ഹയർസെക്കൻഡറി പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു
ഹയർസെക്കൻഡറി പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ ഏകജാലക സംവിധാനത്തിലൂടെ ഓൺലൈനായി സമർപ്പിക്കാനുള്ള സൗകര്യം മേയ് എട്ടിന് ഉച്ചക്കുശേഷം പ്രവർത്തിച്ചു തുടങ്ങും.ഓൺലൈനായി സമർപ്പിക്കുന്ന അപേക്ഷയുടെ രണ്ട് പേജുള്ള പ്രിൻറൗട്ടും അനുബന്ധ രേഖകളും ജില്ലയിലെ ഏതെങ്കിലും ഒരു സർക്കാർ/എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളിൽ വെരിഫിക്കേഷന് സമർപ്പിക്കാനുള്ള അവസാന തീയതി മേയ് 22 ആണ്.
ഓൺലൈനായി അപേക്ഷ അന്തിമമായി സമർപ്പിച്ചശേഷം ഏതെങ്കിലും തരത്തിലുള്ള തെറ്റുകൾ കണ്ടെത്തിയാൽ ഓൺലൈൻ അപേക്ഷയുടെ പ്രിൻറൗട്ടും അനുബന്ധ രേഖകളും വെരിഫിക്കേഷന് വേണ്ടി സമർപ്പിച്ച സ്കൂൾ പ്രിൻസിപ്പലിനെ അറിയിച്ച് തിരുത്താമെന്നും ഹയർസെക്കൻഡറി ഡയറക്ടർ അറിയിച്ചു.
അപേക്ഷ ഓൺലൈനായി സമർപ്പിക്കാൻ കമ്പ്യൂട്ടർ ലാബ്/ഇൻറർനെറ്റ് സൗകര്യവും മറ്റു മാർഗനിർദേശങ്ങളും നൽകാൻ സ്കൂൾതലത്തിൽ ഹെൽപ് ഡെസ്കുകൾ സംസ്ഥാനത്തെ എല്ലാ സർക്കാർ/ എയ്ഡഡ് ഹയർസെക്കൻററി സ്കൂളുകളിലും അതത് പ്രിൻസിപ്പൽമാരുടെ നേതൃത്വത്തിൽ സജ്ജമാക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ www.hscap.kerala.gov.in ലഭിക്കും .