You are here
Home > Career News > റയിൽവേയിൽ ഇപ്പോൾ ഉള്ള തൊഴിലവസരം മലയാളികൾ കാണാതിരിക്കരുത്

റയിൽവേയിൽ ഇപ്പോൾ ഉള്ള തൊഴിലവസരം മലയാളികൾ കാണാതിരിക്കരുത്

രാജ്യത്ത് തൊഴിലില്ലായ്‌മ വർദ്ധിക്കുകയാണ്. റയിൽവേയിൽ ഇപ്പോൾ ഉള്ള തൊഴിലവസരം മലയാളികൾ കാണാതിരിക്കരുത്. ‘എൻറെ റേഡിയോ 91.2 ലെ ‘ ഇത്തിരി നേരം ഒത്തിരിക്കാര്യം’ പരിപാടിയിൽ കരിയർ മാഗസിൻ ചീഫ് എഡിറ്റർ, രാജൻ പി തൊടിയൂർ , മുംതാസ് രഹാസുമായി സംസാരിക്കുന്നു.
മുംതാസ് രഹാസ് : നമ്മുടെ നാട്ടിൽ തൊഴിലില്ലായ്‌മ വർധിക്കുന്നു എന്ന് പറയുന്നുണ്ടല്ലോ? എന്താണൊരു പരിഹാരം?
രാജൻ പി തൊടിയൂർ: രാജ്യത്തെ യുവ തലമുറ രൂക്ഷമായ തൊഴിലില്ലായ്മ നേരിടുന്നതായി റോയിട്ടേഴ്‌സ് .ഉന്നത വിദ്യാഭ്യാസം നേടിയവരില്‍ ഭൂരിഭാഗവും തൊഴിലില്ലായ്മ നേരിടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. വലിയ പ്രതീക്ഷയോടെ എന്‍ജിറീയറിങ് കോഴ്‌സുകള്‍ ഉള്‍പ്പെടെ പഠിച്ചിറങ്ങുന്നവര്‍ക്ക് ചെറിയ ജോലികള്‍ കൊണ്ട് തൃപ്തിപ്പെടേണ്ട സാഹചര്യമാണ് ഇന്ത്യയിലുള്ളതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ചെറിയ ജോലികളിലേക്ക് പ്രവേശിക്കുന്ന എന്‍ജിനീയര്‍മാര്‍ക്ക് പലപ്പോഴും വിദ്യാഭ്യാസ ലോണുകള്‍ പോലും തിരിച്ചടയ്ക്കാന്‍ പറ്റാറില്ല. ഇലക്ട്രോണിക്, ഇലക്ട്രിക്കല്‍ മുതല്‍ കമ്പ്യൂട്ടര്‍ കോഡ്, സിവില്‍ ഉള്‍പ്പെടെയുള്ള കോഴ്‌സുകള്‍ പഠിച്ചിറങ്ങുന്ന ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികളാണ് ഇത്തരമൊരു അവസ്ഥയെ അഭിമുഖീകരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
2018 ഫെബ്രുവരിയില്‍ 5.4 ശതമാനമായിരുന്ന തൊഴിലില്ലായ്മ ഇപ്പോള്‍ 7.2 ശതമാനത്തില്‍ എത്തിനില്‍ക്കുന്നു. 2019 ഫെബ്രുവരിയില്‍ രാജ്യത്ത് 31.2 ദശലക്ഷം ദശലക്ഷം തൊഴിലന്വേഷകരാണുള്ളതെന്ന് സെന്റര്‍ ഫോര്‍ മോണിട്ടറിങ് ഇന്ത്യന്‍ ഇക്കോണമിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഉന്നത വിദ്യാഭ്യാസം നേടിയവർപോലും ഇത്തരമൊരു സാഹചര്യത്തെ നേരിടുമ്പോൾ സാധാരണ വിദ്യാഭ്യാസമുള്ളവർ തൊഴിൽ നേടാനാകാതെ വിഷമിക്കുന്ന സാഹചര്യവും ഇവിടെയുണ്ട്. നമ്മുടെ തൊഴിലില്ലായ്മക്ക് കുറെയൊക്കെ പരിഹാരമായിരുന്നത് ഗൾഫ് നാടുകളിലെ തൊഴിൽ സാധ്യതകളാണ്. ഇപ്പോൾ അതും പ്രതിസന്ധിയുടെ ഘട്ടത്തിലാണ്.
കഴിഞ്ഞ എൽ ഡി ക്ലർക്ക് പരീക്ഷയായിരുന്നു എസ് എസ് എൽ സി കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയുള്ള അവസാനത്തെ എൽ ഡി ക്ലർക്ക് പരീക്ഷ. 18 ലക്ഷം പേരാണ് ആ പരീക്ഷ എഴുതിയത്.
ദേശീയ തലത്തിലുള്ള മത്സര പരീക്ഷകളിൽ കേരളത്തിൽ നിന്നുള്ളവർ വളരെ കുറച്ചു മാത്രമേ പങ്കെടുക്കുന്നുള്ളു. സിവിൽ സെർവിസ്സ്സ് തുടങ്ങിയ ബിരുദം അടിസ്ഥാന യോഗ്യതയായുള്ള പരീക്ഷകൾ പോലും മലയാളികൾ വളരെ കുറച്ചുപേർ മാത്രമേ ഗൗരവത്തോടെ കാണുന്നുള്ളൂ.എസ് എസ് എൽ സി , ഐ ടി ഐ യോഗ്യതയുള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാൻ കഴിയുന്നതും വളരെയേറെ സാധ്യതയുള്ള തുമായ  മേഖലയാണ് റെയിൽവേ.
മുംതാസ് രഹാസ് : റയിൽവേയിലെ സാധ്യതയെക്കുറിച്ചൊന്ന് വിശദീകരിക്കാമോ? 
രാജൻ പി തൊടിയൂർ: പത്താം ക്‌ളാസ് , ഐ ടി ഐ പാസ്സായവർ മുതൽ ബിരുദാനന്തര ബിരുദം വരെയുള്ളവർക്ക് അപേക്ഷിക്കാവുന്ന ഒരു ലക്ഷത്തി മുപ്പതിനായിരം  ഒഴിവുകളിലേക്കാണ് റെയിൽവേ റിക്രൂട്മെൻറ് ബോർഡ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
നോൺ ടെക്‌നിക്കൽ പോപ്പുലർ കാറ്റഗറീസ് (NTPC). തസ്തികകൾ: ജൂനിയർ ക്ലാർക്ക്-കം-ടൈപ്പിസ്റ്റ്, അക്കൗണ്ട്‌സ് ക്ലാർക്ക്-കം-ടൈപ്പിസ്റ്റ്, ട്രെയിൻസ് ക്ലാർക്ക്,കമേഴ്‌സ്യൽ കം-ടിക്കറ്റ്-ക്ലാർക്ക്, ട്രാഫിക് അസിസ്റ്റന്റ്, ഗുഡ്‌സ് ഗാർഡ്, സീനിയർ കമേഴ്‌സ്യൽ-കം-ടിക്കറ്റ് ക്ലാർക്ക്, സീനിയർ ക്ലാർക്ക്-കം-ടൈപ്പിസ്റ്റ്, ജൂനിയർ അക്കൗണ്ട് അസിസ്റ്റന്റ്-കം-ടൈപ്പിസ്റ്റ്, കമേഴ്‌സ്യൽ അപ്രന്റിസ്, സ്റ്റേഷൻ മാസ്റ്റർ.
പാരാ മെഡിക്കൽ സ്റ്റാഫ്. തസ്തികകൾ: സ്റ്റാഫ് നഴ്‌സ്, ഹെൽത്ത് ആൻഡ് മലേറിയ ഇൻസ്‌പെക്ടർ, ഫാർമസിസ്റ്റ്, ഇ.സി.ജി. ടെക്‌നീഷ്യൻ, ലാബ് അസിസ്റ്റന്റ്, ലാബ് സൂപ്രണ്ട്
മിനിസ്റ്റീരിയൽ ആൻഡ് ഐസൊലേറ്റഡ് കാറ്റഗറീസ്. തസ്തികകൾ: സ്റ്റെനോഗ്രാഫർ, ചീഫ് ലോ അസിസ്റ്റന്റ്, ജൂനിയർ ട്രാൻസ്‌ലേറ്റർ (ഹിന്ദി) തുടങ്ങിയവ.
ലെവൽ ഒന്ന് തസ്തികകൾ. തസ്തികകൾ: ട്രാക്ക് മെയിന്റയിനർ, ഹെൽപ്പർ/അസിസ്റ്റന്റ്, അസിസ്റ്റന്റ് പോയിന്റ്‌സ്മാൻ തുടങ്ങിയവ. ഏപ്രിൽ ഏഴു വരെ ഇതിനു അപേക്ഷിക്കാം.
മുംതാസ് രഹാസ് : ഒരാൾക്ക് ഒന്നിലേറെ തസ്തികകൾക്ക് അപേക്ഷിക്കാൻ കഴിയുമോ?
രാജൻ പി തൊടിയൂർ: അപേക്ഷിക്കാം. യോഗ്യതയുണ്ടെങ്കിൽ. ഒരു അപേക്ഷയിൽ തന്നെ മുൻഗണനാക്രമത്തിൽ അത് രേഖപ്പെടുത്താം. ഒന്നിലേറെ അപേക്ഷ അയക്കരുത്. റയിൽവേയുടെ വെബ് സൈറ്റിലൂടെ ഓൺലൈൻ ആയാണ് അപേക്ഷിക്കേണ്ടത്. ഓൺലൈൻ അപേക്ഷ പൂരിപ്പിക്കുന്നതിനു മുൻപ്  പാസ്‌പ്പോർട് സൈഡിലുള്ള കളർ ഫോട്ടോ, വെള്ള പേപ്പറിൽ കറുത്ത മഷി കൊണ്ട് ഒപ്പിട്ട് സ്കാൻ ചെയ്തത് , സംവരണാനുകൂല്യമുള്ളവർ ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ സ്കാൻ ചെയ്തു സേവ് ചെയ്തു വെക്കണം. കൂടാതെ വിവരങ്ങൾ നൽകുന്നതിനായി സർട്ടിഫിക്കറ്റ് , ആധാർ കാർഡ്, ബാങ്ക് അക്കൗണ്ട് നമ്പർ, എന്നിവയും കയ്യിൽ കരുതണം.
മുംതാസ് രഹാസ് : ഏറ്റവുമധികം ഒഴിവുകൾ ലെവൽ ഒൺ വിഭാഗത്തിലാണെല്ലോ?
രാജൻ പി തൊടിയൂർ: 1,03,769 ഒഴിവുകളാണ് ലെവൽ ഒൺ വിഭാഗത്തിലുള്ളത്. പഴയ ഗ്രൂപ്പ് ഡി കാറ്റഗറി തസ്തികയാണിത്. ദക്ഷിണ റെയില്‍വേയില്‍ 17 തസ്തികകളിലായി 9579 ഒഴിവാണുള്ളത്.വര്‍ക് ഷോപ്പ് അസിസ്റ്റന്റ്-1714, അസിസ്റ്റന്റ് പോയന്റ്‌സ്മാന്‍-1792, ട്രാക്ക് മെയിന്റെയിനര്‍- 2890 എന്നിവയാണ് ദക്ഷിണ റെയില്‍വേയില്‍ കൂടുതല്‍ ഒഴിവുള്ള തസ്തികകള്‍. ചെന്നൈ ആര്‍.ആര്‍.ബി.ക്കാണ് ദക്ഷിണ റെയില്‍വേയിലെ ഒഴിവുകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് ചുമതല. പത്താം ക്ലാസ് അല്ലെങ്കില്‍ ഐ.ടി.ഐ. അല്ലെങ്കില്‍ നാഷണല്‍ അപ്രന്റിസ്ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ഉള്ളവർക്ക് അപേക്ഷിക്കാം.
പ്രായം: 18-33.
ലെവൽ ഒൺ പരീക്ഷയെക്കുറിച്ചു നമ്മൾ മലയാളികൾക്കിടയിൽ ഒരു വലിയ തെറ്റിധാരണയുണ്ട്. അതുകൊണ്ട് പലരും അപേക്ഷിക്കാറില്ല. വളരെ കഷ്ടപ്പെട്ട ജോലിയാണ് അതെന്നതാണ്.
നമുക്കറിയാം. ഇന്ത്യയിലെ ഏറ്റവും വലിയ തൊഴിൽ ദാതാവാണ്‌ റെയിൽവേ. പത്തിലേറെ വകുപ്പുകളിലായി പതിനാലു ലക്ഷത്തോളം ജീവനക്കാരാണ് റെയ്ൽവേയിലുള്ളത്.
അതിൽ ഏറ്റവും ഉത്തരവാദിത്വമുള്ള ജോലിയാണ് ലെവൽ ഒൺ തസ്തിക. പത്താം ക്‌ളാസുകാർക്ക് അപേക്ഷിക്കാവുന്നതുകൊണ്ടു അത് കുറഞ്ഞ ജോലിയാകുന്നില്ല. തുടക്കത്തിൽ തന്നെ 25000 – 30000 രൂപ ശമ്പളമായി ലഭിക്കും. കുടുംബത്തോടൊപ്പം താമസിക്കുന്നതിനുള്ള സൗകര്യം, സൗജന്യ യാത്ര സൗകര്യം, റെയിൽവേ ആശുപത്രിയിൽ ചികിത്സ, കുട്ടികൾക്ക് പഠിക്കാനുള്ള സൗകര്യം , ആരോഗ്യ പരിശോധന, വിനോദ യാത്രകൾ, തുടങ്ങി ഒട്ടേറെ ആനുകൂല്യങ്ങൾ . കൂടാതെ പ്രൊമോഷൻ സാധ്യതയും.
മുംതാസ് രഹാസ് : ജോലിയുടെ സ്വഭാവം എങ്ങിനെയാണ്?
രാജൻ പി തൊടിയൂർ: യാത്രക്കാർ ഉറങ്ങുമ്പോൾ ഉണർന്നിരിക്കേണ്ട ജോലിയാണ് ലെവൽ ഒൺ തസ്തികയിലുള്ളവരുടേത്. വലിയ ശ്രദ്ധയും ഉത്തരവാദിത്വവും ഈ ജോലിയിലുണ്ട്. ട്രാക്ക് മെയിൻ ന്റനർ , പോയിന്റ്‌സ്മാൻ എന്നീ ജോലി ചെയ്യുന്നവരുടെ ഉത്തരവാദിത്തം വളരെ  കൂടുതലാണ്. നല്ല ശാരീരികാദ്ധ്വാനവും ആവശ്യമായി വരും. എന്നാൽ അതനുസരിച്ചുള്ള ആനുകൂല്യങ്ങൾ ലഭിക്കും.
മലയാളികൾ പൊതുവെ അതിൻറെ ആകർഷണീയത മനസ്സിലാക്കിയിട്ടില്ല. എന്നാൽ വടക്കേ ഇന്ത്യക്കാരും തമിഴ് നാട്ടുകാരും ഈ മേഖല കൈയ്യടക്കി വെച്ചിരിക്കുകയാണ്. നമ്മുടെ എൽ ഡി ക്ലർക്ക് പരീക്ഷക്ക് പതിനെട്ട് ലക്ഷം പേർ അപേക്ഷിക്കുന്നത് പതിനായിരത്തിൽ താഴെ ഒഴിവുകളിലേക്കാണ്. ഒരു ലക്ഷത്തിലേറെ ഒഴിവുകളുള്ള ലെവൽ വൺ പരീക്ഷക്ക് അപേക്ഷിക്കാനും മത്സര ബുദ്ധിയോടെ പരീക്ഷ എഴുതാനും ശ്രമിച്ചാൽ കൂടുതൽ മലയാളികൾക്ക് റെയ്ൽവേയിൽ കയറിപ്പറ്റാം.
മുംതാസ് രഹാസ് : ഈ ജോലിയുടെ പ്രൊമോഷൻ സാദ്ധ്യതകൾ എന്തൊക്കെയാണ്?
രാജൻ പി തൊടിയൂർ: ഏതാനും വർഷങ്ങൾകൊണ്ട് പ്രൊമോഷനുള്ള സാദ്ധ്യതയുണ്ട്.  ഓരോ വകുപ്പുകളിലും പ്രത്യേക പ്രൊമോഷൻ സാധ്യതയാണുള്ളത്. ചുരുങ്ങിയ സമയം കൊണ്ട് സൂപ്പർവൈസർ കാറ്റഗറിയിലേക്കും ഓഫീസർ പദവിയിലേക്കും ഉയരാൻ പറ്റും. സെർവീസിലെ സീനിയോറിറ്റി മാത്രമല്ല അതിനു പരിഗണിക്കുന്നത്. പരീക്ഷയിൽ വാങ്ങുന്ന മാർക്കിൻറെ തോതുകൂടി ഉദ്യോഗക്കയറ്റത്തിന് പരിഗണിക്കും.
ബി ടെക്കും എം ബി എ യുമൊക്കെ കഴിഞ്ഞവർ പത്തും പതിനായിരവും രൂപയ്ക്കു ജോലി ചെയ്യുന്ന നമ്മുടെ നാട്ടിൽ പത്താം ക്‌ളാസും ഐ ടി ഐയും കഴിഞ്ഞവർക്ക് മുപ്പതിനായിരം രൂപ ശമ്പളത്തിൽ ജോലി ചെയ്യാൻ  പറ്റുന്ന ഏറ്റവും മികച്ച അവസരമാണിത്. ഏപ്രിൽ 12 വരെ ഇതിനപേക്ഷിക്കാൻ കഴിയും. സെപ്റ്റംബർ – ഒക്ടോബർ മാസത്തിൽ ഓൺലൈൻ പരീക്ഷ നടക്കും. കേരളവും തമിഴ് നാടും കർണാടകയും ഉൾപ്പെടുന്ന ദക്ഷിണ സോണിൽ ഉള്ളവർക്ക് തിരുവനന്തപുരം, പാലക്കാട്, സേലം, മധുര, ചെന്നൈ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിൽ ജോലി ലാഭിക്കും. പരീക്ഷ ഓൺലൈനിൽ ആണെങ്കിലും മലയാളത്തിലും പരീക്ഷ എഴുതാൻ കഴിയും. പൊതു വിജ്ഞാനം , ആനുകാലിക സംഭവങ്ങൾ, ജനറൽ സയൻസ്, ജനറൽ ഇന്റലിജൻസ്, ഗണിതം എന്നിവ ഉൾപ്പെടുന്ന നൂറു മാർക്കിന്റെ ചോദ്യങ്ങളാണ് പരീക്ഷക്കുള്ളത്.
മുംതാസ് രഹാസ് : പരീക്ഷയിൽ ജയിക്കാൻ കുറഞ്ഞത് എത്ര മാർക്ക് വേണം ? എന്തൊക്കെയാണ് തിരഞ്ഞെടുപ്പിനുള്ള മറ്റു ഘട്ടങ്ങൾ? 
രാജൻ പി തൊടിയൂർ: നൂറ് മാർക്കിനുള്ള ചോദ്യങ്ങളാണ് പരീക്ഷക്ക്. പൊതു വിജ്ഞാനം , ആനുകാലിക സംഭവങ്ങൾ – 20 മാർക്ക്, ജനറൽ സയൻസ് – 25 , ജനറൽ ഇന്റലിജൻസ് & റീസണിങ് -30 , ഗണിതം – 25 – 90 മിനിട്ടാണ് പരീക്ഷാസമയം. ജനറൽ വിഭാഗക്കാർക്ക് കുറഞ്ഞത് 40 ശതമാനവും സംവരണ വിഭാഗങ്ങൾക്ക് 30 ശതമാനവുമാണ് ജയിക്കാൻ വേണ്ട മാർക്. ഒന്നാം ഘട്ടം കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ. ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ്, സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ, മെഡിക്കൽ പരിശോധന, എന്നിവക്ക് ശേഷമായിരിക്കും യോഗ്യരായവരെ തെരഞ്ഞെടുക്കുക. മലയാളം ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷകളിൽ പരീക്ഷ എഴുതാം. ഏതു ഭാഷയാണെന്നു ഓൺലൈൻ അപേക്ഷയിൽ വ്യക്തമായി പറഞ്ഞിരിക്കണം.അംഗ പരിമിതർക്ക് ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ് ഉണ്ടായിരിക്കില്ല.
. www.careermagazine.in
Top