ ഏറ്റവുമധികം പേർക്കായി റെയിൽവേ നടത്തിയ ഓൺലൈൻ പരീക്ഷയെക്കുറിച്ചു പഠിക്കാൻ പി എസ് സി ഇനിയും തയ്യാറാവിട്ടില്ല. അതിനാലാണ് 5000 പേരിൽ താഴെ ആൾക്കാർ പങ്കെടുക്കുന്ന പരീക്ഷ ഓൺലൈൻ ആക്കാൻ പി എസ് സി തീരുമാനിച്ചിരിക്കുന്നത്. 92 ലക്ഷം അപേക്ഷകർക്ക് വേണ്ടി റെയിൽവേ നടത്തിയ ലോകത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരീക്ഷയെക്കുറിച്ചു (http://indianexpress.com/article/jobs/indian-railways-online-test-conducts-worlds-largest-for-18000-jobs-vacancies-92-lakh-candidates-4519024/ ) പി എസ് സി ഇനിയെങ്കിലും മനസ്സിലാക്കണം.

പിഎസ്‌സി ഒാഫിസുകൾ കടലാസ് രഹിതമാക്കുന്നതിന്റെ ഭാഗമായി ഇ– ഒാഫിസുകളാക്കാനും തീരുമാനിച്ചു. പിഎസ്‌സിയുടെ എല്ലാ ജില്ലാ ഒാഫിസുകളിലും ഇ–ഒാഫിസ് പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. വിവിധ തസ്തികകളിലേക്കുള്ള നിയമന നടപടികൾ ഇനി കൂടുതൽ വേഗത്തിലാകും. എതെങ്കിലും തസ്തികയുടെ നിയമന നടപടിയുമായി ബന്ധപ്പെട്ട് കേന്ദ്ര ഒാഫിസിൽ നിന്നു ജില്ലാ ഒാഫിസുകളിൽ വിശദീകരണം ലഭിക്കണമെങ്കിൽ ഇപ്പോൾ ഒരു മാസത്തിലധികം എടുക്കും.ഫയൽ തയാറാക്കി തപാൽ വഴി അയയ്ക്കുന്നതുകൊണ്ടാണ് ഇത്രയും കാലതമസം. ഇ–ഒാഫിസ് പ്രവർത്തനം തുടങ്ങിയതോടെ ഈ നടപടിക്രമങ്ങൾ ഒരു ദിവസംകൊണ്ടു പൂർത്തിയാക്കാം എന്ന അവസ്ഥ കൈവന്നിരിക്കുന്നു.

ഒാൺലൈൻ പരീക്ഷ, പിഎസ്‌സിയുടെ സ്വന്തം ഒാൺലൈൻ പരീക്ഷാ കേന്ദ്രങ്ങൾക്കു പുറമേ സംസ്ഥാനത്തെ എൻജിനീയറിങ് കോളജുകളിൽകൂടി ഉപയോഗിച്ച് നടത്താനാണ് തീരുമാനം. ഇതിന്റെ ഭാഗമായി തിരുവനന്തപുരത്തെ ആറ് എൻജിനീയറിങ് കോളജുകളിൽ പിഎസ്‌സി അധികൃതർ നേരിട്ടെത്തി സൗകര്യങ്ങൾ വിലയിരുത്തി.

തുടക്കത്തിൽ തലസ്ഥാനത്തെ എൻജിനീയറിങ് കോളജുകൾ കേന്ദ്രീകരിച്ചു പരീക്ഷ നടത്താനാണ് തീരുമാനം. ഇതിന്റെ ജയപരാജയങ്ങൾ വിലയിരുത്തി മറ്റു ജില്ലകളിലേക്ക് ഒാൺലൈൻ പരീക്ഷ വ്യാപിപ്പിക്കും. മറ്റു ജില്ലകളിൽകൂടി ഒാൺലൈൻ പരീക്ഷാകേന്ദ്രങ്ങൾ കണ്ടെത്തുന്നതോടെ കൂടുതൽ അപേക്ഷകരുള്ള തസ്തികകളുടെ പരീക്ഷകളും ഒാൺലൈൻ വഴി നടത്താൻ കഴിയും എന്നാണ് പി എസ് സി കരുതുന്നത്.

ഇപ്പോൾ 1800 പേർക്ക് ഒാൺലൈൻ പരീക്ഷ എഴുതാൻ പിഎസ്‌സിയിൽ അവസരമുണ്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് പിഎസ്‌സിക്ക് ഒാൺലൈൻ പരീക്ഷാകേന്ദ്രമുള്ളത്. രണ്ടു ബാച്ചുകളായി ഇത്രയും പേർക്ക് പരീക്ഷ എഴുതാം. ഇതിൽ തിരുവനന്തപുരത്ത് ഒരു സമയം 240 പേർക്ക് പരീക്ഷ എഴുതാം. പത്തനംതിട്ടയിൽ 105, എറണാകുളത്ത് 210, കോഴിക്കോട് 321 പേർ ഉൾപ്പെടെ 876 പേർക്ക് ഒന്നിച്ച് പരീക്ഷ എഴുതാൻ കഴിയും.

തിരുവനന്തപുരം ജില്ലയിലെ വിവിധ എൻജിനീയറിങ് കോളജുകളിലായി തുടക്കത്തിൽ 1800 പേർക്ക് പരീക്ഷ എഴുതാനുള്ള സൗകര്യമാണ് തയാറാക്കുന്നത്. ഇതോടെ 3500 പേർക്ക് ഒരുദിവസം പരീക്ഷ എഴുതാം.
കൂടുതൽ ജില്ലാ പിഎസ്‌സി ഒാഫിസുകളിലും ഒാൺലൈൻ പരീക്ഷാ കേന്ദ്രങ്ങൾ തയാറാക്കാനുള്ള നീക്കമുണ്ട്. വാടകക്കെട്ടിടങ്ങൾ ഒഴിവാക്കി വിവിധ ജില്ലകളിലെ പിഎസ്‌സി ഒാഫിസുകൾക്ക് സ്വന്തം കെട്ടിടം കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ നടക്കുകയാണ്. ഇത് പൂർത്തിയാകുന്നതോടെ എല്ലാ ജില്ലകളിലും ഒാൺലൈൻ പരീക്ഷാ കേന്ദ്രം തുടങ്ങും. ഇതോടെ കൂടുതൽ ഒാൺലൈൻ പരീക്ഷകൾ നടത്താനുള്ള സാധ്യതയും തെളിയും.

കേരള പബ്ളിക് സർവീസ് കമ്മിഷന്റെ ചരിത്രത്തിലെ നിർണായക വഴിത്തിരിവിന് ഇത് കാരണമാകും.
പരീക്ഷ ഒാൺലൈൻ ആകുന്നതോടെ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതും നിയമനവും വേഗത്തിലാവും. വിജ്ഞാപനമിറക്കി വർഷങ്ങൾ കഴിഞ്ഞാലും പരീക്ഷ നടത്തുന്നില്ല, പരീക്ഷ കഴിഞ്ഞ് ഏറെ കാത്തിരുന്നാലും സാദ്ധ്യതാ പട്ടിക പുറത്തിറക്കുന്നില്ല തുടങ്ങിയ അവസ്ഥ ഇതോടെ ഒഴിവാകും. ലക്ഷക്കണക്കിന് അപേക്ഷകരുള്ള തസ്തികകളിൽ ഓൺലൈൻ പരീക്ഷ നടത്താൻ കുറച്ചു കാലത്തെ തയ്യാറെടുപ്പുകൾ കൂടി വേണ്ടിവരും.

റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ്, കേന്ദ്ര സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ, രാജസ്ഥാൻ പി.എസ്.സി, ഐ.ബി.പി.എസ് (മുംബയ്) തുടങ്ങിയ സ്ഥാപനങ്ങൾ ഓൺലൈനിലാണ് പരീക്ഷകൾ നടത്തുന്നത്. കേരള പി.എസ്.സിയുടെ മെമ്പർമാർ ചില സ്ഥാപനങ്ങൾ സന്ദർശിക്കുകയും പരീക്ഷാനടത്തിപ്പ് രീതികൾ സംബന്ധിച്ച് പഠനറിപ്പോർട്ട് കമ്മിഷന് നൽകുകയും ചെയ്തിരുന്നു. ഈ റിപ്പോർട്ട് കമ്മിഷൻ അംഗീകരിച്ചതോടെയാണ് ഓൺ ലൈൻ പരീക്ഷാ നടത്തിപ്പുമായി മുന്നോട്ടുപോകുന്നത്. ഒരു മേൽനോട്ട സമിതിയെയും ഇതിനായി നിയമിച്ചു.
സി-ഡിറ്റ് വികസിപ്പിച്ചെടുത്ത സോഫ്‌റ്റ‌്‌വെയറിലാണ് പരീക്ഷ നടത്തുക.

ഓൺലൈൻ പരീക്ഷയുടെ മറ്റ് ഗുണങ്ങൾ

1 . കൂടുതൽ സുതാര്യത
2 . പരീക്ഷാ ദിവസംതന്നെ ഫലവും അറിയാം
3 . റാങ്ക് ലിസ്റ്റ്‌ തയ്യാറാക്കലും സർട്ടിഫിക്കറ്റ് പരിശോധനയും വേഗത്തിൽ
4 . പരീക്ഷയ്ക്കും മൂല്യനിർണ്ണയത്തിനുമുള്ള സമയം ചുരുങ്ങും
5 . കൂടുതൽ ഒഴിവുകളുള്ള തസ്തികകളുടെ കാര്യത്തിലേ പി. എസ്.സിക്ക് താത്പര്യമുള്ളു എന്ന വിമർശനം ഒഴിവാകും
6 . ഒഴിവുകൾ കുറവുള്ളതും സാങ്കേതിക യോഗ്യതകൾ വേണ്ടതുമായ തസ്തികകളുടെ പരീക്ഷകൾ മുടങ്ങുന്നത് ഒഴിവാകും
7 . പരീക്ഷാനടത്തിപ്പ് ചെലവു കുറയും
8 . കുറച്ച് ഉദ്യോഗസ്ഥരുടെ സേവനം മതിയാകും
9 . പരീക്ഷാഹാളിലെ കോപ്പിയടി, മാർക്ക് നിർണ്ണയത്തിലെ സ്വാധീനം തുടങ്ങിയവ ഇല്ലാതാകും
10 . ഓരോ പരീക്ഷാർഥിക്കും പ്രത്യേകം ചോദ്യം നൽകാൻ കഴിയും

Share: