കോവിഡ് 19: എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് സേവനങ്ങൾ ഓൺലൈനായി
തൃശൂർ : കോവിഡ് 19 രോഗവ്യാപനം തടയുന്നതിൻറെ ഭാഗമായി എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിലെത്തുന്ന തൊഴിലന്വേഷകർക്കായി സേവന ക്രമീകരണങ്ങൾ ഏർപ്പെടുത്തി.
എക്സ്ചേഞ്ചിൽ നിന്നും നൽകുന്ന രജിസ്ട്രേഷൻ, പുതുക്കൽ, സർട്ടിഫിക്കറ്റ് അഡീഷൻ തുടങ്ങിയ സേവനങ്ങൾ www.employmentkerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി നടത്താം.
2020 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ രജിസ്ട്രേഷൻ പുതുക്കേണ്ടവർക്ക് ഗ്രേസ് പിരിയഡ് ഉൾപ്പെടെ യഥാക്രമം മാർച്ച്, ഏപ്രിൽ മാസം വരെ സാധാരണ ഗതിയിൽ പുതുക്കാം. എന്നാൽ നിലവിലെ സാഹചര്യം കണക്കാക്കി ഇത്തരം പുതുക്കലുകൾ 2020 മെയ് 31 വരെ ചെയ്യാം. ഫോൺ മുഖേന ബന്ധപ്പെട്ടും രജിസ്ട്രേഷൻ പുതുക്കാം.
ഒറിജിനൽ സർട്ടിഫിക്കറ്റുകൾ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ 90 ദിവസത്തിനകം ഹാജരാക്കി വെരിഫൈ ചെയ്താൽ മതി. 2020 മാർച്ച് ഒന്നു മുതൽ മെയ് 29 വരെയുള്ള തിയതിയിൽ 90 ദിവസം പൂർത്തിയാകുന്ന ഉദ്യോഗാർത്ഥികൾ 2020 മെയ് 30 വരെ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ ഹാജരായി സർട്ടിഫിക്കറ്റ് വെരിഫൈ ചെയ്താൽ മതിയാകും.
രജിസ്ട്രേഷൻ, സർട്ടിഫിക്കറ്റ് ചേർക്കൽ, തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് ചേർക്കൽ എന്നിവയും www.employmentkerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി നടത്താം.