മലയാള ഭാഷാപഠനം നിര്‍ബന്ധമാക്കി
സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകളിലും സ്വകാര്യ, -സര്‍ക്കാര്‍ ഭേദമോ സിലബസ് വ്യത്യാസമോ ഇല്ലാതെ പത്താം തരംവരെ മലയാള ഭാഷാപഠനം നിര്‍ബന്ധമാക്കിയുള്ള ഓര്‍ഡിനന്‍സിന് ഗവർണർ അംഗീകാരം നൽകി. അടുത്ത അധ്യയന വര്‍ഷം ഇത് നിലവില്‍ വരും.കേരളത്തിലെ സര്‍ക്കാർ, എയ്ഡഡ്, അണ്‍എയ്ഡഡ്, സ്വാശ്രയ വിദ്യാലയങ്ങള്‍ക്കും സംസ്ഥാന, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ തുടങ്ങിയ സിലബസ് പ്രകാരം പഠിപ്പിക്കുന്ന വിദ്യാലയങ്ങള്‍ക്കും നിയമം ബാധകമാണ്. നിയമത്തില്‍ പറയാത്ത സിലബസുകളിൽ അധ്യയനം നടത്തുന്നുണ്ടെങ്കിലും മലയാളം നിര്‍ബന്ധമായിരിക്കും.
സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ മലയാളം സംസാരിക്കുന്നതിന് പ്രത്യക്ഷമായോ പരോക്ഷമായോ വിലക്ക് ഏര്‍പ്പെടുത്താന്‍ പാടില്ല. മറ്റേതെങ്കിലും ഭാഷയേ സംസാരിക്കാവൂ എന്ന് നിര്‍ദേശിക്കുന്ന ബോര്‍ഡുകളോ നോട്ടീസുകളോ പ്രചാരണമോ പാടില്ലെന്നും നിയമം നിര്‍ദേശിക്കുന്നു. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ മുതലായ ബോര്‍ഡുകളുടെ കീഴിെല വിദ്യാലയങ്ങള്‍ക്ക് നിരാക്ഷേപ പത്രം (എൻ.ഒ.സി) നല്‍കുന്നതിന് നിര്‍ബന്ധിത മലയാള ഭാഷാപഠനം വ്യവസ്ഥ ചെയ്യും. മലയാളം പഠിപ്പിക്കാത്ത വിദ്യാലയങ്ങളുടെ എൻ.ഒ.സി റദ്ദാക്കും.
കേരള വിദ്യാഭ്യാസ നിയമ പ്രകാരം അണ്‍എയ്ഡഡ് സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കുന്നതിന് മലയാള ഭാഷാ പഠനം നിര്‍ബന്ധമായിരിക്കും. വ്യവസ്ഥകള്‍ ലംഘിക്കുന്ന വിദ്യാലയങ്ങളിലെ പ്രധാന അധ്യാപകര്‍ക്ക് 5000 രൂപ പിഴ ചുമത്തും. നിയമം ലംഘിക്കുന്ന വിദ്യാലയങ്ങളുടെ അംഗീകാരം റദ്ദാക്കാം.ഇതര സംസ്ഥാനങ്ങളില്‍നിന്നും വിദേശ രാജ്യങ്ങളില്‍നിന്നും കേരളത്തില്‍ വന്ന് പഠനം തുടരുന്ന വിദ്യാര്‍ഥികള്‍ക്ക് അതത് ക്ലാസുകളിലെ പാഠ്യപദ്ധതി പ്രകാരം മലയാളം പഠിക്കാന്‍ സാധ്യമാകാത്ത സാഹചര്യമുണ്ടെങ്കില്‍ അത്തരം വിദ്യാര്‍ഥികളെ 10ാംതരം മലയാള ഭാഷാ പരീക്ഷയില്‍നിന്ന് ഒഴിവാക്കും. ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് മാത്രമായുള്ള സ്കൂളുകളില്‍ മലയാളം പഠിക്കാന്‍ താൽപര്യമുള്ള കുട്ടികള്‍ക്ക് അതിനാവശ്യമായ സൗകര്യവും ചെയ്തുകൊടുക്കും.