വ്യോമസേനയിൽ പ്രവേശനം: പൊതുപരീക്ഷ
ഇന്ത്യൻ വ്യോമസേന ടെക്നിക്കൽ, ഫ്ളയിങ് , ഗ്രൗണ്ട് ഡ്യൂട്ടി ബ്രാഞ്ചുകളിലായി പൊതു പരീക്ഷക്കും (എയർഫോഴ്സ് കോമണ്‍ ടെസ്റ്റ് 02/ 2021) എൻസിസി സ്പെഷൽ എൻട്രിയിലേക്കും അപേക്ഷ ക്ഷണിച്ചു.
ഫ്ളൈയിംഗ് ബ്രാഞ്ചിലെ ഷോർട്ട് സർവീസ് കോഴ്സിലേക്കും ടെക്നിക്കൽ ബ്രാഞ്ചിലെ പെർമനന്റ് കമ്മീഷൻ, ഷോർട്ട് സർവീസ് കോഴ്സ് എന്നിവയിലേക്കും ഗ്രൗണ്ട് ഡ്യൂട്ടി ബ്രാഞ്ചിലെ പെർമനന്റ് കമ്മീഷൻ, ഷോർട്ട് സർവീസ് കമ്മീഷൻ ഒഴിവുകളിലേക്കാണു അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വനിതകൾക്കും അപേക്ഷിക്കാം. അപേക്ഷകർ അവിവാഹിതരായിരിക്കണം. സ്ത്രീകൾക്കും പുരുഷൻമാർക്കും വ്യത്യസ്ത കോഴ്സുകളാണ് ഉള്ളത്.
2022 ജൂലൈയിലാണ് കോഴ്സുകൾ ആരംഭിക്കുന്നത്.
ആകെ 334ഒഴിവുകളാണ് ഉള്ളത്.
ടെക്നിക്കൽ
യോഗ്യത: എയ്റോനോട്ടിക്കൽ എൻജിനിയറിങ്ങിൽ (ഇലക്ട്രോണിക്സ് / മെക്കാനിക്കൽ ). കുറഞ്ഞത് 60 ശതമാനം മാർക്കോടെ നാലു വർഷത്തെ ബിരുദം. അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനിയേഴ്സ് (ഇന്ത്യ) നടത്തുന്ന അസോഷ്യേറ്റ് മെന്പർഷിപ്പ് പരീക്ഷ/ എയ്റോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ നടത്തുന്ന പരീക്ഷ എയും ബിയും
ശാരീരിക യോഗ്യത: പുരുഷൻ- ഉയരം കുറഞ്ഞത് 157.5 സെമീ. സ്ത്രീ കുറഞ്ഞത് 152 സെമീ. തൂക്കം ആനുപാതികം. പ്രായം: 2022 ജനുവരി ഒന്നിന് 20 -26 വയസ്.
ഫ്ളൈയിംഗ്
യോഗ്യത: കുറഞ്ഞത് മൊത്തം അറുപതു ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദം .പ്ലസ്ടു തലത്തിൽ ഫിസിക്സും മാത്തമാറ്റിക്സും പഠിച്ചവരാവണം. അല്ലെങ്കിൽ മൊത്തം 60 ശതമാനം മാർക്കോടെ നാലു വർഷത്തെ ബിഇ/ ബിടെക് ബിരുദം.
ശാരീരിക യോഗ്യത (സ്ത്രീ/ പുരുഷൻ): ഉയരം 162.5 സെമീ. തൂക്കം- ആനുപാതികം. മികച്ച കാഴ്ച ശക്തി ഉണ്ടായിരിക്കണം. പൈലറ്റ് അപ്റ്റിറ്റ്യൂഡ് ടെസ്റ്റിൽ നേരത്തെ പരാജയപ്പെട്ടവരും എയർഫോഴ്സ് അക്കാഡമിയിൽനിന്ന് പുറത്താക്കിയവരും അപേക്ഷിക്കേണ്ടതില്ല. വിശദമായ വിജ്ഞാപനത്തിന് വെബ്സൈറ്റ് സന്ദർശിക്കുക.
പ്രായം: 20 -24.
2022 ജനുവരി ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് ഉള്ളവർക്ക് ഉയർന്ന പ്രായം 26 വയസ്.
ഗ്രൗണ്ട് ഡ്യൂട്ടി
യോഗ്യത: അഡ്മിനിസ്ട്രേഷൻ ആൻഡ് ലോജിസ്റ്റിക്സ്: കുറഞ്ഞത് 60 ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദം. അല്ലെങ്കിൽ 50 ശതാമനം മാർക്കോടെ പിജി ബിരുദം/ തത്തുല്യ ഡിപ്ലോമ. അക്കൗണ്ട്സ്- കുറഞ്ഞതു മൊത്തം 60 ശതമാനം മാർക്കോടെ ബികോം ബിരുദം. അല്ലെങ്കിൽ കുറഞ്ഞത് 50 ശതമാനം മാർക്കോടെ എംകോം/ ഐസിഡബ്ല്യുഎ/ സിഎ.
ശാരീരിക യോഗ്യത(പുരുഷൻ): ഉയരം: കുറഞ്ഞത് 157.5 സെമീ. തൂക്കം ആനുപാതികം.ശാരീരിക യോഗ്യത: സ്ത്രീ: ഉയരം 152 സെമീ. തൂക്കം ആനുപാതികം.പ്രായം: 2022 ജനുവരി ഒന്നിന് 20 നും 26 നും ഇടയിൽ പ്രായം.
തെരഞ്ഞെടുപ്പ്: എയർഫോഴ്സ് കോമണ്‍ അഡ്മിഷൻ ടെസ്റ്റ് (എഎഫ്സിഎടി) മുഖേനയാണു തെരഞ്ഞെടുപ്പ്. ഓൺലൈൻ പരീക്ഷയായിരിക്കും. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് തുടർന്ന് എസ്എസ്ബി പരീക്ഷയുണ്ടാകും. മൂന്ന് ഘട്ടങ്ങളായിട്ടാണ് പരീക്ഷ.
കൂടുതൽ വിവരങ്ങൾ www.careerindianairforce.cdac.in , www.afcat.cdac.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 30.