ലാഭകരമായ ആശയങ്ങള്‍ സൃഷ്ടിക്കാന്‍ മൂന്നു മാര്‍ഗ്ഗങ്ങള്‍!

Share:

എങ്ങനെ സമ്പന്നനാകാം എളുപ്പത്തില്‍ – 14


എം ആർ കൂപ്മേയെർ പരിഭാഷ : എം ജി കെ നായർ

ലാഭകരമായ ആശയങ്ങള്‍ സൃഷ്ടിക്കുന്നതിന് മൂന്നു പ്രധാന മാര്‍ഗ്ഗങ്ങളുണ്ട്.

ഇവയില്‍ ഏതെങ്കിലുമൊന്ന് നിങ്ങളെ കൂടുതല്‍ സമ്പന്നനാക്കും…. എളുപ്പത്തില്‍!

ഇതാ അവ:

(1) എല്ലായ്പ്പോഴും നിലനിന്നിരുന്നതും (ഇപ്പോള്‍ നിലനില്‍കുന്നതും) എന്നാല്‍ മുമ്പ് അറിയപ്പെട്ടിട്ടില്ലാത്തതുമായ എന്തെങ്കിലും കണ്ടുപിടിക്കുക. (ഉദാഹരണം : ഗുരുത്വാകര്‍ഷണ നിയമം ന്യൂട്ടന്‍ കണ്ടുപിടിച്ചത്. അല്ലെങ്കില്‍ പുതിയ മൂലകങ്ങളുടെ, പുതിയ വസ്തുക്കളുടെ, പുതിയ തത്ത്വങ്ങള്‍ അടിസ്ഥാനമാക്കിയുള്ള പുതിയ സമ്പ്രദായങ്ങള്‍ അങ്ങനെ ഏതെങ്കിലും കണ്ടുപിടിത്തം.) മൂന്നു പ്രധാന സമ്പ്രദായങ്ങളില്‍ ഏറ്റവും പ്രയാസമേറിയത് ഇതാണ്. ഇത് നിങ്ങളെ പ്രശസ്തനാക്കും; എന്നാല്‍ താഴെപ്പറയുന്ന കൂടുതല്‍ എളുപ്പമുള്ള സമ്പ്രദായങ്ങളെപ്പോലെ അത് നിങ്ങളെ അത്രയും ധനവാനാക്കില്ല.

(2) മുമ്പു നിലവിലില്ലാതിരുന്ന എന്തെങ്കിലും കണ്ടുപിടിക്കുക. ഒരു പുതിയ കണ്ടുപിടിത്തം എന്നത് (അറിയപ്പെടുന്ന) വസ്തുക്കളുടെ പുതിയ വിന്യാസമാണ് – പുതിയതും വ്യത്യസ്തവുമായ, എന്തെങ്കിലും ഒന്നായുള്ള വിന്യാസം. (ഉദാഹരണം : അലക്സാണ്ടര്‍ ഗ്രഹാംബല്‍, ടെലിഫോണ്‍ കണ്ടുപിടിച്ചത്.)

ടെലിഫോണോ റേഡിയോയോ ടെലിവിഷനോ പെട്രോള്‍ എന്‍ജിനോ അല്ലെങ്കില്‍ നാഗരികതയ്ക്കു മാറ്റം വരുത്തുന്ന ഏതെങ്കിലും കണ്ടുപിടിത്തമോ ആകണമെന്നില്ല. നിങ്ങള്‍ക്കു ചുറ്റും നോക്കുക. ഓരോ ഉല്പന്നവും (ആ ഉല്പന്നം നിര്‍മ്മിച്ച ഓരോ സമ്പ്രദായവും) ഒരു കണ്ടുപിടിത്തമാണെന്നു നിങ്ങള്‍ക്ക് ബോദ്ധ്യമാവും. മൂലരൂപത്തില്‍, കണ്ടുപിടിക്കപ്പെട്ട ഏതെങ്കിലും സമ്പ്രദായത്തിലൂടെ എന്തെങ്കിലും മാറ്റം വരുത്താത്ത, ഉല്‍പന്നങ്ങള്‍ ഇല്ലെന്നുതന്നെ പറയാം.

സ്വന്തം ഭാവന ഉപയോഗിക്കുന്നവര്‍ക്കും സര്‍ഗ്ഗപരമായി ചിന്തിക്കുന്നവര്‍ക്കും അനേകം കണ്ടുപിടിക്കാനാവും. കണ്ടുപിടുത്തത്തില്‍ മറ്റാരെക്കാളും മിടുക്കനായിരുന്ന എഡിസണ്‍ ആയിരക്കണക്കിന് കണ്ടുപിടുത്തങ്ങള്‍ നടത്തി. അവയില്‍ 1093 എണ്ണത്തിനു മാത്രമേ പേറ്റൻറ് വാങ്ങാന്‍ അദ്ദേഹം മെനക്കെട്ടുളളു.

എന്നാല്‍ നിങ്ങളൊരു എഡിസനോ ഫ്രാങ്കിലിനോ സ്റ്റീന്‍മെസോ ആകണമെന്നില്ല. നിങ്ങള്‍ കാണുകയോ ഉപയോഗിക്കുകയോ ചെയ്യുന്ന മിക്കവാറും എല്ലാ ഉല്പന്നവും ആരെങ്കിലും കണ്ടുപിടിച്ചതാണ് (കാരണം, മൂലരൂപത്തില്‍ ഉപയോഗിക്കപ്പെടുന്ന സാധനങ്ങള്‍ അപൂര്‍വ്വമാണ്).

ഓര്‍ക്കുക. നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം. ഇപ്പോള്‍ നിലവിലുള്ള വസ്തുക്കളുടെ ഒരു പുതിയ വിന്യാസം സങ്കല്‍പിക്കുക. പുതിയതും വ്യത്യസ്തവുമായ എന്തെങ്കിലുമായി മാറുന്ന ഒരു വിന്യാസം!

കഴിഞ്ഞ അദ്ധ്യായത്തില്‍ ആശയങ്ങള്‍ സ്പുരിപ്പിക്കാനുള്ള 61 ചോദ്യങ്ങള്‍ നിങ്ങള്‍ക്ക് തന്നിട്ടുണ്ട്. അവ നിങ്ങള്‍ പ്രയോഗത്തില്‍ വരുത്തിയാല്‍ – എന്തിനെപ്പറ്റിയുമാകട്ടെ…. ഏതിനെപ്പറ്റിയുമാകട്ടെ – ആശയ സ്ഫുരണത്തിന് സഹായകമാകും. അത് ലാഭകരമായ ആശയങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള മുന്നാമത്തെയും ഏറ്റവും എളുപ്പത്തിലുള്ളതുമായ സമ്പ്രദായത്തിലേക്കു നമ്മെ നയിക്കുന്നു:

(3) ഇപ്പോള്‍ നിലവിലുള്ളതിനെ നവീകരിക്കുക

ഒരു വ്യത്യസ്ത ഉല്പന്നമായോ, വസ്തുവായോ സമ്പ്രദായമായോ എന്താണെങ്കിലും – നിങ്ങള്‍ അതിനെ പൂര്‍ണ്ണമായും മാറ്റേണ്ടതില്ല. എന്നാല്‍ മാറ്റം മെച്ചപ്പെടുത്തിയ ഒന്നായിട്ടായിരിക്കണം.

നിങ്ങള്‍ക്കും ഏതൊരാള്‍ക്കും ചെയ്യാന്‍ കഴിയുന്നതാണിത്. അടിക്കടി അതു ചെയ്യുകയും വേണം!

എന്തെങ്കിലും (….. സകലതും!) രൂപാന്തരപ്പെടുത്തുന്നതിന്, മാറ്റുന്നതിന്, നവീകരിക്കുന്നതിന് – മനസ്സിന്റെ ‘പിന്നാമ്പുറത്ത്’ ജാഗ്രത – പ്രേരണ എല്ലായ്പ്പോഴും ഉണ്ടായിരിക്കണം. കാരണം, സകലതും മെച്ചപ്പെടുത്താന്‍ സാധിക്കും! ആരെങ്കിലും, (നിങ്ങള്‍?) നവീകരിക്കാന്‍വേണ്ടി, രൂപാന്തരപ്പെടുത്താന്‍ വേണ്ടി, മാറ്റംവരുത്താന്‍ വേണ്ടി ഒരാശയം സ്ഫുരിപ്പിക്കാന്‍ അതു കാത്തിരിക്കുകയാണ് – അതിനെ മെച്ചപ്പെടുത്തുന്ന രൂപാന്തരത്തിന്, അല്ലെങ്കില്‍ മാറ്റത്തിന് നവീകരണത്തിന്.

അത് എളുപ്പവും ലളിതവുമാണ്, നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം. 61 മാന്ത്രിക ചോദ്യങ്ങള്‍ ചോദിക്കുക. നിങ്ങള്‍ മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്ന എന്തിനും ഏതിനും. നിങ്ങളുടെ മനസ്സില്‍ നിരവധി അല്ലെങ്കില്‍ ഒട്ടേറെ ആശയങ്ങള്‍ സ്ഫുരിക്കുന്നതുവരെ. നിങ്ങളുടെ സര്‍ഗ്ഗാത്മക ഭാവന ആശയച്ചങ്ങല നിര്‍മ്മിക്കുന്നതുവരെ. ഉജ്ജ്വലമായ ഒരാശയം മറ്റൊന്നിനോട് ബന്ധിക്കുന്നു. അത് കൂടുതല്‍ പ്രയോജനപ്രദമായ മറ്റൊന്നിനോട് ബന്ധിക്കുന്നു….. അങ്ങനെ ആശയച്ചങ്ങല രൂപപ്പെടുന്നു. അടുത്ത അദ്ധ്യായങ്ങളില്‍ പറഞ്ഞിട്ടുള്ള പാഠങ്ങളിലൂടെ നിങ്ങളുടെ ഉപയോഗയോഗ്യത അനേകമടങ്ങു വര്‍ദ്ധിക്കുന്നു… നിങ്ങള്‍ കൂടുതല്‍ സമ്പന്നനാകുന്നു…. എളുപ്പത്തില്‍!

(തുടരും )

Share: