ബാലചന്ദ്രമേനോൻ… ലോക സിനിമയിൽ ഒന്നാമൻ !

Share:

കഥ, തിരക്കഥ, സംഭാഷണം, അഭിനയം, ഗാനം, സംഗീതം, ചിത്രസംയോജനം, സംവിധാനം, നിർമ്മാണം, വിതരണം, നൂറിലേറെ ചിത്രങ്ങൾ. അമേരിക്കന്‍ സംവിധായകനായ വൂഡി അല്ലൻറെ ലോകറെക്കോർഡ് മറികടന്ന് ബാലചന്ദ്രമേനോൻ ഒന്നാമതെത്തുന്നു. ലോകസിനിമയിൽ. ലോകത്തു ഏറ്റവും കൂടുതല്‍ ചിത്രങ്ങൾ സ്വന്തമായി തിരക്കഥ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ചതിന്. വൂഡി അല്ലൻ 26 ൽ നിൽക്കുമ്പോൾ മലയാളത്തിൻറെ ബാലചന്ദ്രമേനോൻ 29 ൽ. + 1  “എന്നാലും ശരത്ത്‌ ” –
ഒന്നാമത് , ഒന്നിലേറെ കാരണങ്ങളാൽ!!!

” എന്നാലും ശരത്ത്‌ ” എന്ന പുതിയ ചിത്രത്തിൻറെ ഷൂട്ടിങ്ങിനിടയിൽ ബാലചന്ദ്രമേനോന്‍ വിളിച്ചു.
“ഒടുവിൽ അംഗീകരിക്കപ്പെട്ടു”.
അത് പറയും മുൻപേ ഞാൻ അറിയിച്ചു, “ഹൃദയപൂർവ്വം അഭിനന്ദനങ്ങൾ”.
ഏകദേശം ഒരുവർഷമായി ഞങ്ങൾ ഇതേക്കുറിച്ചു ആലോചിക്കുകയായിരുന്നു.

തിരുവനന്തപുരം ടെന്നീസ് ക്ലബ്ബിൽ സുഹൃത്തുക്കൾക്കായി മേനോൻ പാടി. പകൽ മുഴുവൻ .
പിന്നീട്, താജ് വിവാന്ത ഹോട്ടലിൽ ചായ കുടിച്ചുകൊണ്ട് മേനോൻ ചോദിച്ചു, ……..”ഞാൻ ഇതർഹിക്കുന്നില്ലേ?”

ഒരു പക്ഷെ , കരിയർ മാഗസിൻറെ പത്രാധിപർ കൂടിയായതുകൊണ്ടാകാം , വളരെ സ്വകാര്യമായി അത് ചോദിച്ചത്. ദീർഘകാല സൗഹൃദത്തിൻറെ വിശ്വാസ്യത കൂടിയുണ്ടാകണം അതിനു പിന്നിൽ.

നാൽപ്പത് വർഷങ്ങൾക്ക് മുൻപ് കൊല്ലം ഫാത്തിമ മാത കോളേജിൽ തുടങ്ങിയ സൗഹൃദം. കോളേജിന് മുന്നിലെ പടർന്നു പന്തലിച്ച മരത്തിനു കീഴിലെ സിമെൻറ് ബെഞ്ചിലിരുന്ന് സിനിമയെക്കുറിച്ചും നാടകത്തെക്കുറിച്ചും ചർച്ച ചെയ്ത നാളുകൾ.
ഉത്രാടരാത്രിയുടെ സെറ്റിൽ ആദ്യ ഷോട്ട് അഭിനയിച്ചശേഷം , നന്നായില്ലേ , എന്ന് ചോദിച്ച അതെ സ്വരത്തിൽ , ലോകത്തു ഏറ്റവുമധികം സിനിമ തിരക്കഥയെഴുതി, അഭിനയിച്ചു, സംവിധാനം ചെയ്ത , സിനിമയിൽ, കഥ, തിരക്കഥ, സംഭാഷണം, ഗാനം, സംഗീത സംവിധാനം, അഭിനയം, നിർമ്മാണം, വിതരണം എന്നിവയെല്ലാം ചെയ്ത് സംസ്ഥാന- ദേശീയ പുരസ്കാരങ്ങളും പദ്‌മശ്രീയും നേടിയ മഹാപ്രതിഭ , എല്ലാമറിയുന്ന സുഹൃത്തിനോട് ചോദിക്കുന്നു:
“ഞാൻ ഇതർഹിക്കുന്നില്ലേ?”
” തീർച്ചയായും . ലോക സിനിമയിൽ ഒന്നാമനാകാൻ ഇത്രയും ധാരാളം”.
” അല്ല രാജൻ, നിങ്ങൾ ഇതന്വേഷിക്കണം. കിട്ടാവുന്ന എല്ലാ മാർഗ്ഗങ്ങളിലും തിരയണം. അതുവരെ പരമ രഹസ്യം.”
” ഐ എഫ് എഫ് ടി വി യുടെ കാര്യവുമായി ലോകമെമ്പാടുമുള്ള ആയിരത്തിലേറെ ചലച്ചിത്ര സംവിധായകരും ഫെസ്റ്റിവൽ പ്രവർത്തകരുമായി ബന്ധപ്പെടുന്നു. ഇത്തരമൊരു നേട്ടം അവകാശപ്പെടാൻ ലോകത്താരുമില്ല.നമുക്ക് ഗിന്നസ് ബുക്ക് അധികൃതരുമായി ബന്ധപ്പെടാം . ലോക സിനിമയുമായി അടുത്ത് നിൽക്കുന്ന അടൂർജിയുമായി സംസാരിക്കാം.”
“എല്ലാം നമുക്ക് ഉറപ്പായ ശേഷം.” അപ്പോഴും മേനോൻ മടിച്ചു.
ലോക സിനിമയിലെ സജീവ സാന്നിദ്ധ്യമായ ആൻഡ്രൂ ഓർഗ് , സിന്ധ്യ ഫിലിപ്സ്, മിലിന്ദ് ഗാവ്ലി, ജോർജ്‌സ് .. …. അവർക്കാർക്കും ഇത്രയധികം കാര്യങ്ങൾ ചെയ്ത മറ്റൊരു ചലച്ചിത്രകാരനെ അറിയില്ല.

പിന്നീട് അടൂർജിയുമായി സംസാരിക്കുന്നു. അദ്ദേഹം ലോകത്തോട് പറയുന്നു. കഴിഞ്ഞ ജൂണിൽ. ബാലചന്ദ്ര മേനോനെ റോസസ് ദ് ഫാമിലി ക്ലബ്ബിന്റെ നേതൃത്വത്തിൽ ആദരിച്ച ചടങ്ങിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തി.”ലോകസിനിമാരംഗത്ത് ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ അഭിനയത്തോടൊപ്പം കഥ, തിരക്കഥ, സംഭാഷണം സംവിധാനം എന്നിവ നിർവഹിച്ചവ്യക്തി എന്ന ഖ്യാതി ഇനി മലയാളിയായ ബാലചന്ദ്രമേനോനു സ്വന്തം”. 29 ചിത്രങ്ങളാണ് മേനോൻ ഇപ്രകാരം ഒരുക്കിയത്. അമേരിക്കന്‍ സംവിധായകനായ വൂഡി അല്ലന്‍ ആണ് പട്ടികയില്‍ രണ്ടാമത്. ഇരുപത്തിയാറ് ചിത്രങ്ങളാണ് വൂഡി അലൻറെ തായുള്ളത് .  ഇരുപത്തിമൂന്ന് ചിത്രങ്ങളുമായി കെ ഭാഗ്യരാജാണ് പട്ടികയില്‍ മൂന്നാമത്.
മലയാള സിനിമയിൽ 40 വർഷങ്ങൾ പൂർത്തിയാക്കിയ മേനോൻ മുപ്പതാമത് ചിത്രം സംവിധാനം ചെയ്യുമ്പോൾ , ഭാരതത്തിൻറെ ഗിന്നസ് ബുക്ക് എന്ന് വിശേഷിപ്പിക്കാവുന്ന , ലിംക ബുക്ക് ഓഫ് റെക്കോര്‍ഡിൽ ഒന്നാമനായി ഇടം നേടി . ലോകത്തു ഏറ്റവും കൂടുതല്‍ ചിത്രങ്ങൾ സ്വന്തമായി തിരക്കഥ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ചതിന്. തനിക്ക് റെക്കോഡ് ലഭിച്ച വിവരം ബാലചന്ദ്രമേനോന്‍ ഫെയ്‌സ് ബുക്കിലൂടെ ഇങ്ങനെ പങ്കുവെച്ചു.

“ഇത് അപൂര്‍വ്വമായ ഒരു അനുഭവം. വെട്ടിക്കാട് ശിവശങ്കരപിള്ളയുടെയും കണ്ടനാട് ലളിത ദേവിയുടെയും മകനായി എല്ലാവരെയും പോലെ ഭൂജാതനായ എന്നില്‍ എല്ലാവരെയും പോലെ മത്സരബുദ്ധിയുണ്ടായതെങ്ങനെ എന്ന് ഇപ്പോഴും അറിയില്ല” എന്ന് തുടങ്ങുന്ന ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ് നേടിയതിന്റെ സന്തോഷം അദ്ദേഹം ലോകത്തെ അറിയിച്ചു.

1978 ല്‍ പുറത്തിറങ്ങിയ ‘ഉത്രാടരാത്രി’ എന്ന സിനിമയിലാണ് ബാലചന്ദ്രമേനോന്‍ ആദ്യമായി തിരക്കഥ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ചത്. പിന്നീട് 29 സിനിമകളില്‍ സ്വന്തമായി തിരക്കഥ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ചു. 1998 ല്‍ ‘സമാന്തരങ്ങള്‍’ എന്ന സിനിമയിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ബാലചന്ദ്രമേനോന്‍ കരസ്ഥമാക്കി. ‘ഞാന്‍ സംവിധാനം ചെയ്യും’ എന്ന പേരില്‍ 2015 ല്‍ പുറത്തിറങ്ങിയ സിനിമയിലാണ് അദ്ദേഹം അവസാനമായി തിരക്കഥ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ചത്. “എന്നാലും ശരത്” പുതിയ ചിത്രം.

ബാലചന്ദ്രമേനോന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഇത് അപൂർവ്വമായ ഒരു അനുഭവം …. വെട്ടിക്കാട് ശിവശങ്കരപിള്ളയുടെയും കണ്ടനാട് ലളിത ദേവിയുടെയും മകനായി എല്ലാവരെയും പോലെ ഭൂജാതനായ എന്നിൽ എല്ലാവരെയും പോലെ മത്സരബുദ്ധിയുണ്ടായതെങ്ങനെ എന്ന് ഇപ്പോഴും അറിയില്ല.

നിങ്ങൾ എന്നെ കമ്മ്യുണിസ്റ്റാക്കി എന്ന് പറഞ്ഞു കേട്ടിട്ടുള്ളത് പോലെ എല്ലാവരും കൂടി ചേർന്ന് എന്നിൽ ഉത്തേജകമരുന്ന് കുത്തിവെച്ചു. 1969 ൽ SSLC ക്കു ഇടവ പഞ്ചായത്തിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി എന്ന് മുദ്രാവാക്യം മുഴക്കിക്കൊണ്ട് അച്ഛനരികിലേക്കു ഓടി ചെന്ന എന്നോട് അച്ഛൻ ചോദിച്ചു : ” ഇടവ പഞ്ചായത്തിൽ ഒന്നാമനായതിനു നീ ഈ ലഹള തുടങ്ങിയാൽ കേരള സംസ്ഥാനത്തു ഒന്നാം റാങ്ക് വാങ്ങിയ കുട്ടിയെപ്പറ്റി എന്ത് പറയുന്നു ?”…
അന്ന് തുടങ്ങിയതാവണം ഈ മത്സര രോഗം .ഒന്നാമനാകാനുള്ള അദമ്യമായ അഭിവാഞ്ച.. ഒരു കാര്യം മാത്രം ഉറപ്പാക്കി …. നേരായ മാർഗ്ഗത്തിലൂടെയാവണം … ആദ്മാർത്ഥമായ അദ്ധ്വാനത്തിലൂടെ ആവണം…
അവസരസേവ പിടിച്ചും സ്വയം മുദ്രാവാക്യം മുഴക്കിയും ആവരുത് …

അർഹതപ്പെട്ട ഒന്നാം സ്ഥാനം ആവണം … അങ്ങിനെ പഠിച്ച സ്കൂളിൽ ഒന്നാമനായി … പഞ്ചായത്തിൽ ഒന്നാമനായി . കോളേജുകളിൽ ഒന്നാമനായി …. കേരളം സംസ്ഥാനത്തു ഒന്നാമനായി… ഇന്ത്യയിൽ ഒന്നാമനായി ….. ഇപ്പോൾ ലോകത്തു ഒന്നാമനായി …….
ലിംകാ ബുക്ക് ഓഫ് റെക്കോർഡ്‌സ് ആധികാരികമായി പ്രഖ്യാപിച്ചിരിക്കുന്നു ! ഈ വിശ്വ മഹാകടാഹത്തിൽ ഒരു നിമിഷമെങ്കിലും നൊന്നാമനാവുക എന്നാൽ അത് ദൈവം തന്ന വരദാനമാണ് ……

കൊല്ലത്തു ജനിച്ച ഞാൻ പടവുകൾ ചവുട്ടി ലോകത്തിന്റെ നെറുകയിലേക്ക് നടന്നു കയറിയത് എന്റെ പ്രിയപ്പെട്ട പ്രേക്ഷകരുടെ കൈയും പിടിച്ചാണ് …. ലോകത്തിൽ ഒന്നാമനാവും മുൻപേ മലയാളി മനസ്സിൽ നിങ്ങൾ എന്നെ ഒരു ഒന്നാം സ്ഥാനത്തു പ്രതിഷ്ട്ടിച്ചു കഴിഞ്ഞു …
ആ ഒന്നാം സ്ഥാനം നഷ്ട്ടപ്പെട്ടുത്താതെ ലോകത്തെ ഒന്നാം സ്ഥാനം കിട്ടിയതിൽ ഞാനും എന്റെ കുടുംബവും വിനയപൂർവ്വം തല കുനിച്ചുകൊണ്ടു സർവേശ്വരന് നന്ദി പറയുന്നു …..
” എന്നാലും ശരത്ത്‌ ” ഷൂട്ടിങ് മുക്കാലോളം കഴിഞ്ഞു ….ലൊക്കേഷനിലേക്കുള്ള കാറിന്റെ ഡ്രൈവർ ഹോൺ മുഴക്കുന്നു …

സൗഹൃദത്തിൻറെ മൂല്യം എന്നും മനസ്സിൽ സൂക്ഷിക്കുന്ന മേനോൻ പറയുന്നു.
” സുഹൃത്തേ, ഷൂട്ടിംഗ് തീരും മുൻപ് വരണം”
നൂറിലേറെ സിനിമകളിലെ സജീവ സാന്നിദ്ധ്യം, ഭരതും പദ്മശ്രീയും, ഇപ്പോൾ ലിംക ബുക്ക് ലോകസിനിമയിൽ ഒന്നാമനായി ഉയർത്തിനിർത്തുമ്പോഴും സൗഹൃദത്തിൻറെ നൈർമല്യം ഈ മനസ്സിൽ ശക്തമാകുകയാണ്.

  • രാജൻ പി തൊടിയൂർ
Share: