ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്‌, റോബോട്ടിക്‌ സയന്‍സ്‌: എം.ജിയിൽ പഠിക്കാം

Share:

മഹാത്മാഗാന്ധി സര്‍വകലാശാല രാജ്യത്ത്‌ ആദ്യമായി  റെഗുലര്‍ യു.ജി., പി.ജി. പ്രോഗ്രാമുകളോടൊപ്പം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്‌, റോബോട്ടിക്‌ സയന്‍സ്‌, ഇന്റര്‍നെറ്റ്‌ ഓഫ്‌ തിങ്ങ്‌സ്‌, ഗ്രീന്‍ ടെക്‌നോളജി തുടങ്ങിയ അത്യാധുനിക പഠനശാഖകളും വിദേശഭാഷകളും ചേര്‍ത്ത്‌ പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നു.
അടുത്ത അദ്ധ്യയന വര്‍ഷം മുതലാകും പുതിയ പരിഷകാരങ്ങള്‍ നടപ്പിലാക്കുക. നിലവിലുള്ള അക്കാദമിക പ്രോഗ്രാമിന്റെ 25 ശതമാനത്തിന്‌ തുല്യമായ ക്രെഡിറ്റുകള്‍ നവ പഠനശാഖകളില്‍ ഓപ്‌ഷണലായി വരിക. വിദ്യാര്‍ഥികളെ രാജ്യാന്തര നിലവാരത്തിലേക്ക്‌ ഉയര്‍ത്താനായി വിഭാവന ചെയ്യുന്ന നവ വൈജ്‌ഞാനിക പാഠ്യക്രമം നടപ്പാക്കുന്നതിന്റെ ഭാഗമായാണ്‌ പരിഷ്‌കരണങ്ങള്‍. വൈസ്‌ ചാന്‍സലര്‍ ഡോ. ബാബു സെബാസ്‌റ്റ്യന്‍ വെളിപ്പെടുത്തിയതാണിക്കാര്യം.
രാജ്യാന്തര സാങ്കേതിക മുന്നേറ്റങ്ങളില്‍ നിര്‍ണായക പങ്ക്‌ വഹിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്‌ അനന്ത സാദ്ധ്യതകളാണ്‌ തുറന്നിടുന്നത്‌. മനുഷ്യചിന്തകളെ തിരിച്ചറിഞ്ഞ്‌ പ്രതികരിക്കാന്‍ ശേഷിയുള്ള യന്ത്രസംവിധാനം രൂപകല്‍പ്പന ചെയ്യാനുള്ള പാഠങ്ങളാണ്‌ ഇതില്‍ ഉള്‍ക്കൊള്ളിക്കുക. സ്വയം ചിന്തിച്ച്‌ പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടര്‍ അധിഷ്‌ഠിത മെഷീനുകളുടെ നിര്‍മ്മാണപ്രക്രിയ സ്വായത്തമാക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്‌ പഠനത്തിലൂടെ സാധിക്കും.
മനുഷ്യ ഇടപെടല്‍ ഒഴിവാക്കാന്‍ ഉതകുന്ന സാങ്കേതിക വിദ്യകളാണ്‌ റോബോട്ടിക്‌സിലുള്ളത്‌. സമുദ്ര, ബഹിരാകാശ പര്യവേഷണങ്ങളിലും ഉല്‍പ്പാദനരംഗത്തും അപകടമേഖലയിലും ദുരന്ത നിവാരണത്തിലും വളരെ സഹായകരമാകുന്ന സങ്കേതങ്ങളാണിതിലുള്ളത്‌.
ഈ നൂറ്റാണ്ടിന്റെ പഠനശാഖയായി വികാസം പ്രാപിക്കുന്ന ഇന്റര്‍നെറ്റ്‌ ഓഫ്‌ തിങ്ങ്‌സ്‌ ഓഫീസിലെയും വീടുകളിലെയും ഉപകരണങ്ങളെയും വാഹനങ്ങളെയും നെറ്റ്‌വര്‍ക്കിങ്ങിലൂടെ ബന്ധപ്പെടുത്തുന്നതിനുള്ള പഠനമാണ്‌. ഇന്റര്‍നെറ്റും എംബഡഡ്‌ കമ്പ്യൂട്ടിങ്ങും സംയുക്‌തമായി വിന്യസിക്കുന്ന നവ സങ്കേതം വഴി മൂന്നു വര്‍ഷത്തിനുള്ളില്‍ 3000 കോടി ഉപകരണങ്ങള്‍ ബന്ധിക്കപ്പെടുമെന്നാണ്‌ സാങ്കേതിക വിദഗ്‌ദ്ധര്‍ വിലയിരുത്തുന്നത്‌.
രാസാധിഷ്‌ഠിത വള, കീടനാശിനി പ്രയോഗങ്ങളും, പ്ലാസ്‌റ്റിക്‌, രാസമാലിന്യങ്ങളും ഉളവാക്കിയ പരിസ്‌ഥിതി ആഘാതത്തില്‍ നിന്നും പ്രകൃതിയെ സംരക്ഷിക്കുവാന്‍ ഉതകുന്ന സാങ്കേതിക ഉല്‍പ്പാദന ജീവന മാര്‍ണ്മങ്ങള്‍ക്ക്‌ വഴിമരുന്നിടുന്ന ഗ്രീന്‍ ടെക്‌നോളജി പ്രോഗ്രാമും സര്‍വകലാശാല ആരംഭിക്കും.
ഇതില്‍ സമസ്‌ത മനുഷ്യ ഇടപെടലുകളും ഉല്‍പാദന പ്രക്രീയകളും ഉള്‍പ്പെടും.  യു.എന്‍. അംഗീകൃത വിദേശഭാഷകള്‍ പഠിക്കാനുള്ള അവസരവും വിദ്യാര്‍ഥികള്‍ക്ക്‌ ലഭിക്കും.

Share: