കേരളം മുഴുവൻ പരീക്ഷകളും മാറ്റിവെച്ചു
തിരുവനന്തപുരം: കോവിഡ് –-19 വൈറസ് വ്യാപിക്കുന്ന പശ്‌ചാത്തലത്തിൽ പിഎസ്‍സി പരീക്ഷ ഉൾപ്പെടെയുള്ള സംസ്ഥാനത്തു നടക്കാനിരുന്ന മുഴുവൻ പരീക്ഷകളും കേരളം മാറ്റിവെച്ചു . വെെറസ് ബാധ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുന്നതിനിടെ കനത്ത ജാഗ്രത പുലർത്തുന്നതിന്റെ ഭാഗമായാണ് എസ്.എസ്.എൽ.സി , പ്ലസ് ടു , സർവകലാശാല പരീക്ഷകൾ ഉൾപ്പടെ മാറ്റിവെക്കാൻ തീരുമാനമായത്.. എട്ടാം ക്ലാസ് വരെയുള്ള പരീക്ഷകൾ നേരത്തെ മാറ്റിവെച്ചിരുന്നു.
മാര്‍ച്ച് മുപ്പത്തിയൊന്ന് വരെ പരീക്ഷകള്‍ ഒന്നും നടത്തുന്നതല്ല. മാറ്റിവെക്കുന്ന പരീക്ഷകള്‍ എന്ന് നടത്തുന്നമെന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. എസ്.എസ്.എൽ.സിയിൽ നാലു പരീക്ഷകളാണ് ബാക്കിയുള്ളത്. സർവകലാശാല പരീക്ഷകളും നടന്നുവരികയായിരുന്നു.
നേരത്തെ യു.ജി.സിയും സി.ബി.എസ്.ഇയും പരീക്ഷകൾ മാറ്റിവെക്കുന്നതായി അറിയച്ചിരുന്നുവെങ്കിലും, സംസ്ഥാനത്തെ പരീക്ഷകൾ മാറ്റിവെക്കുന്നതായുള്ള തീരുമാനം കേരളം കെെകൊണ്ടിരുന്നില്ല. എന്നാൽ നിലവിൽ എല്ലാ മേഖലകളിലും ജാഗ്രത ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പരീക്ഷകൾ മാറ്റിവെച്ചത്.
പിഎസ്‍സി പരീക്ഷകൾ
ഏപ്രിൽ 14 വരെ നടത്താനിരുന്ന ഒഎംആർ പരീക്ഷകൾ, കായികക്ഷമതാ പരീക്ഷകൾ 31 വരെയുളള വകുപ്പുതല ഓൺലൈൻ പരീക്ഷകൾ, പ്രമാണപരിശോധന എന്നിവ മാറ്റിവച്ചു.
ഏപ്രിൽ 14 വരെയുള്ള എല്ലാ അഭിമുഖങ്ങളും മാറ്റിയിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
ജെഇഇ മെയിൻ
നാഷണൽ ടെസ്‌റ്റിങ് ഏജൻസി നടത്തുന്ന ജെഇഇ മെയിൻ ഏപ്രിൽ സെഷൻ പരീക്ഷകൾ മാറ്റുന്നതായി അറിയിച്ചിട്ടുണ്ട്. സ്ഥിതി വിലയിരുത്തിയശേഷം പുതുക്കിയ തീയതി 31ന് തീരുമാനിക്കും
നാഷണൽ ഓപ്പൺ സ്‌കൂളിലും മാറ്റി
നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്‌കൂളിങ് (എൻഐഒഎസ്) 31വരെ നടത്താൻ നിശ്‌ചയിച്ച സെക്കൻഡറി, സീനിയർ സെക്കൻഡറി പ്രാക്ടീക്കൽ പരീക്ഷകൾ മാറ്റി.
സിയാൽ പരീക്ഷ മാറ്റി
കൊച്ചി രാജ്യാന്തര വിമാനത്താവളക്കമ്പനി (സിയാൽ) സംസ്ഥാനത്തെ അൻപതോളം കേന്ദ്രങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ജൂനിയർ അസിസ്റ്റന്റ് ഗ്രേഡ് 2 പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
അസൈൻമെൻറ് തീയതി നീട്ടി
ഇന്ദിരാഗന്ധി ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ ജൂണിലെ പരീക്ഷകൾക്കുള്ള അസൈൻമെൻറ് സമർപ്പിക്കാനുള്ള തീയതി ഏപ്രിൽ 30 വരെ നീട്ടി.
21, 28 തീയതികളിലെ പരീക്ഷ മാറ്റി
21നും 28നും കേരള സർവകലാശാല നടത്താനിരുന്ന പാർട് 3 ബി എ അഫ്‌സൽ അൽ ഉലാമ, ബി കോം ബിരുദ പരീക്ഷകൾ എന്നിവ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്.
ഐസിഎസ്‌ഇ , ഐഎസ്‌സി മാറ്റി
ഇന്ത്യൻ സ്‌കൂൾ സർട്ടിഫിക്കറ്റ് എക്‌സാമിനേഷൻ കൗൺസിൽ ഐസിഎസ്‌ഇ , ഐഎസ്‌സി പരീക്ഷകളും മാറ്റിവച്ചു. 31 വരെയുള്ള പരീക്ഷകളാണ് മാറ്റിയത്. ഷെഡ്യൂൾ പ്രകാരം ഐസിഎസ്‌ഇ (ക്ലാസ് 10) 30നും, ഐഎസ്‌ഇ (ക്ലാസ് 12 ) പരീക്ഷകൾ 31 നും അവസാനിക്കേണ്ടതായിരുന്നു.
ഐസിഎസ്‌ഇ മൂല്യനിർണയം വീടുകളിൽ
ഐസിഎസ്‌ഇ നടത്തിയ പരീക്ഷകകളുടെ ഉത്തരക്കടലാസുകളുടെ മൂല്യനിർണയം അധ്യാപകരുടെ വീടുകളിലിരുന്ന് നടത്താനുള്ള അനുമതി നൽകി
സിബിഎസ്‌ഇ 12–-ാം ക്ലാസ് മാറ്റി
സിബിഎസ്‌ഇ 10,12 ക്ലാസുകളിൽ അവശേഷിക്കുന്ന ബോർഡ് പരീക്ഷകൾ മാറ്റി. കേരളത്തിൽ സിബിഎസ്‌ഇയുടെ 10–-ാം ക്ലാസ് പരീക്ഷ പൂർത്തിയായിട്ടുണ്ട്.12–-ാം ക്ലാസിൽ സിബിഎസ്‌ഇയുടെ കൊമേഴ്‌സ്, ആർട്‌സ് സ്‌ട്രീം പരീക്ഷകൾ ബാക്കിയുണ്ട്.
ഐഇഎൽടിഎസ് മാറ്റി
21ന് നടത്താൻ നിശ്ചയിച്ച ഐഇഎൽടിഎസ് പരീക്ഷ മാറ്റിവച്ചു . പരീക്ഷയ്ക്കു റജിസ്റ്റർ ചെയ്ത മുഴുവൻ പേരെയും വിവരം ഇമെയിൽ വഴി അറിയിക്കും. പ്രത്യേക ഫീസ് ഇല്ലാതെ പുതിയ പരീക്ഷാ തീയതി തിരഞ്ഞെടുക്കാനുള്ള അവസരവും ഉണ്ട്. ഇതിനോടകം 250 പേർ പുതിയ തീയതി തെരഞ്ഞെടുത്തതായും ഐഡിപി അറിയിച്ചു.