പരീക്ഷാ പരിശീലനത്തിന് ധനസഹായം
മെഡിക്കൽ/എൻജിനിയറിംഗ്, സിവിൽ സർവീസസ്, യുപിഎസ്സി,പിഎസ്സി തുടങ്ങിയവ നടത്തുന്ന മത്സര പരീക്ഷകൾക്കു പരിശീലനം നേടുന്നതിന് സംസ്ഥാന മുന്നോക്ക സമുദായ ക്ഷേമ കോർപറേഷൻ സഹായം നൽകും.
രക്ഷകർത്താക്കളുടെ വാർഷിക വരുമാനം നാലര ലക്ഷം രൂപയിൽ കവിയരുത്. ഓൺലൈൻ ഡാറ്റാ ബാങ്കിൽ രജിസ്റ്റർ ചെയ്ത ശേഷം വേണം അപേക്ഷിക്കാൻ. അവസാന തീയതി ഡിസംബർ ഏഴ്.
മെഡിക്കൽ/എൻജിനിയറിംഗ് പ്രവേശന പരീക്ഷാ പരിശീലനത്തിന് ബിരുദതലത്തിലും ബിരുദാനന്തര ബിരുദ തലത്തിലും സ്കോളർഷിപ് ലഭിക്കും. ബിരുദതലത്തിൽ അപേക്ഷിക്കുന്നവർ എസ്എസ്എൽസി, പ്ലസ്ടു തലത്തിൽ 70 ശതമാനം മാർക്ക് നേടിയിരിക്കണം.
പ്രായം 2018 നവംബർ ഒന്നിന് 20 വയസ് കവിയരുത്.
60 ശതമാനം മാർക്ക് നേടിയ ബിരുദധാരികൾക്ക് ബിരുദാനന്തര ബിരുദതലത്തിൽ അപേക്ഷിക്കാം.നിലവാരമുള്ള പരിശീലന സ്ഥാപനങ്ങളിൽ പഠിച്ചുകൊണ്ടിരിക്കുന്നവരായിരിക്കണം അപേക്ഷകർ. ഒടുക്കിയ ഫീസ് തിരികെ നൽകുന്ന രീതിയിൽ പരമാവധി 10000 രൂപ വരെ സഹായം ലഭിക്കും. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ ടെക്നോജിയുടെ Easy Entrance സിഡി വാങ്ങിയവർക്കും പദ്ധതി മുഖേന സഹായം ലഭിക്കും.
സിവിൽ സർവീസസ് പ്രിലിമിനറി കോഴ്സിനു പരിശീലനം നേടുന്ന 40 പേർക്ക് 15000 രൂപ വീതവും മെയിൻ കോഴ്സിന് 20 പേർക്ക് 25000 രൂപ വീതവും ലഭിക്കും. കുറഞ്ഞ വരുമാന പരിധിയിൽപ്പെടുന്നവർക്കു മുൻഗണന നൽകിക്കൊണ്ടായിരിക്കും ധനസഹായം ലഭ്യമാക്കുക.
ബാങ്ക്, യുപിഎസ്സി, പിഎസ്സി, മറ്റു മത്സരപരീക്ഷകൾക്കു പരിശീലനം നേടുന്ന 1433 പേർക്ക് 6000 രൂപ വീതമാണു നല്കുക. അതതു മത്സര പരീക്ഷകൾക്കുള്ള യോഗ്യത നേടിയവരും നിലവാരമുള്ള സ്ഥാപനങ്ങളിൽ പരിശീലനം നേടുന്നവരും 36 വയസിൽ താഴെ പ്രായമുള്ളവരുമായിരിക്കണം അപേക്ഷകർ.