ഇന്ത്യ അത് നേടിയെടുത്തു; ചന്ദ്രൻറെ ദക്ഷിണ ധ്രുവത്തിൽ ഒന്നാമത് !
ഇന്ത്യ അത് നേടിയെടുത്തു. ചന്ദ്രൻറെ ദക്ഷിണ ധ്രുവത്തിൽ ഒരു പേടകം സോഫ്‌റ്റ് ലാൻഡ് ചെയ്യുന്നത് ഇതാദ്യം. ഇതോടെ ചന്ദ്രൻറെ ദക്ഷിണ ധ്രുവത്തിൽ സോഫ്‌റ്റ് ലാൻഡ് ചെയ്യുന്ന ആദ്യ രാജ്യം എന്ന പദവി ഇന്ത്യക്ക് സ്വന്തമായി. ആദ്യ ബഹിരാകാശ ഏജൻസിയായി ഐഎസ്‌ആർഒയും. അമേരിക്ക, സോവിയറ്റ് യൂണിയൻ, ചൈന എന്നിവയ്‌ക്കൊപ്പം ചന്ദ്രനിൽ സോഫ്‌റ്റ് ലാൻഡ് ചെയ്‌ത നാലാമത്തെ രാജ്യം എന്ന സ്ഥാനം ഇന്ത്യക്ക്!
ചന്ദ്രയാന്‍ മൂന്നിൻറെ ‘പ്രഗ്യാന്‍’ റോവര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയതോടെ ഇന്ത്യയുടെ അശോക മുദ്ര ചന്ദ്രനില്‍ പതിഞ്ഞു. റോവറിൻറെ പിന്‍ചക്രങ്ങളിലുണ്ടായിരുന്ന അശോക സ്തംഭത്തിൻ റെ യും ഐസ്ആര്‍ഒയുടെയും ചിഹ്നങ്ങളാണ് ചന്ദ്രോപരിതലത്തില്‍ പതിഞ്ഞത്.
ഓഗസ്റ്റ് 23 രാത്രി 9 മണിയോടെയാണ് പേടകത്തിൻറെ വാതിൽ തുറന്ന് റോവറിനെ പുറത്തേക്കിറക്കുന്ന ജോലികൾ തുടങ്ങിയത്. ‘വിക്രം’ ലാന്‍ഡര്‍ പേടകത്തിൻറെ വാതില്‍ തുറന്ന് റോവര്‍ പുറത്തേക്ക് ഇറങ്ങുന്നതിൻറെ ദൃശ്യങ്ങള്‍ ഇസ്‌റോ നേരത്തേ പുറത്തുവിട്ടിരുന്നു. ലാന്‍ഡിംഗിന് ശേഷം ചന്ദ്രോപരിതലത്തില്‍ ഉയര്‍ന്നുപൊങ്ങിയ പൊടിപടലങ്ങള്‍ കെട്ടടങ്ങിയ ശേഷമാണ് റോവര്‍ പുറത്തിറങ്ങിയത്. ചന്ദ്രനിലെ ഗുരുത്വാകര്‍ഷണബലം മൂലം പൊടിപടലങ്ങള്‍ താഴേക്ക് വരാന്‍ ഏറെ സമയമെടുക്കുമെന്നതിനാല്‍, റോവര്‍ പെട്ടെന്ന് പുറത്തിറക്കാന്‍ സാധിക്കില്ലെന്ന് ഇസ്‌റോ അറിയിച്ചിരുന്നു. റോവർ ചന്ദ്രനിൽ ഇറങ്ങിയതോടെ 14 ദിവസം നീളുന്ന ദൗത്യത്തിനാണ് തുടക്കമാകുന്നത്. ചന്ദ്രനിൽ പകൽ സമയം മുഴുവൻ പ്രവർത്തിച്ച്, ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ രഹസ്യങ്ങൾ പുറത്തെത്തിക്കുകയാണ് ചന്ദ്രയാൻ മൂന്നിന്റെ ഉദ്ദേശം. ഇതിൻറെ ഭാഗമായി ലാൻഡർ പേ ലോഡുകൾ അടുത്ത ദിവസങ്ങളിൽ പ്രവർത്തന സജ്ജമാകും.
റോവര്‍ അതിവേഗം പുറത്തിറക്കാന്‍ ശ്രമിച്ചാല്‍ അതില്‍ ഘടിപ്പിച്ചിരിക്കുന്ന കാമറകളും മറ്റ് യന്ത്രഭാഗങ്ങളും നശിക്കാന്‍ സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനാല്‍ സോഫ്റ്റ് ലാന്‍ഡിംഗ് പൂര്‍ത്തിയാക്കി ഒരു ദിവസമെങ്കിലും കഴിഞ്ഞ ശേഷം റോവര്‍ പുറത്തിറക്കാനാണ് ഇസ്‌റോ നിശ്ചിയിച്ചിരുന്നത്. എന്നാല്‍ ചന്ദ്രനിലെ സാഹചര്യങ്ങള്‍ അനുകൂലമായതോടെ റോവര്‍ രാത്രി 9 മണിയോടെ പുറത്തിറക്കുകയായിരുന്നു.
റഷ്യയുടെ ലൂണ 25 ൻറെ പരാജയത്തിനു തൊട്ടുപിന്നാലെ നടന്ന ദൗത്യം ലോകം ഉറ്റുനോക്കുകയായിരുന്നു. 41 ദിവസത്തെ യാത്രയ്‌ക്കൊടുവിൽ ബുധനാഴ്‌ച്ച വൈകിട്ട് 6.04നാണ് ‘ചാന്ദ്രയാൻ 3’ ചന്ദ്രൻറെ നിഴൽമേഖലയിൽ പറന്നിറങ്ങിയത്. പ്രപഞ്ചരഹസ്യങ്ങളുടെ ചുരുളഴിക്കാൻ ഇനി 14 നാൾ ധ്രുവപഠനം. മൂന്നു ദിവസം താഴ്‌ന്ന ഭ്രമണപഥത്തിൽ ചന്ദ്രനെ ചുറ്റിയ ലാൻഡറും റോവറും അടങ്ങിയ പേടകം വൈകിട്ട് 5.44ന് 30 കിലോമീറ്റർ അടുത്തെത്തി. മണിക്കൂറിൽ 6048 കിലോമീറ്റർ വേഗത്തിലെത്തിയ പേടകത്തെ നാല് ദ്രവ എൻജിൻ ജ്വലിപ്പിച്ച് നിയന്ത്രിച്ചു. ബംഗളൂരു ഇസ്‌ട്രാക്ക് മിഷൻ കൺട്രോൾ സെറോവർ ചന്ദ്രനിൽ ഇറങ്ങിയതോടെ 14 ദിവസം നീളുന്ന ദൗത്യത്തിനാണ് തുടക്കമാകുന്നത്.
പേടകത്തിൻറെ പ്രവർത്തനം പൂർണമായും സ്വയംനിയന്ത്രണ സംവിധാനത്തിലാക്കി , വേഗം 1200 കിലോമീറ്ററായി കുറയ്‌ക്കുന്ന റഫ് ബ്രേക്കിങ് ഘട്ടം 11 മിനിറ്റ് നീണ്ടു. ചരിഞ്ഞ് നീങ്ങിയ പേടകം ചന്ദ്രനിൽനിന്ന് 7.4 കിലോമീറ്റർ ഉയരത്തിലും അവിടെനിന്ന് 6.5 കിലോമീറ്ററിലും എത്തി. തുടർന്ന് ലാൻഡറിന്റെ കാലുകൾ ചന്ദ്രോപരിതലത്തിലേക്ക് തിരിക്കുന്ന ഫൈൻ ബ്രേക്കിങ് ഘട്ടത്തിലേക്ക്. 800 മീറ്ററിലേക്ക് എത്തിയതോടെ പേടകം 15 സെക്കൻഡോളം നിശ്ചലമായി. ഇതിനിടെ സെൻസറുകളും കാമറകളും ഡോപ്ലർ വെലോസിറ്റി മീറ്ററും സോഫ്‌റ്റ് ലാൻഡിങ്ങിനുള്ള നിശ്ചിത സ്ഥലം നിരീക്ഷിച്ച് വിശകലനം ചെയ്‌ത് യാത്ര തുടർന്നു. 60 മുതൽ 10 മീറ്റർവരെ താഴേക്കുള്ള ദൂരം തൂവൽപോലെ പേടകം പറന്നു. സെക്കൻഡിൽ 2–-3 മീറ്റർ വേഗത്തിലായിരുന്നു അവസാനഘട്ടത്തിലെ കുത്തനെയുള്ള ഇറക്കം. വൈകിട്ട് 6.03ന് ചാന്ദ്രയാൻറെ നാല് കാലുകൾ ദക്ഷിണധ്രുവത്തിൽ തൊട്ടു. തൊട്ടടുത്ത നിമിഷത്തിൽ ചാന്ദ്രമണ്ണിൽ ഉറച്ചു. വിവരം എത്തിയതോടെ ഇസ്ട്രാക്കിലും ഐഎസ്‌ആർഒ സെന്ററുകളിലും ആഹ്‌ളാദാരവം ഉയർന്നു. ‘നാമതു നേടി’ ഐഎസ്‌ആർഒ ചെയർമാൻ ഡോ. എസ് സോമനാഥ് പ്രതികരിച്ചു.
പടുകൂറ്റൻ ഗർത്തങ്ങളായ മാൻസിനസ് സി, സിം പെലിയസ് എന്നിവയ്‌ക്കിടയിലുള്ള സമതലത്തിലാണ് ലാൻഡർ സുരക്ഷിതമായി ഇറങ്ങിയത്. വലിയതോതിൽ പൊടിപടലം ഉയർന്നതിനാൽ ലാൻഡറിൽനിന്ന് രണ്ടര മണിക്കൂർ കഴിഞ്ഞാണ് റോവർ പുറത്തിറങ്ങിയത്. ദൗത്യത്തിനു പിന്നിൽ പ്രവർത്തിച്ചവരെ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേരള മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവർ അഭിനന്ദിച്ചു. ഐഎസ്‌ആർആർഒ ചെയർമാൻ ഡോ. എസ് സോമനാഥ്, വിഎസ്‌എസ്‌സി ഡയറക്ടർ ഡോ. എസ് ഉണ്ണിക്കൃഷ്‌ണൻനായർ, എൽപിഎസ്‌സി ഡയറക്ടർ ഡോ. വി നാരായണൻ, ഇസ്‌ട്രാക്ക് ഡയറക്ടർ ബി എൻ രാമകൃഷ്‌ണ തുടങ്ങിയവർ ഇസ്‌ട്രാക്കിലുണ്ടായിരുന്നു.
സോഫ്‌റ്റ് ലാൻഡ് ചെയ്‌തതിനുശേഷം ബംഗളൂരുവിലെ മിഷൻ ഓപറേഷൻ കോംപ്ലക്‌സുമായി ചാന്ദ്രയാൻ 3 പൂർണ ആശയവിനിമയം ആരംഭിച്ചു. പേടകം സ്വയംനിയന്ത്രിത സംവിധാനം വഴി ഇറങ്ങുന്നതിനിടെ പകർത്തിയ ചാന്ദ്രദൃശ്യങ്ങളും ലാൻഡർ അയച്ചു. ‘ഇന്ത്യ, ഞാൻ എൻറെ ലക്ഷ്യസ്ഥാനത്ത് എത്തിയിരിക്കുന്നു. നീയും’ എന്നുള്ള ചാന്ദ്രയാൻ മൂന്നിൻറെ സന്ദേശവും ഐഎസ്‌ആർഒ സമൂഹമാധ്യമത്തിൽ പങ്കുവച്ചു. ചാന്ദ്രയാൻ 2ന്റെ ഓർബിറ്റർ വഴിയാണ് ആശയവിനിമയം. ലാൻഡറിന് നേരിട്ടും സന്ദേശങ്ങൾ അയക്കാനാകും.
പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്നതിനാൽ ഒരു ചാന്ദ്രപകലാണ് (14 ദിവസം) ലാൻഡറിൻറെ ദൗത്യകാലാവധി. ചന്ദ്രൻറെ ഘടന, മണ്ണ്, ധാതുക്കൾ, മൂലകങ്ങൾ, ജലസാന്നിധ്യം, നേർത്ത അന്തരീക്ഷം, ചാന്ദ്രചലനം, പ്ലാസ്‌മ തുടങ്ങിയവയെല്ലാം പഠനവിധേയമാക്കും. പ്രതലം കുഴിച്ചുള്ള പരീക്ഷണവും നടത്തും. ചിത്രങ്ങൾ എടുത്ത് ഭൂമിയിലേക്ക് അയക്കും.
പ്രധാനമന്ത്രി പറഞ്ഞു :
എൻറെ പ്രിയപ്പെട്ട കുടുംബാംഗങ്ങളെ,
ഈ നിമിഷം അവിസ്മരണീയമാണ്. ഈ നിമിഷം അഭൂതപൂര്‍വമാണ്. ഈ നിമിഷം ഒരു വികസിത ഇന്ത്യയുടെ വിജയാഹ്ളാദമാണ്. ഈ നിമിഷം പുതിയ ഇന്ത്യയുടെ വിജയമാണ്. ഈ നിമിഷം പ്രയാസങ്ങളുടെ കടല്‍ കടക്കാനുള്ളതാണ്. ഈ നിമിഷം വിജയത്തിൻറെ പാതയിലൂടെ നടക്കുകയാണ്. ഈ നിമിഷത്തിനു 1.4 ബില്യണ്‍ ഹൃദയമിടിപ്പിൻറെ കഴിവുണ്ട്. ഈ നിമിഷം ഇന്ത്യയില്‍ പുതിയ ഊര്‍ജ്ജം, പുതിയ വിശ്വാസം, പുതിയ അവബോധം എന്നിവയെ സൂചിപ്പിക്കുന്നു. ഈ നിമിഷം ഇന്ത്യയുടെ ആരോഹണ വിധിയുടെ വിളിയാണ്.
‘അമൃത് കാലത്തിൻറെ’ പുലരിയില്‍ വിജയത്തിൻറെ ആദ്യ വെളിച്ചം ഈ വര്‍ഷം ചൊരിഞ്ഞു. നാം ഭൂമിയില്‍ ഒരു പ്രതിജ്ഞയെടുത്തു, ചന്ദ്രനില്‍ നാം അത് നിറവേറ്റി. നമ്മുടെ ശാസ്ത്രജ്ഞരായ സഹപ്രവര്‍ത്തകരും പറഞ്ഞു, ‘ഇന്ത്യ ഇപ്പോള്‍ ചന്ദ്രനിലാണ്.’ ബഹിരാകാശത്ത് പുതിയ ഇന്ത്യയുടെ പുതിയ പറക്കലിന് ഇന്ന് നാം സാക്ഷിയായി.ഇത്തരമൊരു ചരിത്രം നമ്മുടെ കണ്‍മുന്നില്‍ സൃഷ്ടിക്കപ്പെടുന്നത് കാണുമ്പോള്‍ ജീവിതം ധന്യമാകും. ഇത്തരം ചരിത്രസംഭവങ്ങള്‍ ഒരു ജനതയുടെ ജീവിതത്തിൻറെ ശാശ്വത ബോധമായി മാറുന്നു.
ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഞാന്‍ ഇപ്പോള്‍ ദക്ഷിണാഫ്രിക്കയിലാണ്. എന്നിരുന്നാലും, എല്ലാ രാജ്യക്കാരെയും പോലെ, എൻറെ ഹൃദയവും ചന്ദ്രയാന്‍ ദൗത്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഒരു പുതിയ ചരിത്രം വികസിക്കുമ്പോള്‍, ഓരോ ഇന്ത്യക്കാരനും ആഘോഷത്തില്‍ മുഴുകിയിരിക്കുന്നു, എല്ലാ വീടുകളിലും ആഘോഷങ്ങള്‍ ആരംഭിച്ചു. എൻറെ ഹൃദയത്തില്‍ നിന്ന്, ഞാന്‍ എൻറെ നാട്ടുകാരുമായും എൻറെ കുടുംബാംഗങ്ങളുമായും ഉത്സാഹത്തോടെ ബന്ധപ്പെട്ടിരിക്കുന്നു. ഈ നിമിഷത്തിനായി വര്‍ഷങ്ങളോളം അക്ഷീണം പ്രയത്‌നിച്ച ചന്ദ്രയാന്‍ ടീമിനും ഐഎസ്ആര്‍ഒയ്‌ക്കും രാജ്യത്തെ എല്ലാ ശാസ്ത്രജ്ഞര്‍ക്കും ഞാന്‍ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. ആവേശവും ഉത്സാഹവും സന്തോഷവും വികാരവും നിറഞ്ഞ ഈ അത്ഭുതകരമായ നിമിഷത്തിന് 140 കോടി ഇന്ത്യക്കാരെയും ഞാന്‍ അഭിനന്ദിക്കുന്നു!
നമ്മുടെ ശാസ്ത്രജ്ഞരുടെ കഠിനാധ്വാനത്തിലൂടെയും കഴിവുകളിലൂടെയും, ലോകത്ത് മറ്റൊരു രാജ്യവും എത്താത്ത ചന്ദ്രൻറെ ദക്ഷിണധ്രുവത്തില്‍ ഇന്ത്യ എത്തി. ഇന്ന് മുതല്‍ ചന്ദ്രനുമായി ബന്ധപ്പെട്ട കെട്ടുകഥകള്‍ മാറും, ആഖ്യാനങ്ങള്‍ മാറും, പുതുതലമുറയ്‌ക്ക് പഴഞ്ചൊല്ലുകള്‍ പോലും മാറും. ഇന്ത്യയില്‍ നമ്മള്‍ ഭൂമിയെ നമ്മുടെ അമ്മയെന്നും ചന്ദ്രനെ നമ്മുടെ ‘അമ്മാമന്‍’ (മാതൃസഹോദരന്‍) എന്നും വിളിക്കുന്നു. ‘ചന്ദ മാമ വളരെ ദൂരെയാണ്’ എന്ന് പറയാറുണ്ടായിരുന്നു. ‘ചന്ദ മാമ ഒരു ‘ടൂര്‍’ ദൂരം മാത്രം അകലെയാണ്’ എന്ന് കുട്ടികള്‍ പറയുന്ന ഒരു ദിവസം വരും.
ഈ സന്തോഷകരമായ അവസരത്തില്‍, ലോകത്തിലെ എല്ലാ ജനങ്ങളെയും എല്ലാ രാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും ജനങ്ങളെയും അഭിസംബോധന ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇന്ത്യയുടെ വിജയകരമായ ചാന്ദ്രദൗത്യം ഇന്ത്യയുടെ മാത്രമല്ല. ഇന്ത്യയുടെ ജി-20 അധ്യക്ഷസ്ഥാനത്തിന് ലോകം സാക്ഷ്യം വഹിക്കുന്ന വര്‍ഷമാണിത്. ‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്ന നമ്മുടെ സമീപനം ലോകമെമ്പാടും പ്രതിധ്വനിക്കുന്നു. നാം പ്രതിനിധാനം ചെയ്യുന്ന ഈ മനുഷ്യകേന്ദ്രീകൃത സമീപനം സാര്‍വത്രികമായി സ്വാഗതം ചെയ്യപ്പെട്ടിട്ടുണ്ട്. നമ്മുടെ ചാന്ദ്ര ദൗത്യവും മനുഷ്യ കേന്ദ്രീകൃത സമീപനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. അതുകൊണ്ട് തന്നെ ഈ വിജയം എല്ലാ മനുഷ്യര്‍ക്കും അവകാശപ്പെട്ടതാണ്. ഭാവിയില്‍ മറ്റ് രാജ്യങ്ങളുടെ ചാന്ദ്ര ദൗത്യങ്ങളെ ഇത് സഹായിക്കും. ഗ്ലോബല്‍ സൗത്ത് ഉള്‍പ്പെടെ ലോകത്തിലെ എല്ലാ രാജ്യങ്ങളും അത്തരം നേട്ടങ്ങള്‍ കൈവരിക്കാന്‍ പ്രാപ്തരാണെന്ന് എനിക്ക് ഉറപ്പുണ്ട്. നമുക്കെല്ലാവര്‍ക്കും ചന്ദ്രനും അതിനപ്പുറവും ആഗ്രഹിക്കാം.
ചന്ദ്രയാന്‍ ദൗത്യത്തിൻറെ ഈ നേട്ടം ചന്ദ്രൻറെ ഭ്രമണപഥത്തിനപ്പുറമുള്ള ഇന്ത്യയുടെ യാത്രയെ മുന്നോട്ട് നയിക്കും. നമ്മുടെ സൗരയൂഥത്തിൻറെ പരിധികള്‍ നാം പരീക്ഷിക്കുകയും മനുഷ്യരാശിക്ക് പ്രപഞ്ചത്തിൻറെ അനന്തമായ സാധ്യതകള്‍ സാക്ഷാത്കരിക്കാനുള്ള പ്രവര്‍ത്തനം തുടരുകയും ചെയ്യും. ഭാവിയിലേക്കുള്ള വലിയതും അതിമോഹവുമായ നിരവധി ലക്ഷ്യങ്ങള്‍ നാം വെച്ചിട്ടുണ്ട്. സൂര്യനെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനത്തിനായി ഐഎസ്ആര്‍ഒ ‘ആദിത്യ എല്‍-1’ ദൗത്യം ഉടന്‍ വിക്ഷേപിക്കും. അതിന് പിന്നാലെ ശുക്രനും ഐഎസ്ആര്‍ഒയുടെ അജണ്ടയിലുണ്ട്. ഗഗന്‍യാന്‍ ദൗത്യത്തിലൂടെ, രാജ്യം അതിൻറെ ആദ്യത്തെ മനുഷ്യ ബഹിരാകാശ ദൗത്യത്തിന് ഉത്സാഹത്തോടെ തയ്യാറെടുക്കുകയാണ്. ആകാശത്തിന് അതിരുകളില്ലെന്ന് ഇന്ത്യ ആവര്‍ത്തിച്ച് തെളിയിക്കുകയാണ്.
ശാസ്ത്രവും സാങ്കേതികവിദ്യയുമാണ് നമ്മുടെ രാജ്യത്തിൻറെന്റെ ശോഭനമായ ഭാവിയുടെ അടിത്തറ. അതുകൊണ്ട് ഈ ദിനം രാജ്യം എന്നും ഓര്‍ക്കും. ശോഭനമായ ഭാവിയിലേക്ക് നീങ്ങാന്‍ ഈ ദിനം നമുക്കെല്ലാവര്‍ക്കും പ്രചോദനമാകും. ഈ ദിവസം നമ്മുടെ തീരുമാനങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള വഴി കാണിക്കും. തോല്‍വിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് വിജയം എങ്ങനെ നേടാമെന്ന് ഈ ദിവസം പ്രതീകപ്പെടുത്തുന്നു. ഒരിക്കല്‍ കൂടി, രാജ്യത്തെ എല്ലാ ശാസ്ത്രജ്ഞര്‍ക്കും ഹൃദയംഗമമായ അഭിനന്ദനങ്ങള്‍, ഭാവി ദൗത്യങ്ങള്‍ക്ക് ആശംസകള്‍! വളരെ നന്ദി.