വെള്ളാരം കല്ലിനു കിന്നാരം -രാജൻ പി. തൊടിയൂർ

വെള്ളാരം കല്ലിനു മീതെ സൗപർണ്ണിക ഒഴുകിയിറങ്ങി.
മലമുകളിലെ പച്ചില പടർപ്പുകളിലൂടെ …വശങ്ങളെ തഴുകി ഉണർത്തി …
ഉരുളൻ വെള്ളാരം കല്ലുകളുടെ നിമ്നോന്നതകളിലൂടെ ഒഴുകുമ്പോൾ സൗപർണ്ണികയുടെ കിലുകിലാരവം ബാക്കി …ഒരു കിന്നാരമായി.
സൗപർണ്ണികയുടെ കഥ പറഞ്ഞു തന്നത് ആനന്ദക്കുട്ടൻ സാറാണ്.
എത്രയോ വർഷങ്ങൾ മുൻപ്!
“ആദിശങ്കരൻ ഹിമാലയത്തിൽ നിന്നും മഹാലക്ഷ്മി, മഹാകാളി, മഹാസരസ്വതി ഐക്യരൂപ സ്വരൂപിണിയായ ശ്രീമൂകാംബിക ദേവിയുമായി കേരളത്തിലേക്ക് വരികയാണ്.
ശങ്കരൻറെ ക്ഷണം സ്വീകരിക്കുമ്പോൾ ദേവി ഒരു വ്യവസ്ഥ വെച്ചിരുന്നു.
“ഞാൻ പിന്നലെയുണ്ടാകും. തിരിഞ്ഞു നോക്കരുത്.”
ശങ്കരൻ സമ്മതിച്ചു.
അവർ കേരളത്തിലേക്ക് നടന്നു.
ദേവി പിന്നാലെ ഉണ്ടെന്നറിയാൻ ശങ്കരൻ പാദസരത്തിന്റെ ശബ്ദം കാതോർത്തു.
സൗപർണ്ണിക കുറുകെ കടക്കുമ്പോൾ ശബ്ദം കേൾക്കാനില്ല.
ദേവി എവിടെ?
ശങ്കരൻ തിരിഞ്ഞുനോക്കി.
ദേവി പിന്നാലെ നദിയിൽ ഇറങ്ങി വരുന്നു.
കാല് വെള്ളത്തിലായതിനാലാണ് ശബ്ദം കേൾക്കാതിരുന്നതെന്ന് ശങ്കരനു വ്യക്തമായി.
വാക്ക് തെറ്റിച്ച ശങ്കരനോട് ദേവി പറഞ്ഞു .
” ഇവിടെ , ഇവിടെവരെ മാത്രം ”
ശങ്കരൻ ദേവിയെ അവിടെ പ്രതിഷ്ഠിച്ചു; മൂകാംബികയിൽ.
കഥ പറയുന്നതിൽ ആനന്ദക്കുട്ടൻ സാറിന് പ്രത്യേക വൈഭവം.
തെളിഞ്ഞ ചിരിയുമായി ആനന്ദക്കുട്ടൻ സാർ ഭദ്രാഞ്ജലിയിലേക്ക് വിളിച്ചുകയറ്റുന്നത് ഒരു പൊട്ടിച്ചിരിയുടെ ശബ്ദഘോഷത്തിലൂടെ ആയിരിക്കും.
ഒരു കാലഘട്ടം മുഴുവൻ മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്ത
പ്രഫ. ആനന്ദക്കുട്ടൻ നായർ എന്ന ആനന്ദക്കുട്ടൻ.
അദ്ദേഹം ജീവിതത്തിൻറെ ഭാഗമായി മാറുകയായിരുന്നു.
ആയിരത്തി തൊള്ളായിരത്തിഎഴുപതു മുതൽ.
അദ്ദേഹം പറഞ്ഞു: മൂകാംബികയിൽ പോകണം. ദേവിയെ മനസ്സിൽ കരുതണം, എപ്പോഴും.
(തുടരും )
ചിത്രം: മൂകാംബികയിൽ
rajan@careermagazine.in






