വിശുദ്ധിയുടെ സുഗന്ധം -രാജൻ പി. തൊടിയൂർ

എൻറെ നാട്…..
കൈതപ്പൂവിൻറെ നറുമണം നുകർന്നാണ് ഈ ഗ്രാമം ഉറക്കമുണരുന്നത്.
കൈതയോലകൾ ശ്രദ്ധയോടെ വെട്ടിയെടുക്കുന്ന സ്ത്രീകളും പെണ്കുട്ടികളും.
മുള്ളുകളുള്ള കൈതയോലക്കെട്ട് തലയിൽ ചുമന്ന് വീട്ടിലെത്തിച്ച് , അതിൻറെ വശങ്ങളിലെയും നടുവിലെയും മുള്ള് ചീന്തിക്കളഞ്ഞു , വെള്ളത്തിൽ തിളപ്പിച്ചടുത്തു ഉണക്കി വെളുപ്പിച്ച് തഴപ്പായ് ഉണ്ടാക്കി ഉപജീവനം നടത്തുന്നവരുടെ ഗ്രാമം.
തൊടിയൂരും തഴവയും വേർപിരിഞ്ഞത് ഒരു ഗ്രാമീണ വഴിത്താരയുടെ വരവോടെയാണ്. ഒരുവശം തൊടിയൂർ . മറുവശം തഴവ.
ഗ്രാമവിശുദ്ധിയുടെ സുഗന്ധമാണ് കൈതപ്പൂ പകർന്നു തന്നത്.
ഓണാട്ടുകരയുടെ വയലേലകൾ.
ചെറിയ തോടുകൾ. അതിലെ പരൽ മീനുകൾ.
പുഞ്ചയും കായലും ക്ഷേത്രങ്ങളും പള്ളികളും ചേർന്ന സ്നേഹ-സൗഹൃദത്തിന്റെ പ്രതീകം.
മതിലുകളില്ലാത്ത ഗ്രാമ ജീവിതം, ഹൃദയങ്ങളിലും മതിലുകൾ തീർത്തില്ല.
ഞങ്ങൾ , തൊടിയൂരിൽ ജനിച്ചവരും പഠിച്ചതും കളിച്ചു വലർന്നതും തഴവ എ വി എച് എസ്സിൻറെ വിശാലമായ മണല്പരപ്പിലാണ് .
ചെറുതോടുകളുടെ കളകളാരവവും കൈതചെടികളുടെ മർമ്മരവും ഈ ഗ്രാമത്തെ നാടൻ കലകളുടെയും സംഗീതത്തിന്റെയും കഥകളിയുടെയും ഈറ്റില്ലമാക്കി. പുത്തൻ വീട്ടിൽ പടീറ്റതിലെ ഗായകരും സംഗീതജ്ഞരും കഥകളി വിദ്വാൻമാരും കലയുടെ മഹത്വം പാടി പഠിപ്പിച്ചവർ കൂടിയാണ്. ചവറ പാറുക്കുട്ടിയുടെയും കൊച്ചു ഗോവിന്ദൻ ഭാഗവതരുടെയും തഴവ ശിവജിയുടെയും കണ്ടശ്ശേരി തമ്പാൻറെയുമൊക്കെ തായ് വേരുകൾ തൊടിയൂരിലാണ് .
മാലുമേൽ ഭദ്രകാളി ക്ഷേത്രത്തിലെ കെട്ടുകാഴ്ചയും ഇടക്കുളങ്ങരയിലെ ദുർഗാപൂജയും അപ്പിചേത്ത് അമ്പലത്തിലെ മുടിപ്പേച്ചും തൊടിയൂരിന്റെ സംസ്കൃതിയുടെ ഭാഗമാണ്.
ഒരു പക്ഷെ, കേരളത്തിലെ ഉത്സവ കാഴ്ചകളിൽ ഏറ്റവും ഉയരം കൂടിയ കെട്ടുകുതിരകൾ മാലുമേൽ ദേവി ക്ഷേത്രത്തിൻറെ വിശാലമായ കളിപ്പറമ്പിൽ വിഷുവിന് ഒത്തു ചേരുമ്പോൾ ഗ്രാമീണരുടെ പുതുവർഷം പൂവണിയുകയാണ് . ഉത്സവത്തിമിർപ്പിൽ ആടുകയും പാടുകയും കൂത്താടുകയും ചെയ്യുന്നവർ തഴവ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ കൂടി എത്തിയ ശേഷമേ ആഹ്ലാദത്തോടെ മടങ്ങാറുള്ളു .
കമ്മ്യുണിസ്റ്റ് ചരിത്രത്തിലെ ശൂരനാട് സംഭവത്തിന് ശക്തി പകർന്ന വിപ്ലവകാരികൾക്കും ശൂരനാട്ടു കുഞ്ഞൻ പിള്ളയുടെ വിദ്വൽ സദസുകൾക്കും തൊടിയൂരിൻറെ കൈതപ്പൂമണമുണ്ട്. തഴവ കേശവനും പി. ഉണ്ണികൃഷ്ണ പിള്ളയും തൊടിയൂരിൻറെ സാമൂഹിക സാംസ്കാരിക വളർച്ചയിൽ പങ്കാളികളായി.
മതിലുകൾ ഈ ഗ്രാമത്തിലും ഉയർന്നു വരുമ്പോഴും മനുഷ്യ മനസ്സിൽ വിശ്വാസങ്ങളുടെ മതിലുകൾ ഉണ്ടാകുന്നില്ല എന്നത് ഈ ഗ്രാമത്തിൻറെ അനുഗ്രഹം.
മനുഷ്യനന്മയുടെ ഒരുപാട് തുരുത്തുകൾ ഇവിടെ ജന്മം കൊള്ളുന്നു.
സ്നേഹത്തിൻറെയും സൗഹൃദത്തിൻറെയും ദീപ്ത മനസ്സുകൾ.
ഹിന്ദു-മുസ്ലിം- ക്രിസ്ത്യൻ ഐക്യത്തിൻറെ ഉണർത്തു പാട്ടുകൾ.
അക്ഷരങ്ങളെയും പുസ്തകങ്ങളെയും മനസ്സിൽ തലോലിച്ചവർ തുടങ്ങി വെച്ച വായനശാലകൾ.
മഹാദേവ ദേശായിയും രബീന്ദ്രനാഥ ടാഗോറും തകഴിയുമൊക്കെ ഇവിടെ ഉണർന്നിരിക്കുന്നു.
തോപ്പിൽ ഭാസിയും കാമ്പിശ്ശേരി കരുണാകരനും തഴവ കെ പി ഗോപാലനും നടന്നു പോയ വഴിത്താരകൾ.
കൈതപ്പൂ ഗന്ധത്തോടൊപ്പം അക്ഷരപ്പൂക്കളും.
പുതിയ തലമുറക്കായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉയരുന്നു.
കലാകാരന്മാരും പാട്ടുകാരും നവമാധ്യമങ്ങളിൽ നിറയുന്നു.
പുത്തൻ സംസ്കൃതിയുടെ പൂവിളി ഈ ഗ്രാമത്തിലും!!!
നിഴൽ വീണ വഴിത്താരകൾ .
മാനം മുട്ടെ ഉയർന്നു നിൽക്കുന്ന വലിയ ആഞ്ഞിലി മരത്തിനോട് തൊട്ടു ചേർന്ന് തണൽ വിരിച്ച് നിൽക്കുന്ന സുന്ദരി മരം . അതും ആഞ്ഞിലി.
പക്ഷെ ഞങ്ങൾ അതിനെ സുന്ദരി എന്ന് വിളിച്ചു .
അവൾ ഞങ്ങളെ കാണുംപോൾ ചില്ലകളാട്ടി സ്വാഗതം ചെയ്തു .
പഴുത്ത ആഞ്ഞിലി ചക്ക യഥേഷ്ടം പൊഴിച്ചു തന്നു.
രാത്രി മുഴുവൻ ഞങ്ങൾ കഥ പറഞ്ഞിരുന്നത് അവളും കേട്ടു.
മദ്യപാന സദസ്സുകൾ അവളും കണ്ടു.
പാട്ട് പാടിയത്…
പരദൂഷണം പറഞ്ഞത്…
നിശബ്ദം കരഞ്ഞ് കണ്ണീരൊഴുക്കിയത് അവളും അറിഞ്ഞു.
ഒഴുക്കിനെതിരെ നീന്തിയ പരൽ മീനുകൾക്കും മണ്ണിൽ പുതഞ്ഞ വെള്ളാരം കല്ലുകൾക്കും മീതെ ഗ്രാമ വിശുദ്ധിയുടെ പഴം പുരാണങ്ങൾ.
വെള്ളാരം കല്ലിനു പറയാൻ ഒരുപാട് കഥകളുണ്ട് .
കിന്നാരങ്ങൾ.
ഒരായിരം പൂമൊട്ടുകൾ ഒഴുകിപ്പോയ കഥ.
കരിയിലകൾ കണ്ണീരിൽ കുതിർന്ന കദനം…. മൂളാതെ പോയ പാട്ടുകൾ.
പെയ്തിറങ്ങിയ മഴത്തുള്ളികൾ ഭൂമി മാതാവിന് കുളിരായി കടലിൽ വിലയം കൊണ്ട സംഭവങ്ങൾ …
പിന്നേയും എന്തൊക്കെയോ പറയാനുണ്ട്…..
ചിത്രം : അപ്പിച്ചേത്ത് ദേവി ക്ഷേത്രം
(തുടരും)






