പരിസ്ഥിതി ദിനം : ഭൂമിയെ നശിപ്പിച്ചതാരാണ് ?
‘മനുഷ്യൻ എന്നൊരു ജീവി പ്രപഞ്ചത്തിനു ആവശ്യമുണ്ടായിരുന്നോ ?’ എന്ന ഒരു ചർച്ചയിൽ ഉയർന്നുവന്ന വിശദീകരണങ്ങളിൽ , പ്രപഞ്ചത്തിനു ഏറ്റവും ദോഷം ചെയ്തത്, മറ്റു ജീവികളുമായി താരതമ്യം ചെയ്യുമ്പോൾ, മനുഷ്യ സമൂഹമാണ് എന്നതാണ് പരക്കെ ഉയർന്നുവന്ന അഭിപ്രായം. സ്വന്തം സുഖഭോഗങ്ങൾക്കായി പരിസ്ഥിക്ക് ഏറ്റവും ക്ഷതമേല്പിച്ചത് മനുഷ്യ ജീവിയാണ്.
പരിസ്ഥിതി സംരക്ഷണ ത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലുകളുമായി ജൂൺ അഞ്ച് ലോകമെമ്പാടും പരിസ്ഥിതി ദിന (World Environment Day ) -മായി ആഘോഷിക്കുന്നു. 1973 മുതൽ എല്ലാവർഷവും യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റ് പ്രോഗ്രാമി (UNEP) -ൻറെ നേതൃത്വത്തിൽ ജനങ്ങൾ ജൂൺ അഞ്ചിന് ലോകപരിസ്ഥിതി ദിനം ആഘോഷിക്കുന്നുണ്ട്. സ്വീഡനാണ് ഈ വർഷം ആതിഥേയത്വം വഹിക്കുന്നത്. ‘ഒരേയൊരു ഭൂമി’ ( Only One Earth) എന്നതാണ്ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശം ‘ഒൺലി വൺ എർത്ത്’ നമ്മുടെ ഭൂമിയെ സംരക്ഷിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനും വരും തലമുറകൾക്ക് വേണ്ടി സുസജ്ജമാക്കുന്നതിനും ആഗോളതലത്തിൽ കൂട്ടായ, പ്രവർത്തനത്തിന് ആഹ്വാനം ചെയ്യുന്നു.
‘ഹ്യുമൻ എൻവയോൺമെൻറ്’ സംബന്ധിച്ച 1972 -ൽ സ്റ്റോക്ക്‌ഹോമിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ പ്രഥമ സമ്മേളനത്തിന്റെ മുദ്രാവാക്യം ‘ഒരേ ഒരു ഭൂമി’ എന്നതായിരുന്നു. ഇത് സുസ്ഥിര വികസനത്തെ ആഗോള അജണ്ടയിൽ ഉൾപ്പെടുത്തുകയും ലോക പരിസ്ഥിതി ദിനം സ്ഥാപിക്കുന്നതിലേക്ക് നയിക്കുകയും ചെയ്തു. അങ്ങനെ നോക്കുമ്പോൾ ലോകം പരിസ്ഥിതി ദിനം ആചരിച്ച് തുടങ്ങിയിട്ട് 50 വർഷമാകുന്നു.
ഈ ദിനത്തിൻറെ പ്രാധാന്യം ഭൂമിയിൽ ജീവിക്കുന്ന ഓരോ മനുഷ്യജീവിയും തിരിച്ചറിയേണ്ടതുണ്ട്. ഒരുപക്ഷെ നാം കരുതുന്നതിലും കൂടുതൽ ഉത്തരവാദിത്വമാണ് ജൂൺ അഞ്ച് നമ്മളിൽ ഏൽപ്പിക്കുന്നത്. അത് മരങ്ങൾ നടുന്നതിലോ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലുന്നതിലോ മാത്രം അവസാനിക്കുന്നതല്ല . ഈ ഭൂമി അനുഭവിച്ച് പോരുന്ന പാരിസ്ഥിതിക പ്രതിസന്ധികളെ ക്കുറിച്ച് പഠിക്കാൻ മാനവ സമൂഹം കൂടുതൽ ഉത്തരവാദിത്വത്തോടെ തയ്യാറാകുകയും നാം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാനുള്ള മാർഗ്ഗങ്ങൾ കണ്ടെത്തുകയും വേണം എന്ന് ലോകത്തെ ഓർമ്മിപ്പിക്കുകയാണ് . ലോകത്താകെയും ജലവും വായുവും മലിനമാവുകയാണ്, ചൂട് കൂടുകയാണ്, കാട്ടുതീ വർധിക്കുന്നു, മഞ്ഞുരുകുന്നു, ഓസോൺ സംരക്ഷണം ഇല്ലാതാക്കുകയാണ്.
നമ്മുടെ സുഖ സൗകര്യങ്ങൾക്ക് വേണ്ടി നടത്തുന്ന കണ്ടുപിടുത്തങ്ങളും ഉൽപ്പന്നങ്ങളും പ്രകൃതിക്കു നാശം വരുത്തുന്നു എന്നത് മനുഷ്യന് അറിയാതെയല്ല. സ്വാർത്ഥ താൽപര്യങ്ങളിൽ പ്രകൃതിയുടെ നന്മയുടെ വശങ്ങൾ ഇല്ലാതാക്കിക്കൊണ്ടാണ് മനുഷ്യൻ സുഖസൗകര്യങ്ങൾക്കായി പ്രകൃതിയെ നശിപ്പിക്കുന്നത്. മറ്റൊരു ജീവിയും പ്രകൃതിക്കു ദോഷം ചെയ്യുന്ന യാതൊന്നും ചെയ്യുന്നില്ല എന്ന് നാം തിരിച്ചറിയണം.
വളരെ വലിയ പാരിസ്ഥിതിക പ്രതിസന്ധികളാണ് നമ്മുടെ ഭൂമി (earth) ഇന്ന്അനുഭവിച്ചു കൊണ്ടിരിക്കുന്നത്.
മനുഷ്യനും മറ്റു ജീവജാലങ്ങൾക്കും അപകടകരമായ രീതിയിൽ വർധിച്ചു വരുന്ന പരിസ്ഥിതി മലിനീകരണം . നമ്മുടെ ഭൂമിയും വായുവും വെള്ളവും മലിനമാണ്. മാലിന്യങ്ങൾ പൊതു നിരത്തിലേക്കും അന്യരുടെ ഭൂമിയിലേക്കും പുഴയിലേക്കും കായലിലേക്കും കടലിലേക്കും വലിച്ചെറിയുമ്പോൾ നാം ഒരുനിമിഷം കൂടി ആലോചിക്കണം.
അനുനിമിഷം നശിക്കുന്ന ആവാസ വ്യവസ്ഥ . ഒരു ദശലക്ഷത്തോളം ജീവിവർഗ്ഗങ്ങൾ ഇന്ന് വംശനാശ ഭീഷണിയിലാണ് നാം തിരിച്ചറിയണം.
കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ. മഴയും വെള്ളപ്പൊക്കവും കൊടുംകാറ്റും നമ്മെ ഭയപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. അതോടൊപ്പം പ്രകൃതിക്കും ജീവികൾക്കും സഹിക്കാനാവാത്ത വിധം ചൂടുകൂടുന്ന അവസ്ഥ.
ഇതിനുള്ള പരിഹാരം എന്താണ് ?
നമ്മുടെ വളർച്ചയുടെ മാർഗ്ഗങ്ങളും സമൂഹത്തിൻറെ ചിന്താരീതികളും കൂടുതൽ രിസ്ഥിതിസൗഹാർദ്ദപരവും പ്രകൃതിയോട് ഇണങ്ങിച്ചേരുന്നതും ആക്കി മാറ്റുക എന്നതാണ്ഏറ്റവും പ്രധാനം.
പ്രകൃതിസംരക്ഷണത്തെ ക്കുറിച്ച് നാം ഓരോരുത്തരും ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഈ നൂറ്റാണ്ടിലെ ആഗോളതാപനം 1.5 ഡിഗ്രി സെൽഷ്യസിൽ താഴെ നിലനിർത്തണമെങ്കിൽ നാം മനഃപൂർവം അതിനായി തയ്യാറാകണം. വായുമലിനീകരണം 2040 -ഓടെ 50 ശതമാനം വർധിക്കുകയും നമ്മുടെ ജലാശയങ്ങളിലേക്ക് ഒഴുകുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ഏകദേശം മൂന്നിരട്ടിയാവുകയും ചെയ്യും എന്നുമാണ് കരുതുന്നത്.
ഇതിന് പരിഹാരം കണ്ടേ തീരൂ എന്നതാണ് പരിസ്ഥിതിദിനത്തിൻറെ പ്രാധാന്യം വർധിപ്പിക്കുന്നത്.
അതിന് ചെയ്യാനാവുന്നത് പ്രകൃതിയുമായി ചേർന്നുകൊണ്ട് സുസ്ഥിരജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ്.
മാത്രവുമല്ല, ഭൂമി ഇന്ന് നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള അടിയന്തിരനടപടി എടുക്കേണ്ടതുമുണ്ട്. അതിനുള്ള ചർച്ചകളും പ്രവർത്തനങ്ങളും ലോകമെമ്പാടും നടക്കുന്നുണ്ട്. എന്നാൽ, നമ്മുടെ ഗ്രാമങ്ങൾ പോലും മലിനീകരിക്കപ്പെടുകയാണ്. ഭരണകർത്താക്കൾ ഇത്തരം കാര്യങ്ങൾക്ക് വേണ്ടത്ര പ്രാധാന്യം നൽകുന്നില്ല എന്ന് പരിസ്ഥിതി പ്രവർത്തകും വിദഗ്ദ്ധരും വിമർശനം ഉന്നയിക്കുമ്പോൾ അത് വെറുതെയല്ല എന്ന് ചുറ്റുപാടും നോക്കുമ്പോൾ നമുക്ക് മനസ്സിലാകും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കോടികൾ മുടക്കി പദ്ധതികൾ നടപ്പാക്കുന്നു എന്ന് വീമ്പിളക്കി ‘ഫ്ലക്സ് ബോർഡു’ കൾ സ്ഥാപിക്കുമ്പോൾ അവർ യഥാർഥത്തിൽ എന്ത് ചെയ്യുന്നു എന്ന് സ്വയം ചോദിയ്ക്കാൻ തയ്യാറാകണം.
ലോകമാകെയും പാരിസ്ഥിതിക പ്രതിസന്ധികൾ നേരിടുന്ന കാലത്ത് പരിസ്ഥിതി സംരക്ഷണത്തിനായി താഴെത്തട്ടിൽ നിന്ന് തന്നെ പ്രവർത്തനം ആരംഭിക്കണം. പരിസ്ഥിതി ദിനം ഒരു ദിവസം ആഘോഷിച്ചു മറക്കാനുള്ളതല്ല. ജൂൺ അഞ്ചിൻറെ പ്രാധാന്യവും സന്ദേശവും ഉൾക്കൊള്ളാനും അതനുസരിച്ചു ജീവിക്കാനും നാം ഓരോരുത്തരും തയ്യാറാകണം. അല്ലെങ്കിൽ ഈ ഭൂമിയെ നശിപ്പിച്ചത് മനുഷ്യജീവി മാത്രമാണെന്ന വാദം കൂടുതൽ ശക്തിപ്പെടും.
-രാജൻ പി തൊടിയൂർ