സിമാറ്റ് -ജനുവരി 28, 29 തീയതികളില്‍
ഓള് ഇന്ത്യാ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജൂക്കേഷന്‍ അംഗീകാരമുള്ള ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും സര്‍വകലാശാലാ ഡിപ്പാര്‍ട്ടുമെന്റുകളിലും മാനേജ്മെന്റ് കോഴ്സ് പ്രവേശനത്തിനുള്ള കോമണ്‍ മാനേജ്മെന്റ് അഡ്മിഷന് ടെസ്റ്റിന് (സിമാറ്റ്) അപേക്ഷ ക്ഷണിച്ചു.
മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയാണ് സിമാറ്റ്. ക്വാണ്ടിറ്റേറ്റീവ് ടെക്നിക്സ്, ലോജിക്കല്‍ റീസണിംഗ്, ലാംഗ്വേജ് കോംപ്രിഹെന്ഷന്, ജനറല്‍ അവയര്‍നെസ് എന്നിവയാണ് പരീക്ഷിക്കപ്പെടുക.
ജനുവരി 28, 29 തീയതികളില്‍ പരീക്ഷ നടക്കും. രാവിലെ 9.30 മുതല്‍ 12.30 വരെയാണ് സിമാറ്റ്. ബിരുദധാരികള്‍ക്കും അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. ഓണ്‍ലൈനായി ഡിസംബര്‍ 10-നകം അപേക്ഷിക്കണം. കേരളത്തില്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രങ്ങള്‍ ഉള്ളത്. അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 1400 രൂപ. പട്ടികജാതി-വര്‍ഗക്കാര്‍ക്ക് 700 രൂപ.
കേരള സാങ്കേതിക സര്‍വകലാശാല, കൊച്ചി ശാസ്ത്ര സാങ്കേതിക യൂണിവേഴ്സിറ്റി (കുസാറ്റ്) എന്നിവിടങ്ങളിലേത് ഉള്‍പ്പെടെ കേരളത്തിലെ പ്രമുഖ സ്ഥാപനങ്ങള്‍ സിമാറ്റ് വഴി അഡ്മിഷന് നടത്താനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്. മാര്‍ക്കറ്റിങ്, ഫിനാന്‍സ്, സിസ്റ്റംസ് ആന്‍ഡ് ഓപ്പറേഷന്‍സ്, ഹ്യൂമന്‍ റിസോഴ്സ് എന്നീ സ്പെഷലൈസേഷനോടു കൂടിയ എം.ബി.എ. പ്രോഗ്രാമുകള്‍ക്കു പുറമേ ഇന്റര്‍നാഷണല്‍ ബിസിനസ്, ട്രാവല്‍ ആന്‍ഡ് ടൂറിസം എന്നിവയിലും കുസാറ്റ് ബിരുദാനന്തര ബിരുദ മാനേജ്മെന്റ് പ്രോഗ്രാം നടത്തുന്നുണ്ട്.
ക്വാണ്ടിറ്റേറ്റീവ് ടെക്നിക്സ് ആന്‍ഡ് ഡാറ്റാ ഇന്റര്‍പ്രെറ്റേഷന്‍-100 മാര്‍ക്ക്, ലോജിക്കല്‍ റീസണിംഗ്-100 മാര്‍ക്ക്, ലാംഗ്വേജ് കോംപ്രിഹെന്ഷന്-100 മാര്‍ക്ക്, ജനറല്‍ അവയര്‍നെസ്-100 മാര്‍ക്ക് എന്നിങ്ങനെയാണ് സിമാറ്റിന്റെ ഘടന. നെഗറ്റീവ് മാര്‍ക്കുണ്ട്. ശരി ഉത്തരത്തിന് നാലു മാര്‍ക്കു ലഭിക്കുമ്പോള്‍ തെറ്റിന് ഒരു മാര്‍ക്ക് കുറയ്ക്കും.
ഡിസംബര്‍ 15 മുതല്‍ മാതൃകാപരീക്ഷയ്ക്കുള്ള സൗകര്യം വെബ്സൈറ്റില്‍ ലഭിക്കും. വിവരങ്ങള്‍ക്ക്: ഹെല്പ് ലൈന്‍ നമ്പര്‍: 02266258304. www.aicteinida.org