ആർമി നഴ്സിംഗ് കോഴ്സ് : അപേക്ഷ ക്ഷണിച്ചു

നാലുവർഷത്തെ ബിഎസ്സി നഴ്സിംഗ് കോഴ്സ് പ്രവേശനത്തിന് സൈനിക മെഡിക്കൽ കോളജുകൾ അപേക്ഷ ക്ഷണിച്ചു.
അവിവാഹിതരായ പെണ്‍കുട്ടികൾക്കും വിവാഹമോചനം നേടിയവർക്കും വിധവകൾക്കും അപേക്ഷിക്കാം. 2021 ജൂലൈ/ ഒക്ടോബറിൽ ആരംഭിക്കുന്ന കോഴ്സിനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
പൂർണമായും സൗജന്യമായി നടത്തുന്ന ഈ കോഴ്സ് പൂർത്തിയാക്കുന്നവർക്ക് കരസേനയിൽ കമ്മീഷൻഡ് ഓഫീസർ റാങ്കിൽ സ്ഥിരനിയമനം ലഭിക്കും.
220 സീറ്റുകളാണുള്ളത്.
യോഗ്യത: 50 ശതമാനം മാർക്കോടെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങൾ പഠിച്ചുള്ള പ്ലസ്ടു/ തത്തുല്യം.
റെഗുലർ രീതിയിൽ പഠിച്ച് ആദ്യത്തെ അവസരത്തിൽ തന്നെ പാസായവർക്കും അവസാന വർഷക്കാർക്കും അപേക്ഷിക്കാം.
ഇവർ പ്രവേശനം നേടുന്നതിനു മുന്‍പ് പ്ലസ്ടു രേഖകൾ ഹാജരാക്കണം. പ്രൈവറ്റ് വിദ്യാർഥികൾക്കും ഏതെങ്കിലും വിഷയത്തിൽ സേ എഴുതി ജയിച്ചവരും അപേക്ഷിക്കേണ്ടതില്ല.
ശാരീരിക യോഗ്യത: ഉയരം ചുരുങ്ങിയത് 148 സെമീ. 38 കിലോഗ്രാം തൂക്കം ഉണ്ടായിരിക്കണം. വിശദമായ വൈദ്യപരിശോധനയ്ക്കു ശേഷമാണ് തെരഞ്ഞെടുപ്പ്.
പ്രായം: 01.10.1996 നും 30.09.2004 നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതിയും ഉൾപ്പെടെ).
അപേക്ഷാ ഫീസ്: 750 രൂപ. ഓൺലൈനായി ഫീസ് അടയ്ക്കണം.
തെരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, അഭിമുഖം, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. എഴുത്തുപരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. 90 മിനിറ്റ് ദൈർഘ്യമുള്ള കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ ഒബ്ജക്ടീവ് മാതൃകയിലായിരിക്കും. 150 മാർക്കിന്റെ പരീക്ഷയിൽ 50 ചോദ്യങ്ങളുണ്ടാകും. 100 മാർക്കിലായിരിക്കും ഇന്റർവ്യൂ. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, കണ്ണൂർ ഏഴിമല എന്നിവിടങ്ങളിലാണ് പരീക്ഷ കേന്ദ്രമുള്ളത്.
അപേക്ഷിക്കേണ്ട വിധം: www.joinindianarmy.nic.in ലൂടെ ഓണ്‍ലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് 10.