ചരിത്രം നിര്‍മിക്കപ്പെടുമ്പോൾ

Share:

ഹര്‍ബന്‍സ് മുഖ്യ

 

മേവാര്‍ രാജവംശത്തിലെ പിന്തുടര്‍ച്ചക്കാരനായ വിശ്വജീത്സിങ് അടുത്തയിടെ ഒരു പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ പത്മാവതി എന്ന സിനിമയുടെ ചരിത്രവും കെട്ടുകഥയും തമ്മില്‍ നടത്തിയ വേര്‍തിരിവ് അത്ഭുതമുളവാക്കുന്നതായി. ഞാനിവിടെ കുറിച്ചിടുന്നത് ചരിത്രപരമായ വസ്തുതകളും ജനങ്ങള്‍ക്കിടയില്‍ പ്രചാരത്തിലുള്ള കഥയുമാണ്.

പലകാരണങ്ങളാലും സമകാലിക ആധുനിക ചരിത്രകാരന്മാര്‍ക്കിടയില്‍ സുപരിചിതനായ ഭരണാധികാരിയാണ് സുല്‍ത്താന്‍ അലാവുദീന്‍ ഖില്‍ജി. ഇന്ത്യയിലേക്കുള്ള മംഗോള്‍ അധിനിവേശത്തെ ചെറുത്തുതോല്‍പ്പിച്ചയാള്‍, നിരവധി പ്രദേശങ്ങള്‍ കീഴ്പെടുത്തിയയാള്‍, സാധാരണജനങ്ങള്‍ നിത്യേന വാങ്ങുന്ന സാധനങ്ങള്‍ക്ക് ഏറ്റവും കുറഞ്ഞ വില ഉറപ്പുവരുത്തിയ ആള്‍, ഭരണകാര്യങ്ങളില്‍ ശരിയത്ത് നിയമത്തെ അവഗണിച്ചയാള്‍, കാമാസക്തിയുമായി സ്ത്രീകളുടെ പുറകെ പോകാത്തയാള്‍. ഇതെല്ലാമായിരുന്നു അലാവുദീന്‍ ഖില്‍ജി. അതുകൊണ്ടുതന്നെ എങ്ങനെയാണ് അദ്ദേഹം പത്മാവതിയുമായി ബന്ധത്തിലായത്?

ഖില്‍ജി ചിത്തോഡിലെ രാജാവിനെ 1303ലാണ് പരാജയപ്പെടുത്തിയത്. 1316ല്‍ മരിക്കുകയും ചെയ്തു. അക്കാലത്ത് പത്മിനി എന്നോ പത്മാവതി എന്നോ പേരിലുള്ള ആരും ജീവിച്ചിരുന്നില്ല. കഥയില്‍ പറയുന്നതുപോലെ സുന്ദരിയായ ആരുംതന്നെ അക്കാലത്തുണ്ടായിരുന്നില്ല. മാലിക് മുഹമ്മദ് ജയാസിയുടെ കാവ്യപുസ്തകപ്രകാരം ഖില്‍ജി മരിച്ച് 224 വര്‍ഷങ്ങള്‍ക്കുശേഷം 1540ലാണ് പത്മാവതി ജനിക്കുന്നത്. ജയാസിയുടെ നാട് ചിത്തോഡില്‍നിന്ന് വളരെ അകലെയുള്ള അവ്ധിലാണ്. ഒരു സൂഫി കവിയാണ് ജയാസി. പ്രതിബന്ധങ്ങളെ അതിജീവിച്ച് ദൈവമെന്ന ഇഷ്ടഭാജനത്തിനടുത്ത് എത്തുന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്ന സൂഫി പാരമ്പര്യമാണ് അദ്ദേഹത്തിന്റേതും. നിരവധി പ്രതിബന്ധങ്ങളുടെ മൂര്‍ത്തീകരണമായിരുന്നു ഖില്‍ജിയും. രണ്ടു ചരിത്രവസ്തുതകള്‍മാത്രമാണ് ഇവിടെ പ്രസക്തം. ഖില്‍ജി ചിത്തോഡ് ആക്രമിച്ചിരുന്നു. റാണ രത്തന്‍ സിങ് പരാജയപ്പെട്ടിരുന്നു.

എന്നാല്‍, ചരിത്രരേഖകള്‍ക്കും തെളിയിക്കപ്പെട്ട മറ്റു ചില ചരിത്രവസ്തുതകള്‍ക്കുമപ്പുറം സാംസ്കാരികമായി നിര്‍മിക്കപ്പെട്ടതും ജനങ്ങളുടെ സ്മരണയില്‍ രൂഢമൂലമായിട്ടുള്ളതും വാചികമായി കൈമാറ്റം ചെയ്യപ്പെട്ടതുമായ ഒരുകൂട്ടം വസ്തുതകളാണിവ. ഇവ ചരിത്രവസ്തുതകളാണെന്ന് പറയാനാകില്ലെങ്കിലും ജനമനസ്സുകളില്‍ ചരിത്രവസ്തുതയുടെ സ്ഥാനമാണ് അവയ്ക്ക് ലഭിക്കുന്നത്. ഇതിലെ അപകടത്തെക്കുറിച്ച് ജവാഹര്‍ലാല്‍ നെഹ്റു ബോധവാനായിരുന്നു. ഓര്‍മയിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നവ തെളിയിക്കുക വിഷമമാണ്. അതിന് എളപ്പത്തില്‍ രൂപമാറ്റം സംഭവിക്കുകയും പതിവാണ്.

മറ്റു പലതുമെന്നപോലെ പത്മാവതിയുടെ കഥയ്ക്കും പല രൂപമാറ്റവും സംഭവിച്ചു. വടക്കെ ഇന്ത്യമുതല്‍ രാജസ്ഥാന്‍വരെയും ബംഗാള്‍വരെയും 16-ാംനൂറ്റാണ്ടുമുതല്‍ 20-ാംനൂറ്റാണ്ടുവരെയും ഉണ്ടായ വൈവിധ്യമാര്‍ന്ന ഈ രൂപമാറ്റങ്ങളെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന പുസ്തകമാണ് രമ്യ ശ്രീനിവാസന്റെ ‘മെനി ലിവ്സ് ഓഫ് എ രജപുത്ത് ക്വീന്‍’ എന്നത്. ജയാസിയുടെ ആഖ്യാനവും അതിന്റെ 16-ാംനൂറ്റാണ്ടുമുതല്‍ 20-ാംനൂറ്റാണ്ടുവരെയുള്ള ഉറുദു, പേഴ്സ്യന്‍ ഭാഷാന്തരീകരണവും അനുസരിച്ച് പത്മിനിയെ വിവാഹം ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ സ്നേഹിക്കുന്ന ഖില്‍ജിയെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. ഇതേസമയം, രാജസ്ഥാനിലാകട്ടെ, രജപുത്ര അഭിമാനസംരക്ഷണം പത്മിനിയുടെ ജീവിതവുമായി ബന്ധിപ്പിക്കുന്നതിനാണ് ഊന്നല്‍ നല്‍കപ്പെട്ടത്. 19-ാംനൂറ്റാണ്ടില്‍ ബംഗാളിലാകട്ടെ പത്മിനി ധീരയായ രാജ്ഞിയുടെ രൂപം കൈവരിക്കുകയും മുസ്ളിം അധിനിവേശക്കാര്‍ക്ക് കീഴടങ്ങാന്‍ തയ്യാറാകാതെ മാനം രക്ഷിക്കാനായി ജൌഹര്‍ സതി (ശത്രുസേനയ്ക്ക് കീഴടങ്ങാന്‍ തയ്യാറാകാതെ സ്ത്രീ അനുഷ്ഠിക്കുന്ന സതി) അനുഷ്ഠിക്കുകയും ചെയ്തു. ഈ സ്മരണയാണ് രാജസ്ഥാനില്‍ അസന്ദിഗ്ധമായ ചരിത്രവസ്തുതയെന്ന നിലയില്‍ രൂഢമൂലമായത്.

ഇതാണ് നമ്മളെ സമകാലിക രാഷ്ട്രീയസാഹചര്യത്തിലേക്ക് നയിച്ചത്. വര്‍ഗീയസംഘര്‍ഷമെന്നത് ഇന്ത്യന്‍ സാമൂഹ്യ രാഷ്ട്രീയ മേഖലയില്‍ പുതുമയുള്ള കാര്യമല്ല. തെരഞ്ഞെടുപ്പുഫലം അനുകൂലമാക്കുന്നതിന് പല ഘട്ടങ്ങളിലും വര്‍ഗീയസംഘര്‍ഷത്തെ തരാതരംപോലെ ഉപയോഗിക്കാറുണ്ട്. പുതുമയുള്ള കാര്യം കേന്ദ്രത്തിലെ അധികാരം ഉപയോഗിച്ചുള്ള പ്രചാരണമാണ്. കോണ്‍ഗ്രസ് അടവുപരമായി ന്യൂനപക്ഷ, ഭൂരിപക്ഷ വോട്ട് ലക്ഷ്യമാക്കി വര്‍ഗീയകാര്‍ഡ് ഇറക്കിയിരുന്നുവെങ്കില്‍, സംഘപരിവാറിന്റെ പ്രത്യയശാസ്ത്രത്തിന്റെ ഹൃദയഭൂമികതന്നെ ഇതാണ്. ഇപ്പോള്‍ പരസ്യമായിത്തന്നെ ഹിന്ദുത്വ ആശയഗതി പുറത്തെടുക്കുകയും ചെയ്യുന്നു.

ശക്തമായ ഹിന്ദു വോട്ടുബാങ്കാണ് സംഘപരിവാറിന്റെ എന്നത്തെയും ലക്ഷ്യം. ഹിന്ദുക്കള്‍ക്കുമാത്രം വോട്ടധികാരം നല്‍കി ഈ ലക്ഷ്യം നേടണമെന്നായിരുന്നു എം എസ് ഗോള്‍വാള്‍ക്കറുടെ നിര്‍ദേശം. ഏറ്റവും വലിയ ന്യൂനപക്ഷവിഭാഗമായ മുസ്ളിങ്ങള്‍ക്കുള്ള വോട്ടധികാരം പരോക്ഷമായി എടുത്തുകളയുക എന്നതാണ് നിലവിലുള്ള ഭരണാധികാരികളുടെയും ലക്ഷ്യം. അതിന്റെ തുടക്കമെന്നോണം അവരുടെ വോട്ട് അപ്രസക്തമാക്കുക എന്നതാണ് അവരുടെ തെരഞ്ഞെടുപ്പുതന്ത്രം. വര്‍ത്തമാനകാലത്തെയും ഭൂതകാലത്തെയും മുസ്ളിങ്ങളെ രാക്ഷസവല്‍ക്കരിച്ചും ഓരോ വ്യക്തിയെയും സമുദായത്തെത്തന്നെയും ക്രൂരന്മാരായും കാമാസക്തരായും എല്ലാറ്റിനുമുപരി ഹിന്ദുക്കളുടെ ശത്രുക്കളായും ചിത്രീകരിച്ചുമാണ് ഈ അപ്രസക്തത പ്രോത്സാഹിപ്പിക്കുന്നത്.

രാജ്യത്തെ 80 ശതമാനം വരുന്ന ഹിന്ദുക്കളും മുസ്ളിങ്ങളാല്‍ വലയം ചെയ്യപ്പെട്ടിരിക്കുന്നുവെന്ന പ്രചാരണം പരിവാര്‍തന്ത്രങ്ങളിലൊന്നാണ്. അതിന് പിന്‍ബലമായി ‘ചരിത്രം’ നിര്‍മിക്കേണ്ടതും ആവശ്യമായിരുന്നു. ഹിന്ദുക്കളും മുസ്ളിങ്ങളും പ്രത്യേകമായ അറകളിലോ വ്യത്യസ്ത ക്യാമ്പുകളിലോ നില്‍ക്കാതെ പരസ്പരം ഇടപഴകുന്നതിന്റെ ചിത്രമാണ് ചരിത്രപരമായ വസ്തുതകള്‍ നല്‍കുന്നത്. ഇത് പൊളിച്ചെഴുതാന്‍ ബോധപൂര്‍വം തര്‍ക്കത്തെ നിര്‍മിക്കുകയും പാഠപുസ്തകങ്ങളില്‍ മാറ്റംവരുത്തുകയും ചെയ്ത് യഥാര്‍ഥ ചരിത്രം എന്തെന്ന് നിശ്ചയിക്കാന്‍ മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും അനുവാദം നല്‍കുകയാണിപ്പോള്‍. ഇത് ആധികാരികമാണെന്ന് കാണിക്കുന്നതിനായി ജനങ്ങളുടെ പൊതുവായ ഓര്‍മകള്‍ തങ്ങള്‍ക്ക് അനുകൂലമായി വളര്‍ത്തിയെടുക്കുകയും ചെയ്യുന്നു.

പരിവാറിനകത്ത് ഏതെങ്കിലും പ്രൊഫഷണല്‍ ചരിത്രകാരന്മാരുണ്ടെങ്കില്‍ അതില്‍ ഒരാള്‍പോലും ഇതുവരെയും അവര്‍ പറയുന്നത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടാന്‍ തയ്യാറായിട്ടില്ല. ഗൌരവസ്വഭാവമുള്ള ഒരു പുസ്തകമോ ലേഖനമോ ഈ വിഷയത്തില്‍ ഇതുവരെയും പുറത്തുവന്നിട്ടില്ല. ടെലിവിഷന്‍ ചാനലുകളിലൂടെയുള്ള ആക്രോശവും ചരിത്രകാരന്മാരല്ലാത്തവരുടെ വളച്ചൊടിച്ച പ്രഖ്യാപനങ്ങളും മാത്രമാണ് പുറത്തുവന്നിട്ടുള്ളത്. എന്നാല്‍, ചരിത്രത്തിന് ഒന്നല്ല നിരവധി വ്യാഖ്യാനങ്ങള്‍ ‘ലെഫ്റ്റ് ലിബറലുകള്‍’നല്‍കിയിട്ടുണ്ട്. പരസ്പരം രൂക്ഷമായി വിമര്‍ശിക്കുന്നവപോലും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍, ചരിത്രം എങ്ങനെയാണ് ദേശീയ (നാഷണലിസ്റ്റ്) വീക്ഷണത്തില്‍ രചിക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടുന്ന രചനകളൊന്നും ഉണ്ടായിട്ടില്ല.

അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചാലും തോറ്റാലും സാമൂഹ്യസംവാദം ഹിന്ദു- മുസ്ളിം ചോദ്യത്തെക്കുറിച്ചായിരിക്കും- അക്ബര്‍മുതല്‍ ഔറംഗസേബ്വരെയും താജ്മഹല്‍മുതല്‍ പത്മാവതിവരെയുമായിരിക്കും. സമ്പദ്വ്യവസ്ഥ, വികസനം, സമത്വം, ദളിതര്‍, ജാതിപരമായ അടിച്ചമര്‍ത്തല്‍ എന്നീ വിഷയങ്ങള്‍ അവഗണിക്കപ്പെടും. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന കൊളോണിയല്‍ തന്ത്രംതന്നെയാണിത്

(ജെഎന്‍യുവിലെ അധ്യാപകനാണ് ലേഖകന്‍. കടപ്പാട്: ഇന്ത്യന്‍ എക്സ്പ്രസ്)

 

Share: